പ്രഖ്യാപിക്കുന്ന പദ്ധതികൾ സൗദി അറേബ്യ അതിവേഗം നടപ്പാക്കുന്നു, ഒപ്പം സഞ്ചരിക്കാൻ ലുലു ശ്രമിക്കുന്നു -എം.എ. യൂസുഫലി
text_fieldsഇന്ത്യൻ എംബസിയിൽ നടന്ന ബിസിനസ് മീറ്റിനിടെ കേന്ദ്ര വാണിജ്യ, വ്യവസായ, ഭക്ഷ്യവകുപ്പ് മന്ത്രി പീയൂഷ് ഗോയലിനൊപ്പം എം.എ. യൂസുഫലി
റിയാദ്: ലുലുവിെൻറ വളർച്ച കിരീടാവകാശി ഉൾപ്പെടെയുള്ള സൗദി ഭരണാധികാരികൾ നൽകിയ പിന്തുണ കൊണ്ടാണെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി. സൗദി അഭൂതപൂർവമായ വളർച്ച കൈവരിച്ചതായും അദ്ദേഹം പറഞ്ഞു. ഏഴാമത് സൗദി ഭാവിനിക്ഷേപ സംരംഭകത്വ സമ്മേളന വേദിയായ റിയാദിലെ റിറ്റ്സ് കാൾട്ടണിൽ കിരീടാവകാശിയെ കണ്ട ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിയാദിലെ റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ സൗദി ഭാവിനിക്ഷേപ സംരംഭകത്വ സമ്മേളന വേദിയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി
സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന് (എഫ്.ഐ.ഐ) കീഴിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റീവ് ആരംഭിച്ചത് മുതൽ ഏഴുവർഷത്തെയും സമ്മേളനങ്ങളിൽ ഞങ്ങൾ മുടങ്ങാതെ പങ്കെടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ സംരംഭം സൗദി ആരംഭിച്ചത് തന്നെ ഒരു വിഷനോട് കൂടിയാണ്, ‘വിഷൻ 2030’. ഓരോ കൊല്ലം കഴിയുേമ്പാഴും അത് അഭിവൃദ്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ വർഷം നടക്കുന്ന സമ്മേളനത്തിെൻറ ഊന്നൽ വിനോദ സഞ്ചാര മേഖലയിലും ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിലും ധനകാര്യ മേഖലയിലും നിക്ഷേപം നടത്തുന്നതിനെ കുറിച്ചാണ്.
ഇന്ത്യൻ എംബസിയിൽ മന്ത്രി പീയുഷ് ഗോയൽ വിളിച്ചുചേർത്ത ബിസിനസ് മീറ്റ്
ഓരോ ദിവസം ചെല്ലുന്തോറും സൗദി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സമ്പദ് വ്യവസ്ഥ കൂടുതൽ കൂടുതൽ ശക്തിപ്രാപിക്കുന്നു. അതനുസരിച്ച് ലുലു ഗ്രൂപ്പും സൗദിയിൽ വികസന പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. 58 ഹൈപർമാർക്കറ്റുകൾ നിലവിൽ സൗദിയിലുണ്ട്. അത് നൂറ് ഹൈപർമാർക്കറ്റുകളിലേക്കും മാളുകളിലേക്കും വിപുലപ്പെടുത്താനുള്ള ചുവടുവെപ്പിലാണ് ഞങ്ങൾ. കിരീടാവകാശിയെ കാണാൻ അവസരമുണ്ടായി. അദ്ദേഹം വളരെ ഹൃദ്യമായാണ് സ്വീകരിച്ചത്.
