പാവങ്ങൾക്കായി ‘റാശിദ് ഗ്രാമം’ പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ
text_fieldsദുബൈ: ലോകമെമ്പാടുമുള്ള നിരാലംബരായ കുടുംബങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ ലക്ഷ്യമിട്ട് ആഗോള മാനുഷിക പദ്ധതി പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. സഹോദരൻ ശൈഖ് റാശിദ് വിടപറഞ്ഞതിന്റെ പത്താം വർഷം അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ‘റാശിദ് ഗ്രാമം’ എന്ന പേരിൽ മാനുഷിക പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
സഹജീവികളെ ചേർത്തുപിടിക്കാനും സഹായിക്കാനുമായി ശൈഖ് റാശിദ് കാണിച്ച അഭിനിവേശത്തെ വരും കാലങ്ങളിലും തുടർന്ന് കൊണ്ടുപോകുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ലോകമെമ്പാടുമുള്ള പിന്നാക്ക കുടുംബങ്ങൾക്കായി മാതൃക ഗ്രാമങ്ങൾ വികസിപ്പിക്കും. ഇതിൽ വീടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികമായ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടും.
പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ കെനിയയിൽ 7.2 ഹെക്ടറിലായി റാശിദ് ഗ്രാമം നിർമിക്കും. പുനരുപയോഗ ഊർജ സ്രോതസുകൾ ഉൾപ്പെടെ സുസ്ഥിരമായ തത്വങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഗ്രാമങ്ങൾ വികസിപ്പിക്കുക. പൂർണ്ണമായും ഫർണിഷ് ചെയ്ത വീടുകൾ, ഒരു പള്ളി, കമ്യൂണിറ്റി പരിപാടികൾക്കായി 500ലധികം ആളുകളെ ഉൾക്കൊള്ളുന്ന ഒരു മൾട്ടി പർപ്പസ് ഹാൾ എന്നിവ ഈ ഗ്രാമത്തിൽ ഉണ്ടായിരിക്കും. കൂടാതെ സാമ്പത്തിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും നിവാസികൾക്ക് സുസ്ഥിരമായ വരുമാനം ലഭ്യമാക്കുന്നതിനുമായി എൻഡോവ്മെന്റ് അധിഷ്ഠിത വാണിജ്യ ഔട്ട്ലറ്റുകളും നിർമിക്കും. സാമൂഹികമായ ജീവിതത്തെ പിന്തുണക്കുന്നതിനായി വിത്യസ്ത സൗകര്യങ്ങളെ ബന്ധിപ്പിച്ചുള്ള സ്ട്രീറ്റുകളും ഇതോടൊപ്പം വികസിപ്പിക്കും.
യുവാക്കളെ ശാക്തീകരിക്കുന്നതിനായി ഫുട്ബാൾ പിച്ചുകൾ ഉൾപ്പെടെ സ്പോർട്സ് അക്കാദമികളും ഇതിൽ ഉൾപ്പെടുത്തും. താമസക്കാർക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കാനും സജീവമായി നിലനിർത്താനും ഇത് അവസരം നൽകും. കൂടാതെ ഫയർ അലാറം സംവിധാനം, സുരക്ഷക്കായി സി.സി ടിവി ക്യാമറകൾ, സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലൈറ്റിങ് സംവിധാനങ്ങൾ എന്നിവ ഉൾപ്പെടെ ആധുനിക അടിസ്ഥാനങ്ങളോട് കൂടിയതായിരിക്കും റാശിദ് ഗ്രാമങ്ങൾ.
ഏതാണ്ട് 17,00 പേർക്ക് പദ്ധതി പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ വർഷവും മാതൃക ഗ്രാമങ്ങൾ സൃഷ്ടിച്ചുകൊണ്ട് പദ്ധതി വരും വർഷങ്ങളിലും വിപുലീകരിക്കും. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷേറ്റീവ്സിന് (എം.ബി.ആർ.ജി.ഐ) കീഴിൽ റാശിദ് വിദ്യാഭ്യാസ പദ്ധതി ഡിജിറ്റൽ സ്കൂളിന്റെ പങ്കാളിത്തത്തോടെ കുട്ടികൾക്കായി ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ഗുണനിലവാരമുള്ള പഠനാവസരം നൽകും.
320 വിദ്യാർഥികളെ ഉൾകൊള്ളാൻ കഴിയുന്ന ആധുനിക സൗകര്യങ്ങളോട് കൂടിയ സംവിധാനങ്ങളായിരിക്കും ഒരുക്കുക. കുടുംബങ്ങൾക്ക് തൊഴിൽ പരിശീലനത്തിൽ നിന്നും സൂക്ഷ്മ സംരംഭങ്ങളിൽ നിന്നും പ്രയോജനം ലഭിക്കുന്നതിനായി പുതിയ സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

