'മീഡിയവൺ: നിരോധനത്തിനെതിരെ യോജിച്ച മുന്നേറ്റം അനിവാര്യം'
text_fieldsജിദ്ദ: ദേശസുരക്ഷയുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ മീഡിയവൺ ചാനല്‍ സംപ്രേഷണം ചെയ്യുന്നത് നിരോധിച്ചതിനെതിരെ മുഴുവൻ മതേതര, ജനാധിപത്യ വിശ്വാസികളുടെയും യോജിച്ച മുന്നേറ്റം അനിവാര്യമാണെന്ന് ജിദ്ദ പൗരസമൂഹം. വിവിധ മത-രാഷ്ട്രീയ-സാംസ്കാരിക സംഘടന പ്രതിനിധികൾ പങ്കെടുത്ത ഓൺലൈൻ മീഡിയവൺ ഐക്യദാർഢ്യസംഗമം പ്രമുഖ വ്യവസായിയും ജിദ്ദ നാഷനൽ ആശുപത്രി മാനേജിങ് ഡയറക്ടറുമായ വി.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മീഡിയവണ്‍ ചാനല്‍ സംപ്രേഷണം തുടങ്ങിയ ആദ്യദിനം മുതല്‍ എല്ലാവിധ പിന്തുണയും നല്കിയ വ്യക്തിയാണ് താനെന്നും ഏതു പ്രതിസന്ധിയിലും ചാനലിനോടൊപ്പം നിലയുറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഒത്തൊരുമിച്ച് നിയമപോരാട്ടത്തിലൂടെ ചാനലിന് അനുമതി ലഭ്യമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാഴ്ചയില്ലാത്തവരുടെ കാഴ്ചയും കേള്‍വിയില്ലാത്തവരുടെ കേള്വിയുമായിരുന്നു മീഡിയവൺ ചാനലെന്നും അതിന്റെ സംപ്രേഷണം നിരോധിച്ചത് സത്യം അറിയാനുള്ള പൗരന്റെ അവകാശത്തിനു നേരെയുള്ള കടന്നാക്രമണമാണെന്നും ആമുഖഭാഷണത്തില്‍ ഖലീല്‍ പാലോട് പറഞ്ഞു. ഏകാധിപത്യം സ്വപ്നം കാണുന്നവരാണ് ഇന്ത്യ ഭരിക്കുന്നതെന്നും ഇത് അപകടകരമായ പ്രവണതയാണെന്നും മീഡിയവൺ ചാനലിനെതിരെയുള്ള നീക്കത്തെ ജനാധിപത്യ വിശ്വാസികള്‍ ചെറുത്തുതോല്‍പ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മീഡിയവൺ ചാനല്‍ സീനിയർ ബ്രോഡ്കാസ്റ്റിങ് ജേണലിസ്റ്റും സൗദി ചീഫ് റിപ്പോർട്ടറുമായ അഫ്താബുറഹ്മാന്‍ ചാനലിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ സംഗ്രഹിച്ചു സംസാരിച്ചു. ചാനലിന്റെ ലൈസൻസ് റദ്ദാക്കിയ വിവരം ആദ്യം കേട്ടപ്പോള്‍ ജീവനക്കാരായ തങ്ങളില്‍ ഞെട്ടലുളവാക്കിയെങ്കിലും ഇപ്പോള്‍ വിവിധ കോണുകളിൽനിന്നുള്ള പിന്തുണയിൽ തങ്ങൾ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും ചാനലിന് നീതി ലഭിക്കുമെന്നുതന്നെയാണ് ജീവനക്കാരുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിക്കല്ല് ഇളക്കുന്ന പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് നേടുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും ഡോ. ഇസ്മായില്‍ മരുതേരി പറഞ്ഞു. സാംസ്കാരിക രംഗത്തെ പല പ്രമുഖരും വധിക്കപ്പെട്ടു. നീതിക്കു നിരക്കാത്ത കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ ചെറുത്തുതോല്‍പ്പിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
