സഹകരണം ശക്തമാക്കി റീം അൽ ഹാശിമിയുടെ ഇന്ത്യ സന്ദർശനം
text_fieldsറീം അൽ ഹാശിമി
ദുബൈ: യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാശിമി ന്യൂഡൽഹിയിൽ ഔദ്യോഗിക സന്ദർശനം നടത്തി. യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ ബന്ധം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് സന്ദർശനം. കഴിഞ്ഞവർഷം സെപ്റ്റംബറിൽ അബൂദബി കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ഇക്കഴിഞ്ഞ ഏപ്രിലിൽ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും നടത്തിയ ഇന്ത്യ സന്ദർശനങ്ങളുടെ തുടർച്ചയായ ഉന്നതതല ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിനും കൂടി ലക്ഷ്യമിട്ടാണ് സന്ദർശനമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സന്ദർശന വേളയിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായി റീം അൽ ഹാശിമി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ യു.എ.ഇ അംബാസഡർ ഡോ. അബ്ദുന്നാസർ അൽശാലിയും യോഗത്തിൽ പങ്കെടുത്തു. വ്യാപാരം, നിക്ഷേപം, ഊർജ്ജം, പ്രതിരോധം, സുരക്ഷ, സിവിൽ വ്യോമയാനം, നൂതന സാങ്കേതികവിദ്യ, സാംസ്കാരിക കൈമാറ്റം എന്നീ മേഖലകളിൽ പ്രായോഗിക സഹകരണ പരിപാടികൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച നാലാമത് യു.എ.ഇ-ഇന്ത്യ തന്ത്രപരമായ സംഭാഷണത്തിന്റെയും 15ാാമത് യു.എ.ഇ-ഇന്ത്യ സംയുക്ത കമ്മീഷന്റെയും ഗുണഫലങ്ങൾ യോഗത്തിൽ ഇരുപക്ഷവും ചർച്ച ചെയ്തു. കൂടാതെ ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക, അന്തർദേശീയ വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറുന്നതിനും ഇരുപക്ഷവും തീരുമാനിച്ചു.
യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനെ അൽ ഹാശിമി പ്രശംസിച്ചു. 2024-25 വർഷത്തിൽ ഉഭയകക്ഷി വ്യാപാരം 100.05 ശതകോടി യു.എസ് ഡോളറായെന്ന് അവർ പ്രത്യേകം വ്യക്തമാക്കി.
ഈ നേട്ടം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും ഒന്നിലധികം മേഖലകളിൽ വിപുലമായ സഹകരണത്തിന് വഴിയൊരുക്കുന്നുവെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

