നിക്ഷേപ-വാണിജ്യ ഉച്ചകോടിക്ക് റാസല്‍ഖൈമ ഒരുങ്ങുന്നു
text_fieldsറാസല്‍ഖൈമ: ആഗോള അവസരങ്ങളും റാസല്‍ഖൈമയിലെ നിക്ഷേപ സാധ്യതകളും പരിചയപ്പെടുത്തുന്ന രണ്ടാമത് നിക്ഷേപ-വാണിജ്യ ഉച്ചകോടിക്ക് റാസല്‍ഖൈമ ഒരുങ്ങുന്നു. റാക് ഇക്കണോമിക് സോണിന്റെ(റാകിസ്) നേതൃത്വത്തില്‍ നവംബര്‍ 19, 20 തീയതികളില്‍ നടക്കുന്ന ഉച്ചകോടിക്ക് അല്‍ഹംറ ഇന്റര്‍നാഷനല്‍ എക്സിബിഷന് സെന്റര്‍ വേദിയാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് ഉച്ചകോടി.
കഴിഞ്ഞ വര്‍ഷം നടന്ന പ്രഥമ ഉച്ചകോടിയില്‍ 100ഓളം അന്താരാഷ്ട്ര-പ്രാദേശിക-തദ്ദേശ കമ്പനികള്‍ പങ്കാളികളായിരുന്നു. ഉല്‍പ്പാദനം, റിയല്‍ എസ്റ്റേറ്റ്, ടൂറിസം, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ റാസല്‍ഖൈമയിലെ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിന് ഉച്ചകോടി അവസരമൊരുക്കും.
വ്യവസായ പ്രമുഖര്‍, നിക്ഷേപകര്‍ തുടങ്ങി മേഖലയിലെ നിക്ഷേപ-വാണിജ്യ മേഖലയിലെ ഭാവി രൂപപ്പെടുത്തുന്നവരുടെ ഒത്തുചേരലിനുള്ള അവസരമായി ഉച്ചകോടി മാറും. വ്യവസായ വിദഗ്ധരില്‍ നിന്ന് ഉള്‍ക്കാഴ്ചകള്‍ നേടാനും പ്രമുഖ ബിസിനസ് ഗ്രൂപ്പ് - സ്ഥാപനങ്ങളില്‍ നിന്നുള്ള നൂതന ഉല്‍പ്പന്നങ്ങളെ പരിചയപ്പെടുന്നതിനും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ഉച്ചകോടി വഴിയൊരുക്കും. സര്‍ക്കാര്‍ പ്രതിനിധികള്‍, വിദഗ്ധര്‍, പ്രശസ്ത ബിസിനസ് വ്യക്തിത്വങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍, ഉൽപാദനം, ടൂറിസം, സമുദ്ര വ്യാപാരം തുടങ്ങി വ്യത്യസ്ത മേഖലകളിലെ പുതിയ പ്രവണതകള്‍, വെല്ലുവിളികള്‍, അവസരങ്ങള്‍ എന്നിവയെക്കുറിച്ച ചര്‍ച്ചകള്‍ നടക്കും.
പാനല്‍ ചര്‍ച്ചകള്‍, ബിസിനസ് മീറ്റ്, നെറ്റ്വര്‍ക്കിങ് സെഷനുകള്‍ എന്നിവയിലൂടെ പുതിയ ബിസിനസ് ബന്ധങ്ങള്‍ വളര്‍ത്തുന്നതിന് സഹായിക്കും. പുതിയ സാങ്കേതിക വിദ്യകള്‍, നൂതനാശയങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും ഉച്ചകോടിയില്‍ നടക്കും.
അരലക്ഷത്തിലേറെ കമ്പനികള്‍ ഇതിനകം റാസല്‍ഖൈമയില്‍ അഭിവൃദ്ധിയുടെ പാതയിലാണെന്ന് റാക് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ചെയര്മാന് മുഹമ്മദ് അലി മുസബ്ബ അല്‍ നുഐമി അഭിപ്രായപ്പെട്ടു. പ്രതിവര്‍ഷം നൂറു ദശലക്ഷം ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്യുന്ന സഖര്‍ തുറമുഖം, മെഗാ ടൂറിസം പദ്ധതികള്‍, അത്യാധുനിക വ്യവസായിക സൗകര്യങ്ങള്‍, ഹരിത ഊര്‍ജ സംരംഭങ്ങള്‍ തുടങ്ങിയാല്‍ സമ്പന്നമാണ് റാസല്ഖൈമയെന്നും മുഹമ്മദ് അലി മുസബ്ബ തുടര്‍ന്നു.
നിക്ഷേപ-വാണിജ്യ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