മാധ്യമരംഗത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണെന്നും അതിന്റെ ഭാഗമായാണ് മീഡിയവൺ ചാനല്‍ സംപ്രേഷണം വിലക്കിയതെന്നും ജിദ്ദ നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം അഭിപ്രായപ്പെട്ടു. പുതിയ നീക്കം മീഡിയവൺ ചാനലിനുനേരെ മാത്രമുള്ള ആക്രമണമായി കാണേണ്ടതില്ലെന്നും ഭണഘടന അനുവദിക്കുന്ന ഓരോരുത്തരുടെയും സ്വാതന്ത്ര്യത്തിനുനേരെയുള്ള ഇത്തരം കടന്നാക്രമണത്തെ ചെറുക്കണമെന്നും ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യൻ പ്രസിഡന്റ് കെ.ടി.എ മുനീര്‍ പറഞ്ഞു. ഭീതിജനകമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോവുന്നതെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെ എന്തു വിലകൊടുത്തും സംരക്ഷിക്കണമെന്നും കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര പറഞ്ഞു. പി.പി. റഹീം, സലാഹ് കാരാടൻ, റഹീം ഒതുക്കുങ്ങൽ, എ.എം അബ്ദുള്ളക്കുട്ടി, അബ്ദുൽ ഗനി, ഉസ്മാൻ എടത്തിൽ, നാസർ ചാവക്കാട്, ജലീൽ കണ്ണമംഗലം, കബീര്‍ കൊണ്ടോട്ടി, അബ്ദുൽ ഗഫൂർ പൂങ്ങാടൻ, നസീർ വാവക്കുഞ്ഞു, കെ.എം. മുസ്തഫ, സി.എം. അഹ്മദ്, അബ്ദുല്ല മുക്കണ്ണി, മുഹ്സിൻ കാളികാവ്, അരുവി മോങ്ങം, സക്കീന ഓമശ്ശേരി, കുബ്റ ലതീഫ്, റജീന നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. സാദിഖലി തുവ്വൂർ മോഡറേറ്ററായിരുന്നു. എ. നജ്മുദ്ദീന് സ്വാഗതവും സി.എച്ച്. ബഷീർ നന്ദിയും പറഞ്ഞു.
വിയോജിപ്പുകളെ ഇല്ലാതാക്കാനാണ് ഫാഷിസ്റ്റ് ശക്തികളുടെ ശ്രമം -ഇന്ത്യൻ സോഷ്യൽ ഫോറം
റിയാദ്: ജനാധിപത്യ വ്യവസ്ഥയില്‍ പൗരന്മാര്ക്ക് ലഭിക്കുന്ന ഏറ്റവും സുപ്രധാന അവകാശങ്ങളായ അഭിപ്രായ പ്രകടനത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമെതിരെയുള്ള കടന്നുകയറ്റമാണ് മീഡിയവണിനെതിരെയുള്ള ഫാഷിസ്റ്റ് നടപടിയെന്നു ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് ഘടകം. ഭരണകൂട ഭീകരതക്കെതിരെ ശബ്ദിക്കുന്നവരെ നിശ്ശബ്ദരാക്കാനും അവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ ഭരണസ്വാധീനമുപയോഗിച്ച് ഇല്ലായ്മ ചെയ്യാനുമുള്ള ശ്രമങ്ങൾ ഫാഷിസ്റ്റുകളുടെ ഭാഗത്തുനിന്നും തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. വിയോജിപ്പുകളോടുള്ള ഭയം ഇന്ത്യയിലെ ഫാഷിസ്റ്റുകളില്‍ നന്നായി പ്രതിഫലിക്കുന്നുണ്ടെന്നുള്ളതിന്റെ തെളിവാണ് ഭരണകൂടത്തിനെതിരെ ശബ്ദം ഉയര്‍ത്തുന്നവരെ കൃത്യമായി ലക്ഷ്യംവെച്ചുകൊണ്ട് വേട്ടയാടിക്കൊണ്ടിരിക്കുന്നത്. വിയോജിപ്പുകളെ ഉള്‍ക്കൊള്ളുന്ന സംവാദാത്മക ജനാധിപത്യവ്യവസ്ഥിതികളില്നിന്ന് ബഹുദൂരം വഴിമാറി വിയോജിപ്പുകളെ വിലക്കേർപ്പെടുത്തി ഇല്ലാതാക്കാനാണ് ഫാഷിസ്റ്റ് ശക്തികള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു. ഭരണകൂട ഫാഷിസത്തെ പരോക്ഷമായി പിന്തുണക്കുന്ന നീതിന്യായ കോടതികളുടെ മൗനം ആശങ്കയുളവാക്കുന്നതാണെന്നും വ്യക്തമാക്കി. നിശ്ശബ്ദരായാല്‍ ഫാഷിസത്തിന്റെ കറുത്ത കരങ്ങള്‍ക്ക് ശക്തി വർധിക്കുകയേയുള്ളൂ എന്ന സത്യം നാം തിരിച്ചറിയണമെന്നും ഫോറം സ്റ്റേറ്റ് പ്രസിഡന്റ് സെയ്തലവി ചുള്ളിയൻ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
മീഡിയവണ്‍ നിരോധനം ജനാധിപത്യ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ -ഇന്ത്യന്‍ സോഷ്യല്‍ ഫോറം
മക്ക: മീഡിയവണ്‍ നിരോധനം ശരിവെച്ച ഹൈകോടതി വിധി രാജ്യത്തെ ജനാധിപത്യ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ വേണ്ടിയുള്ള സംഘ്പരിവാരത്തിന്റെ ഗൂഢ അജണ്ടയുടെ ഭാഗമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം മക്ക ബ്ലോക്ക് പ്രസിഡന്റ് അബ്ദുല്ലക്കോയ പുളിക്കല്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ശബ്ദം പുറത്ത് അറിയാതിരിക്കാനും ന്യൂനപക്ഷങ്ങളുടെ മാനേജ്മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഇല്ലാതാക്കാനുമാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. അതിന് ജുഡീഷ്യറിയെപ്പോലും കേന്ദ്ര ഭരണകൂടം ഉപയോഗപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണമെന്ന് സോഷ്യല്‍ ഫോറം മക്ക ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി ശരീഫ്, ഹാരിസ്, സാദത്ത്, മെഹബൂബ് എന്നിവർ സംബന്ധിച്ചു
മീഡിയവൺ വിലക്ക് അപരിഷ്കൃതം -സോഷ്യൽ ഫോറം
ദോഹ: രാജ്യത്തെ മാധ്യമങ്ങൾക്കെതിരെയുള്ള കേന്ദ്ര സർക്കാറിന്റെ നീക്കങ്ങൾ പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ സെക്രട്ടേറിയറ്റ്. ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവ് സ്വതന്ത്ര മാധ്യമങ്ങൾക്കുനേരെയുള്ള കടന്നുകയറ്റമാണ്. ജനാധിപത്യ മതേതര രാജ്യത്ത് സംഭവിക്കാൻ പാടില്ലാത്തതാണ്. സർക്കാറുകളുടെ താല്പര്യങ്ങൾക്കൊത്ത് നിൽക്കാൻ തയാറല്ലാത്ത മാധ്യമങ്ങളെ കൂച്ചുവിലങ്ങിട്ട് സംപ്രേഷണവും പ്രസിദ്ധീകരണവും തടയുന്നത് ശുഭകരമല്ല. ഭരണകൂടത്തെ വിമർശിക്കുന്ന മാധ്യമങ്ങൾക്കെതിരെ ഇനിയും ഇത്തരം നടപടികൾ ഉണ്ടായേക്കാം. മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും സോഷ്യൽ ഫോറം ആഹ്വാനം ചെയ്തു.