സീസണിൽ ക്രൂയിസ് കപ്പൽ വഴി രാജ്യത്തെത്തിയത് 1,40,100 വിനോദസഞ്ചാരികൾ
text_fieldsക്രൂയിസ് കപ്പൽ വഴി ബഹ്റൈനിലെത്തിയ യാത്രക്കാർ
മനാമ: 2024-2025 സീസൺ അവസാനിച്ചപ്പോൾ ക്രൂയിസ് കപ്പൽ വഴി രാജ്യത്തെത്തിയത് 1,40,100 വിനോദസഞ്ചാരികൾ. മുൻ സീസണെ അപേക്ഷിച്ച് 15 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയതെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) അറിയിച്ചു.
ഈ കാലയളവിൽ രാജ്യത്തുടനീളമുള്ള ഹോട്ടലുകളിലും റിസോർട്ടുകളിലും താമസക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണുണ്ടായത്. 2024 നവംബർ മുതൽ 2025 ഏപ്രിൽ വരെ നീണ്ട സീസണിൽ 40 ക്രൂയിസ് കപ്പലുകലാണ് രാജ്യത്തെത്തിയതെന്ന് ബി.ടി.ഇ.എയിലെ പ്രോജക്ട്സ് ആൻഡ് റിസോഴ്സസ് ഡെപ്യൂട്ടി സി.ഇ.ഒ. ഡാന ഒസാമ അൽ സാദ് പറഞ്ഞു.
ബഹ്റൈന്റെ ടൂറിസം നയം മുന്നോട്ടു കൊണ്ടുപോകുന്നതിനൊപ്പം സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഈ സീസൺ സംഭാവന നൽകുകയും റീട്ടെയിൽ, ഗതാഗതം, സേവനങ്ങൾ എന്നിവയുൾപ്പെടെ പ്രധാന മേഖലകളെ പിന്തുണക്കുകയും ചെയ്തെന്ന് അവർ അഭിപ്രായപ്പെട്ടു.
2025-26 ക്രൂയിസ് സീസണിനായുള്ള ഒരുക്കം ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ടെന്നും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും സമുദ്ര ടൂറിസം സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. കൂടാതെ, ഈ വർഷത്തെ സീസണിന്റെ വിജയത്തിനായി പ്രയത്നിച്ച ആഭ്യന്തര, ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയങ്ങൾ, എ.പി.എം ടെർമിനലുകൾ, ബഹ്റൈൻ (ഖലീഫ ബിൻ സൽമാൻ തുറമുഖത്തിന്റെ ഓപറേറ്റർ), ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസ് എന്നിവയുൾപ്പെടെ പൊതു-സ്വകാര്യ മേഖല പങ്കാളികൾ എന്നിവരുടെ പങ്കിനെയും അൽ സാദ് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

