ബഹ്റൈനിൽ 29 കിലോ മയക്കുമരുന്നുമായി 15 പേർ പിടിയിൽ
text_fieldsമയക്കുമരുന്നുമായി പിടിയിലായവർ
മനാമ: ബഹ്റൈനിൽ 29 കിലോഗ്രാം മയക്കുമരുന്ന് കടത്താനും കൈവശം വെക്കാനും ശ്രമിച്ചതിന് 15 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 1,35,000 ബഹ്റൈൻ ദീനാറിലധികം മൂല്യം വരും. 21നും 33നും ഇടയിൽ പ്രായമുള്ള, വിവിധ രാജ്യക്കാരായ 15 പേരെയാണ് അറസ്റ്റ് ചെയ്തത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസിലെ മയക്കുമരുന്ന് നിയന്ത്രണ വിഭാഗം, കസ്റ്റംസ് അഫയേഴ്സ്, എയർ കാർഗോ വിഭാഗങ്ങളുമായി സഹകരിച്ച് നടത്തിയ വിവിധ ഓപറേഷനുകളിലാണ് ഈ നേട്ടം കൈവരിച്ചത്. അറസ്റ്റ് ചെയ്തവരിൽനിന്ന് മൊത്തം 29 കിലോഗ്രാം വരുന്ന മയക്കുമരുന്നാണ് അധികൃതർ പിടിച്ചെടുത്തത്. മയക്കുമരുന്ന് വിൽപനയും കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ച ഉടൻതന്നെ വിശദമായ അന്വേഷണങ്ങളും വിവരശേഖരണവും തെളിവെടുപ്പും നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിയാനും പിടികൂടാനും സാധിച്ചത്. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. മയക്കുമരുന്ന് ശൃംഖലകളെ തകർക്കുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും അധികൃതർ പ്രതിജ്ഞബദ്ധരാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

