നൂറ്റാണ്ടിന്റെ ചരിത്രവുമായി ബഹ്റൈനിലെ വെള്ളിത്തിര
text_fieldsമനാമ: പവിഴദ്വീപിൽ സിനിമാപ്രദർശനത്തിന് നൂറു വർഷം തികഞ്ഞു. ഇതോടനുബന്ധിച്ച് ശൈഖ് ഇബ്രാഹിം ബിൻ മുഹമ്മദ് ആൽ ഖലീഫ സെന്റർ ഫോർ കൾചർ ആൻഡ് റിസർച്ചിന്റെ ആഭിമുഖ്യത്തിൽ മുഹറഖിൽ ആഘോഷപരിപാടി സംഘടിപ്പിച്ചു. ബഹ്റൈനിലെ സിനിമയുടെ 100 വർഷത്തെ ചരിത്രം അനാവരണം ചെയ്യുന്നതായിരുന്നു ആഘോഷപരിപാടി.
1922ൽ മഹ്മൂദ് അൽ സാതി എന്ന വ്യാപാരിയാണ് ആദ്യമായി ബഹ്റൈനിൽ പ്രൊജക്ടർ കൊണ്ടുവന്ന് സിനിമാപ്രദർശനം ആരംഭിച്ചത്. മനാമയിലെ ഒരു കോട്ടേജിൽ ഒരുക്കിയ താൽക്കാലിക തിയറ്ററിൽ നിശ്ശബ്ദ ചിത്രമാണ് ആദ്യമായി കാഴ്ചക്കാർക്കു മുന്നിൽ പ്രദർശിപ്പിച്ചത്. 1937ൽ അബ്ദുല്ല അൽ സായിദ് ആദ്യ തിയറ്റർ സ്ഥാപിച്ചു. മേൽക്കൂരയില്ലാത്ത കെട്ടിടത്തിനകത്ത്, ഭിത്തികളിലൊന്ന് സ്ക്രീനാക്കിയാണ് പ്രദർശനം നടത്തിയിരുന്നത്.
1930കളിലും 40കളിലും ഈജിപ്തിൽനിന്നുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളാണ് പ്രധാനമായും പ്രദർശിപ്പിച്ചിരുന്നത്. ചില അമേരിക്കൻ സിനിമകളും പ്രദർശനത്തിനെത്തിയിരുന്നു. 1940കളുടെ തുടക്കത്തിൽ ബഹ്റൈൻ പെട്രോളിയം കമ്പനി (ബാപ്കോ) തങ്ങളുടെ ജീവനക്കാർക്കായി അവാലിയിൽ ഒരു സിനിമ തിയറ്റർ ആരംഭിച്ചു. 1958ൽ അവാലിയിലെതന്നെ മറ്റൊരു കെട്ടിടത്തിലേക്ക് മാറിയ തിയറ്റർ 1991ൽ അടച്ചുപൂട്ടി. 1950കളിലും 60കളിലുമായി പേൾ സിനിമ, അൽ ഹംറ സിനിമ, അൽ നാസർ സിനിമ, അവാൽ സിനിമ എന്നിങ്ങനെ എട്ടു പുതിയ തിയറ്ററുകൾ മനാമയിൽ പ്രവർത്തനമാരംഭിച്ചു.
ബഹ്റൈനിലെ വെള്ളിത്തിരബഹ്റൈനിലെ വെള്ളിത്തിര1955ൽ മുഹറഖിൽ അൽ ജസീറ എന്ന പേരിൽ തിയറ്റർ ആരംഭിച്ചു. മലയാളം ഉൾപ്പെടെ ഇന്ത്യൻ സിനിമകളും ക്രമേണ പ്രചാരം നേടി. ഇന്ന് വിവിധ ഭാഷകളിലെ സിനിമകൾ ബഹ്റൈനിലെ തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ തിയറ്ററുകളാണ് ഇപ്പോൾ സിനിമാപ്രേമികളെ സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

