വ്യോമയാന കമ്പനികൾക്ക് വി.ഐ.പി ടെർമിനൽ ബോളിവാഡ്
text_fieldsദുബൈ: ദുബൈ സൗത്തിൽ സ്ഥിതി ചെയ്യുന്ന മുഹമ്മദ് ബിൻ റാശിദ് ഏറോസ്പേസ് ഹബിൽ വി.ഐ.പി ടെർമിനൽ ബോളിവാഡ് നിർമിക്കുന്നു. വ്യോമയാന മേഖലയിൽ സേവനം ചെയ്യുന്ന കമ്പനികളുടെ കേന്ദ്രമെന്ന നിലയിലാണ് പുതിയ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മേഖലയിൽ ആവശ്യക്കാർ വർധിച്ച സാഹചര്യത്തിലാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഹബിലെ വി.ഐ.പി ടെർമിനലിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ബോളിവാഡിന് 769മീറ്റർ നീളമുണ്ടാകും. 2.04 ലക്ഷം ചതുരശ്ര മീറ്റർ വിസ്ത്രതിയിൽ റീടെയ്ൽ ഔട്ലെറ്റുകളും മറ്റു സൗകര്യങ്ങളും അടങ്ങിയ 16 കെട്ടിടങ്ങളാണ് ബോളിവാഡിലുണ്ടാവുക. അടുത്ത വർഷത്തോടെ ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പിലാക്കുക.
ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാനും ദുബൈ എയർപോർട്സ് ചെയർമാനും എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂമാണ് ബോളിവാഡ് സംബന്ധിച്ച് എക്സ് അക്കൗണ്ട് വഴി പ്രഖ്യാപിച്ചത്. ദുബൈ മുഹമ്മദ് ബിൻ റാശിദ് ഏറോസ്പേസ് ഹബിലെ ലോകോത്തര സൗകര്യങ്ങൾക്ക് മേന്മ വർധിപ്പിക്കുന്ന സുപ്രധാന പദ്ധതിയാകും വി.ഐ.പി ടെർമിനൽ ബോളിവാഡെന്ന് അദ്ദേഹം പറഞ്ഞു. മുൻനിര വ്യോമയാന കമ്പനികൾക്കും ആഡംബര ബ്രാൻഡുകൾക്കും വളരാൻ പുതിയ അവസരങ്ങൾ തുറക്കുന്നതും, അതേസമയം കമ്പനികളുടെ പ്രധാന ലക്ഷ്യസ്ഥാനവും ആഗോള വ്യോമയാന ഭൂപടത്തിലെ പ്രധാന കേന്ദ്രവുമെന്ന നിലയിൽ ദുബൈയിയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതുമാണ് പദ്ധതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബോളിവാഡിലെ ‘ഏവിയേഷൻ വൺ’ എന്നുപേരിട്ട ആറുനില കെട്ടിടത്തിന്‍റെ നിർമാണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇവിടെ ഏറ്റവും ആധുനികമായ രൂപകൽപനകളും പ്രവർത്തനപരമായ ലേഔട്ടുകളും അവതരിപ്പിക്കും.
ദുബൈ സൗത്തിന്റെ ഭാഗമായ ദുബൈ മുഹമ്മദ് ബിൻ റാശിദ് ഏറോസ്പേസ് ഹബ്, എയർലൈനുകൾ, സ്വകാര്യ ജെറ്റ് ഓപ്പറേറ്റർമാർ, എം.ആർ.ഒകൾ(മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ ദാതാക്കൾ), അനുബന്ധ വ്യവസായങ്ങൾ എന്നിവക്കുള്ള ഒരു ഫ്രീസോൺ കേന്ദ്രമാണ്. മെയിന്റനൻസ് സെന്ററുകൾ, പരിശീലന, വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവയും ഇവിടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

