അമിത അളവിൽ ‘എനർജി ഡ്രിങ്ക്സ്’ കുടിച്ച 16കാരൻ മരിച്ചു
text_fieldsമനാമ: അമിത അളവിൽ എനർജി ഡ്രിങ്ക്സ് കുടിച്ചതിനെ തുടർന്ന് ബഹ്‌റൈനിൽ 16 വയസ്സുകാരൻ മരിച്ചു. മുഹറഖ് ഗവർണറേറ്റിലാണ് സംഭവം. രക്തയോട്ടം നിലച്ചതാണ് മരണകാരണമെന്ന് ഫോറൻസിക് റിപ്പോർട്ട് സ്ഥിരീകരിച്ചു. രണ്ട് കുപ്പി എൻർജി ഡ്രിങ്ക്സ് ആണ് കുട്ടി കുടിച്ചത്. കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നതെന്ന് കുട്ടിയുടെ പിതാവ് പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. കുട്ടിക്ക് പെട്ടെന്ന് രക്തയോട്ടം നിലച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തങ്ങളുടെ മകൻ ഇത്തരം പാനീയങ്ങൾ ഉപയോഗിച്ചിരുന്നതായി അറിയില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം പാനീയങ്ങളുടെ അപകടസാധ്യതകളെക്കുറിച്ച് മാതാപിതാക്കൾ കുട്ടികൾക്ക് മുന്നറിയിപ്പ് നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വിഷയത്തിൽ അടുത്ത പാർലമെന്റ് സെഷനിൽ ചർച്ച നടത്തുമെന്ന് എം.പി ഖാലിദ് ബു അനക് അറിയിച്ചു. ആരോഗ്യ മന്ത്രാലയവുമായി ഇത് സംബന്ധിച്ച് സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.
'എനർജി ഡ്രിങ്കുകളുടെ' അമിത ഉപയോഗം ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയും, അത് രക്തചംക്രമണ തകർച്ചയിലേക്ക് നയിക്കുകയും ചെയ്തതാകാമെന്നാണ് ഫോറൻസിക് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. എനർജി ഡ്രിങ്കുകളിലെ ഉയർന്ന അളവിലുള്ള കഫീൻ, ടോറിൻ പോലുള്ള ഘടകങ്ങൾ ഹൃദയമിടിപ്പ് വർധിപ്പിക്കാനും ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവരിൽ അപകടസാധ്യത കൂട്ടാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

