കെ.എസ്.സി.എ മന്നം ജയന്തി ആഘോഷം ഫെബ്രുവരി 20ന് ഇന്ത്യൻ ക്ലബിൽ
text_fieldsകെ.എസ്.സി.എ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
മനാമ: കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (കെ.എസ്.സി.എ) മന്നം ജയന്തി ആഘോഷം ഫെബ്രുവരി 20ന് ഇന്ത്യൻ ക്ലബിൽ സംഘടിപ്പിക്കും. വൈകീട്ട് ആറു മുതൽ 11 വരെയായിരിക്കും പരിപാടി. ചടങ്ങിൽ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായി പങ്കെടുക്കും. ബഹ്റൈനിലെ കലാ, സാഹിത്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരാകും.
കെ.എസ്.സി.എ നൽകുന്ന വിശിഷ്ട അവാർഡുകൾ ഈ വേദിയിൽ സമ്മാനിക്കും. വിദ്യാഭ്യാസം, സാംസ്കാരികം, ജീവകാരുണ്യ മേഖലകളിൽ മികച്ച സംഭാവനകൾക്കും, ഗൾഫ് മേഖലയിലെ ബിസിനസ് രംഗത്തെ ശ്രദ്ധേയ നേട്ടങ്ങൾക്കും ബ്രോഡൻ കോൺട്രാക്ടിങ് കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. കെ.എസ്. മേനോനാണ് മന്നം അവാർഡ് - 2024ന് അർഹനായത്. ചടങ്ങിൽ അദ്ദേഹത്തിന് ഫലകം കൈമാറും. ജയപ്രകാശ് മേനോൻ ചെയർമാനായ നാലംഗ കമ്മിറ്റിയാണ് ഡോ. കെ.എസ്. മേനോനെ തിരഞ്ഞെടുത്തത്. ഡോ. ബിന്ദു നായർ, പ്രശാന്ത് കുമാർ, ചന്ദ്രമോഹൻ എടത്തല എന്നിവരായിരുന്നു മറ്റു ജൂറി അംഗങ്ങൾ.
വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ 75 വർഷമായി വിദ്യാ വെളിച്ചം പകർന്നുനൽകുന്ന ഇന്ത്യൻ സ്കൂൾ ബഹ്റൈനിന് ‘ഗ്യാൻ ദീപ് പുരസ്കാരം’ ലഭിക്കും. ആതുര സേവനത്തിന്റെ ഭാഗമായി പാവപ്പെട്ടവർക്ക് 32ഓളം വീടുകൾ പണിതുനൽകിയ അസോസിയേഷൻ എന്ന നിലയിൽ ബഹ്റൈൻ കേരളീയ സമാജത്തിന് ‘സേവാ രത്ന’ പുരസ്കാരവും ലഭിക്കും.
വിദ്യാഭ്യാസം, ബിസിനസ്, സാമൂഹിക സേവനം എന്നീ രംഗങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുള്ള സുജ ജെ.പി. മേനോൻ കർമശ്രീ പുരസ്കാരത്തിനും അർഹയായി. ഇന്ത്യയിലും ഗൾഫ് മേഖലയിലും ചെണ്ടയും സോപാന സംഗീതവും ഉൾപ്പെടെ ഇന്ത്യൻ വാദ്യകലയുടെ വിവിധ രൂപങ്ങൾക്ക് നൽകിയ ശ്രദ്ധേയമായ സംഭാവനകൾക്കുള്ള ‘വാദ്യ കലാശ്രീ’ പുരസ്കാരം സോപാനം ഗുരു, മേളരക്ന്ന സന്തോഷ് കൈലാസിനും ലഭിക്കും.
കൂടാതെ പുതുതായി തിരഞ്ഞെടുത്ത എക്സിക്യൂട്ടിവ് അംഗങ്ങളുടെയും, വനിത വിങ്ങിന്റെയും സ്ഥാനാരോഹണ ചടങ്ങും നടക്കും. തുടർന്ന് ബഹ്റൈനിലെ ഇന്ത്യൻ കലാകാരന്മാരടങ്ങുന്ന വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. സി കേരളം ടി.വി. ചാനലിലെ സ.രി.ഗ.മ.പ ഫെയിം സ്വർണ കെ.എസ്. നയിക്കുന്ന ഗാനമേളയും, ബഹ്റൈനിലെ കലാപ്രതിഭകൾ ചേർന്ന് അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടാകും.
രാജീവ് വെള്ളിക്കോത്ത്, സന്തോഷ് കൈലാസും സോപാനം ബഹ്റൈൻ സംഘവും നയിക്കുന്ന പഥലയം (മ്യൂസിക്കൽ ഫ്യൂഷൻ), കലാമണ്ഡലം ഗിരിജ മേനോൻ, കലാമണ്ഡലം ആവണി അർജുൻ, സിന്ധു ആർ.എൽ.വി, സൗമ്യ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള നൃത്തനൃത്യങ്ങളും അവതരിപ്പിക്കും.
ബഹ്റൈനിലെ ഇന്ത്യയിൽനിന്നുള്ള സാമൂഹിക സാംസ്കാരിക മേഖലകളിലുള്ള എല്ലാവരെയും ഈ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി കെ.എസ്.സി.എ പ്രസിഡന്റ് രാജേഷ് നമ്പ്യാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജനറൽ കൺവീനർ ഹരീഷ് മേനോൻ (ഫോൺ: 34153933), ജോയന്റ് കൺവീനർ പ്രശാന്ത് നായർ (ഫോൺ: 33279225) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.