ഫിഫ പ്രസിഡൻറ് ഗിയാനി ഇൻഫൻറിനോടൊപ്പം എം.എ. യൂസുഫലി
ഒരു രാജ്യത്ത് ജോലി ചെയ്യാനും കച്ചവടം ചെയ്യാനും അതിൽനിന്ന് ജീവിതത്തിൽ നീക്കിയിരിപ്പുണ്ടാക്കാനും ആ രാജ്യത്തെ ഭരണകർത്താക്കളുടെ അനുഗ്രഹാശിസുകൾ ആവശ്യമാണ്. ഇവിടെനിന്ന് കിട്ടുന്ന സമ്പാദ്യം എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അത് സ്വന്തം നാട്ടിലേക്ക് അയക്കാനും കരുണ ചെയ്യുന്ന വിശാല ഹൃദയരാണ് സൗദിയിലെ ഭരണാധികാരികൾ. അവരോട് എപ്പോഴും നാം നന്ദി പ്രകാശിപ്പിക്കേണ്ടതാണ്. അവരുമായി എപ്പോഴും സ്നേഹം പങ്കിടേണ്ടതാണ്. അവർ ചെയ്തുതരുന്ന ഈ നന്മയ്ക്ക് നമ്മൾ എപ്പോഴും നന്ദി പറയേണ്ടതാണ്. എന്ത് പദ്ധതികൾ ജനങ്ങളോട് വാഗ്ദാനം ചെയ്യുന്നുവോ അത് നടപ്പാക്കുന്നവരാണ് സൗദി ഭരണാധികാരികൾ.
നിക്ഷേപക സമ്മേളനത്തിൽ എം.എ. യൂസുഫലി
നിയോമടക്കം രാജ്യത്ത് ഇതുവരെ പ്രഖ്യാപിച്ച പദ്ധതികളെല്ലാം നിർമാണവഴിയിലാണ്. ഇവിടുത്തെ സമ്പദ് വ്യവസ്ഥ അത്രയും കരുത്തുറ്റതാണ്. അവർ അതിവേഗമാണ് പദ്ധതികൾ നടപ്പാക്കുന്നത്. ആ വേഗതയ്ക്കൊപ്പം നമ്മളും സഞ്ചരിക്കണം. അല്ലെങ്കിൽ നമ്മൾ പിന്നോക്കമടിച്ചുപോകും. ആർക്കായാലും ജീവിതത്തിൽ വിജയിക്കണമെങ്കിൽ ലക്ഷ്യബോധം വേണം. സൗദി അറേബ്യയുടെ ലക്ഷ്യബോധം കൃത്യമായി അടയാളപ്പെടുത്തുന്നതാണ് ‘വിഷൻ 2030’. സൗദി ഭരണാധികാരികൾക്ക് ഭാവിയെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുണ്ട്. ആ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന സൗദിയോടൊപ്പം അതേ വേഗതയിൽ സഞ്ചരിക്കാനാണ് ഞങ്ങളും ശ്രമിക്കുന്നത് -യൂസുഫലി കൂട്ടിച്ചേർത്തു.
പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് ഗവർണർ യാസിർ അൽറുമയ്യാനൊപ്പം എം.എ. യൂസുഫലി
‘പുതിയ ചക്രവാളം’ എന്ന ശീർഷകത്തിലെ ഈ വർഷത്തെ സൗദി ഭാവിനിക്ഷേപ സംരംഭകത്വ സമ്മേളനം ചൊവ്വാഴ്ചയാണ് ആരംഭിച്ചത്. ഉദ്ഘാടനം മുതൽ എല്ലാ സെഷനിലും എം.എ. യൂസുഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് പ്രതിനിധി സംഘം പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തിനിടെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ കണ്ട എം.എ. യൂസുഫലി സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് ഗവർണർ യാസിർ അൽറുമയ്യാൻ, ഫിഫ പ്രസിഡൻറ് ഗിയാനി ഇൻഫൻറിനോ, ഇന്ത്യൻ വാണിജ്യ, വ്യവസായ, ഭക്ഷ്യവകുപ്പ് മന്ത്രി പീയൂഷ് ഗോയൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച വൈകീട്ട് റിയാദിലെ ഇന്ത്യൻ എംബസി ആസ്ഥാനത്ത് മന്ത്രി പീയുഷ് ഗോയലിനൊപ്പം ബിസിനസ് മീറ്റിലും അദ്ദേഹം പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

