സഅബീൽ പാർക്കിൽ ആവേശമായി ‘എമിറേറ്റ്സ് ലവ്സ് ഇന്ത്യ’ ഒഴുകിയെത്തിയത് പതിനായിരക്കണക്കിന് പ്രവാസികൾ
text_fieldsസഅബീൽ പാർക്കിൽ ‘എമിറേറ്റ്സ് ലവ്സ് ഇന്ത്യ’ പരിപാടിക്ക് എത്തിച്ചേർന്ന ജനക്കൂട്ടം
ദുബൈ: യു.എ.ഇയിലെ ഇന്ത്യൻ സമൂഹത്തിന്റെ ആഘോഷവേദിയായി സഅബീൽ പാർക്കിൽ നടന്ന ‘എമിറേറ്റ്സ് ലവ്സ് ഇന്ത്യ’ പരിപാടി. സഅബീൽ പാർക്കിൽ ആയിരക്കണക്കണക്കിന് പേരാണ് ഒത്തുചേർന്നത്.
വൈകുന്നേരംമുതൽ അർധരാത്രിവരെ നീണ്ട സംഗമത്തിൽ ദീപാവലി ആഘോഷമടക്കം വിവിധ പരിപാടികൾ നടന്നു. ഇന്ത്യൻ സംസ്കാരം, സംഗീതം, വിഭവങ്ങൾ എന്നിവയുടെ വർണാഭമായ പരിപാടി യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രബന്ധം പ്രദർശിപ്പിക്കുന്നതായിരുന്നു. യു.എ.ഇയുടെയും ഇന്ത്യയുടെയും നയതന്ത്രജ്ഞരും വ്യവസായ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ദുബൈ പൊലീസും ആഘോഷങ്ങളിൽ പങ്കുചേർന്നിരുന്നു.
ഇന്ത്യൻ കലാകാരന്മാരായ നേഹ കക്കർ, മിക സിങ്, നീരജ് മാധവ്, സാരംഗി താരം നബീൽ ഖാൻ എന്നിവർ അണിനിരക്കുന്ന വിനോദവിരുന്ന് ആസ്വദിക്കാൻ വലിയ ജനക്കൂട്ടമാണ് രാത്രിയിൽ തടിച്ചുകൂടിയത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന പ്രാദേശിക വിഭവങ്ങൾ ആസ്വദിക്കാവുന്ന 30 ഫുഡ് സ്റ്റാളുകൾ, ഇന്ത്യൻ കരകൗശല വസ്തുക്കളും മറ്റ് പൈതൃക ഘടകങ്ങളും വിളിച്ചോതുന്ന എട്ട് സാംസ്കാരിക സ്റ്റാളുകൾ, പാരമ്പരാഗത നൃത്തങ്ങൾ, നാടൻ കലാരൂപങ്ങൾ, സംഗീത പരിപാടികൾ, ലൈവ് സംഗീത നിശകൾ, കുട്ടികൾക്കായുള്ള വിനോദകേന്ദ്രം എന്നിവയും ഒരുക്കിയിരുന്നു.
സമൂഹങ്ങളുടെ വൈവിധ്യം വിളിച്ചോതുന്ന വർണാഭമായ സാംസ്കാരിക പരേഡും പരിപാടിയുടെ ഭാഗമായി നടന്നു. ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാൽ പരിപാടിക്ക് വരുന്നവർ സ്വന്തം വാഹനങ്ങൾ ഒഴിവാക്കി കഴിയുന്നത്ര ദുബൈ മെട്രോ, ബസ് പോലുള്ള പൊതുഗതാഗത മാർഗങ്ങളെ ആശ്രയിക്കാൻ സംഘാടകർ നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

