ഇന്ത്യൻ ഹാജിമാരുടെ മടക്കം വെള്ളിയാഴ്ച മുതൽ
text_fieldsഇന്ത്യൻ ഹാജിമാർ മക്കയിലെ താമസസ്ഥലത്ത്
മക്ക: ഹജ്ജിന് പരിസമാപ്തിയായതോടെ ഇന്ത്യന്‍ തീർഥാടകരുടെ മടക്കയാത്ര വെള്ളിയാഴ്ച ആരംഭിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ജിദ്ദ ഹജ്ജ് ടെര്‍മിനലിൽനിന്ന് 377 തീർഥാടകരുമായി കൊച്ചിയിലേക്കാണ് ആദ്യ വിമാനം. ഇന്ത്യൻ സമയം രാത്രി 10ന് കൊച്ചിയിൽ ഇറങ്ങും. വെള്ളിയാഴ്ച വൈകീട്ട് 4.55ന് 376 തീർഥാടകരുമായി മറ്റൊരു വിമാനം കൂടി കൊച്ചിയിലേക്ക് പുറപ്പെടും.
കേന്ദ്ര കമ്മിറ്റിക്ക് കീഴില്‍ എത്തിയ ഇന്ത്യന്‍ തീർഥാടകരുടെ മദീന യാത്രയും വെള്ളിയാഴ്ച ആരംഭിക്കും. എട്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ജൂലൈ 23നാണ് മദീനയില്‍നിന്ന് അവരുടെ മടക്കം തുടങ്ങുന്നത്. സ്വകാര്യ ഗ്രൂപ്പുകളില്‍ എത്തിയ ഹാജിമാരുടെ മടക്കം വ്യാഴാഴ്ച ആരംഭിക്കും. മുഴുവന്‍ മലയാളി ഹാജിമാരും ഹജ്ജിന് മുമ്പേ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയിരുന്നു.
ഹാജിമാരുടെ യാത്ര എളുപ്പമാക്കുന്നതിന്റെ ഭാഗമായി ഹജ്ജ് സർവിസ് കമ്പനികളുടെ സഹായത്തോടെ ലഗേജുകള്‍ 24 മണിക്കൂര്‍ നേരത്തെ എയര്‍പോർട്ടുകളില്‍ എത്തിക്കുമെന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു. രണ്ട് ബാഗേജുകൾ ആണ് തീർഥാടകർക്ക് അനുവദിച്ചിട്ടുള്ളത്. 40 കിലോ വരെ ഭാരമുള്ള ലഗേജ് കൊണ്ടുപോകാവുന്നതാണ്.
ഹാജിമാര്‍ക്കുള്ള അഞ്ച് ലിറ്റര്‍ സംസം വെള്ളം ബോട്ടിലുകള്‍ നേരത്തെ തന്നെ മുഴുവന്‍ എംബാര്‍ക്കേഷന്‍ പോയന്റുകളിലും എത്തിച്ചിട്ടുണ്ട്. യാത്രയാകുന്ന തീർഥാടകർ വിടവാങ്ങൽ കഅ്ബ പ്രദക്ഷിണം നടത്തി, പോകുന്നതിന് 12 മണിക്കൂർ മുമ്പ് റൂമുകളിൽ തിരിച്ചെത്തണമെന്ന് ഇന്ത്യൻ ഹജ്ജ് മിഷൻ നിർദേശം നൽകിയിട്ടുണ്ട്. രോഗികളായ ഹാജിമാരെ നേരത്തെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ആഗസ്റ്റ് 13ഓടെ മുഴുവൻ തീർഥാടകരുടെയും മടക്കം പൂർണമാവും.