സൗദിയിലെ പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസം: സേവന നിരക്കുകൾ വെട്ടിക്കുറച്ച് കേന്ദ്ര ബാങ്ക്
text_fieldsജിദ്ദ: സൗദി അറേബ്യയിലെ ബാങ്കിംഗ്, പേയ്‌മെന്റ് സേവനങ്ങളുടെ ഫീസുകളിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് സൗദി സെൻട്രൽ ബാങ്ക് (സാമ) പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പുവരുത്തുന്നതിനുമായാണ് നിലവിലുണ്ടായിരുന്ന ബാങ്കിംഗ് താരിഫിന് പകരം പരിഷ്കരിച്ച ഗൈഡ് നടപ്പിലാക്കുന്നത്. ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും ഒരുപോലെ ബാധകമായ ഈ പുതിയ നിരക്കുകൾ പ്രസിദ്ധീകരിച്ച് 60 ദിവസത്തിനുള്ളിൽ നിലവിൽ വരും.
റിയൽ എസ്റ്റേറ്റ് ഇതര വായ്പകൾക്ക് ഈടാക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഫീസുകളിലാണ് പ്രധാനമായും കുറവ് വരുത്തിയിരിക്കുന്നത്. മുമ്പ് വായ്പാ തുകയുടെ ഒരു ശതമാനം അല്ലെങ്കിൽ പരമാവധി 5,000 റിയാൽ വരെ ഈടാക്കിയിരുന്ന ഫീസ്, ഇനി മുതൽ 0.5 ശതമാനം അല്ലെങ്കിൽ പരമാവധി 2,500 റിയാലായി കുറയും. ഉപഭോക്തൃ വായ്പകൾക്കും വാഹന വായ്പകൾക്കും ഇത് വലിയ ആശ്വാസമാകും. ഇതിനുപുറമെ, മദാ കാർഡ് സേവനങ്ങളിലും ഇളവുകൾ അനുവദിച്ചിട്ടുണ്ട്. കാർഡ് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ പുതിയ കാർഡ് എടുക്കുന്നതിനുള്ള ഫീസ് 30 റിയാലിൽ നിന്ന് 10 റിയാലായി കുറച്ചു. അന്താരാഷ്ട്ര ഇടപാട് ഫീസ്, ഇടപാട് തുകയുടെ രണ്ട് ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മദാ കാർഡുകൾ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര പണം പിൻവലിക്കലുകൾ (ഗൾഫ് ഒഴികെ) ഇടപാട് മൂല്യത്തിന്റെ മൂന്ന് ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇത് പരമാവധി 25 റിയാലായിരിക്കും.
ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രോണിക് ട്രാൻസ്ഫറുകൾക്ക് വളരെ കുറഞ്ഞ നിരക്ക് മാത്രമേ ഈടാക്കുകയുള്ളൂ. രാജ്യത്തിനുള്ളിൽ 2,500 റിയാൽ വരെയുള്ള കൈമാറ്റങ്ങൾക്ക് 50 ഹലാലയും അതിനു മുകളിലുള്ള തുകയ്ക്ക് ഒരു റിയാലും മാത്രമായിരിക്കും ട്രാസ്ഫർ ഫീസ്. കൂടാതെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ, കടം സ്ഥിരീകരണ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളിലും മാറ്റങ്ങളുണ്ട്. ഒരു വർഷത്തിൽ താഴെയുള്ള അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾക്കും ആദ്യമായി എടുക്കുന്ന കടം സ്ഥിരീകരണ സർട്ടിഫിക്കറ്റിനും ഫീസ് നൽകേണ്ടതില്ല. സ്റ്റേറ്റ്‌മെന്റുകൾ ഓൺലൈനായി ഡൗൺലോഡ് ചെയ്യുന്നത് സൗജന്യമായിരിക്കും.
ചെക്ക് ബുക്ക് സേവനങ്ങൾക്കും സ്റ്റാൻഡിംഗ് ഓർഡറുകൾക്കും ബാങ്ക് ഈടാക്കുന്ന നിരക്കുകളിലും കാര്യമായ കുറവ് വന്നിട്ടുണ്ട്. ബാങ്ക് ചെക്ക് ഇഷ്യൂ ചെയ്യുന്നതിനുള്ള നിരക്ക് പത്ത് റിയാലിൽ നിന്ന് അഞ്ച് റിയാലായി കുറച്ചു. ശാഖകൾ വഴി സ്റ്റാൻഡിംഗ് പേയ്‌മെന്റ് ഓർഡർ നൽകുന്നതിനുള്ള ഫീസും അഞ്ച് റിയാലായി കുറച്ചിട്ടുണ്ട്. സാമ്പത്തിക ഉൾപ്പെടുത്തൽ ഉറപ്പാക്കാനും ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കാനും ലക്ഷ്യമിട്ടുള്ള ഈ മാറ്റങ്ങൾ സൗദി അറേബ്യയുടെ സാമ്പത്തിക രംഗത്ത് വലിയ ഗുണഫലങ്ങൾ ഉണ്ടാക്കുമെന്നാണ് സെൻട്രൽ ബാങ്ക് വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

