രാജ്കുമാറിന്‍റെ ചിതാഭസ്മവുമായി താഹിറ നാളെ യാത്രതിരിക്കും
text_fieldsദുബൈ: രണ്ടുവർഷം മുമ്പ് യു.എ.ഇയിൽ മരിച്ച കന്യാകുമാരി സ്വദേശി രാജ്കുമാർ തങ്കപ്പന്‍റെ ചിതാഭസ്മവുമായി സാമൂഹിക പ്രവർത്തക താഹിറ കല്ലുമുറിക്കൽ വ്യാഴാഴ്ച യാത്രതിരിക്കും. ദുബൈയിൽനിന്ന് തിരുവനന്തപുരം വിമാനത്താവളം വഴി കന്യാകുമാരിയിലെത്തിയാണ് രാജ്കുമാറിന്‍റെ മക്കൾക്ക് ചിതാഭസ്മം കൈമാറുക.
പ്രതീകാത്മക കല്ലറയൊരുക്കി രാജ്കുമാർ തങ്കപ്പന്‍റെ കുടുംബം കാത്തിരിക്കുന്നതും ചിതാഭസ്മം എത്തിക്കാൻ താഹിറ തയാറായതും 'ഗൾഫ് മാധ്യമം' നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 2020 മേയ് 14നാണ് രാജ്കുമാർ അജ്മാനിൽ കോവിഡ് ബാധിച്ച് മരിച്ചത്.
അൽഐനിൽ മൃതദേഹം ദഹിപ്പിച്ചശേഷം ചിതാഭസ്മം അജ്മാൻ ഖലീഫ ആശുപത്രിയിൽ സൂക്ഷിക്കുകയായിരുന്നു.
ഇതിനുമുമ്പ് രാജ്കുമാറിന്‍റെ ഭാര്യയും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. പിതാവിന്‍റെ ചിതാഭസ്മമെങ്കിലും കാണണമെന്ന മക്കളുടെ ആഗ്രഹം സമൂഹ മാധ്യമങ്ങളിലൂടെ അറിഞ്ഞ കോട്ടയം പെരുവ സ്വദേശി സിജോ പോൾ ചിതാഭസ്മം കൈപ്പറ്റിയിരുന്നു. ജോലി പ്രശ്നങ്ങൾ കാരണമായി യാത്രചെയ്യാൻ സാധിക്കാതെ വന്നതോടെ സിജോ ഇത് സൂക്ഷിച്ചുവെക്കുകയായിരുന്നു.
അൽഐനിലെ ആരോഗ്യ-സാമൂഹിക പ്രവർത്തകയായ കോഴിക്കോട് മൂഴിക്കൽ സ്വദേശിനി താഹിറ അതിനിടയിൽ സുഹൃത്തിന്‍റെ സമൂഹ മാധ്യമത്തിലെ കുറിപ്പുകണ്ട് രാജ്കുമാറിന്‍റെ കുടുംബവുമായി ബന്ധപ്പെടുകയായിരുന്നു.
പിതാവിന്‍റെ ചിതാഭസ്മം ദുബൈയിൽ ഒരാൾ സൂക്ഷിക്കുന്ന വിവരം ഇവരോട് മക്കൾ വെളിപ്പെടുത്തിയതോടെ ചിതാഭസ്മം എത്തിക്കാമെന്ന് അറിയിക്കുകയായിരുന്നു.
തുടർന്ന് സിജോയിൽനിന്ന് ചിതാഭസ്മം കൈപ്പറ്റി ദുബൈ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു.
മൃതദേഹം ഗൾഫിൽ ദഹിപ്പിച്ചശേഷം ചിതാഭസ്മം നാട്ടിലെത്തിക്കുന്നത് അപൂർവമാണ്. ഭർത്താവ് ഫസലുൽ റഹ്മാനൊപ്പം യാത്ര ചെയ്യുന്ന താഹിറ ശനിയാഴ്ച ദുബൈയിലേക്ക് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

