യുവത്വ നിറവിൽ ഒമാൻ ജനസംഖ്യ
text_fieldsമസ്കത്ത്: ഒമാൻ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും 29 വയസ്സും അതിൽ താഴെയുള്ളവരുമാണെന്ന് കണക്കുകൾ. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. പുരുഷന്മാരുടെ അനുപാതം 50.4 ശതമാനമാണ് (14,12,508). 100 സ്ത്രീകൾക്ക് 102 പുരുഷൻമാർ എന്നതാണ് ലിംഗാനുപാതം. അതേസമയം, രാജ്യത്തെ ആകെ ജനസംഖ്യയിൽ 1.40 ശതമാനത്തിന്റെ വർധനയാണുണ്ടായത്. കഴിഞ്ഞവർഷം ഡിസംബർ അവസാനത്തോടെ ജനസംഖ്യ 45,27,446 ആളുകളായി ഉയർന്നെന്നും ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഒമാനി ജനസംഖ്യ 2.49 ശതമാനം വർധിച്ച് 28,04,117ലും എത്തി. മൊത്തം ജനസംഖ്യയുടെ 62 ശതമാനം വരും ഇത്. രാജ്യത്തെ വിദേശ ജനസംഖ്യയിൽ 1.25 ശതമാനം ഇടിവാണ് വന്നത്. 17, 23,329 വിദേശികളാണ് രാജ്യത്തുള്ളത്.
മൊത്തം ജനസംഖ്യയുടെ 38 ശതമാനമാണിത്. ഏറ്റവും കൂടുതൽ ഒമാനി ജനസംഖ്യയുള്ള ആദ്യത്തെ അഞ്ച് ഗവർണറേറ്റുകളിൽ വടക്കൻ ബാത്തിനയാണ് ഒന്നാം സ്ഥാനത്ത്. ഒമാനിലെ ആകെ ആളുകളുടെ 20.1 ശതമാനവും ഇവിടെയാണ് താമസിക്കുന്നത്. മസ്കത്ത് -19.7, ദാഖിലിയ -13.4 , തെക്കൻ ബത്തിന -12.9, തെക്കൻ ശർഖിയ -8.3 ശതമാനം എന്നിങ്ങനെയാണ് തൊട്ടടുത്ത വരുന്ന മറ്റ് ഗവർണറേറ്റുകൾ. രാജ്യത്തെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 14.6 ആളുകൾ എന്ന നിലയിലാണുള്ളത്. മസ്കത്ത് ഗവർണറേറ്റിലാണ് ഏറ്റവും ഉയർന്ന സാന്ദ്രത -327.5 ആളുകൾ. എറ്റവും കുറവ് അൽവുസ്ത ഗവർണറേറ്റിലാണ് (0.6).
രാജ്യത്തെ വിദേശ ജനസംഖ്യയുടെ 78 ശതമാനവും പുരുഷന്മാരാണ്. 22 ശതമാനമാണ് സ്ത്രീകൾ വരുന്നത്. 18-29നും ഇടയിൽ പ്രായമുള്ളവരാണ് വിദേശികളിൽ ഏറ്റവും കൂടുതലുള്ളത്. 30 മുതൽ 34 വയസ്സുവരെയുള്ള പ്രവാസികളുടെ എണ്ണം 20 ശതമാനമാണ്. വിദേശ ജനസംഖ്യയിൽ ഏറ്റവും കൂടുതലുള്ളത് ബംഗ്ലാദേശ് പൗരൻമാരാണ് (38 ശതമാനം). 35.6 ശതമാനവുമായി ഇന്ത്യയാണ് രണ്ടാം സ്ഥാനത്തുള്ളത്. പാകിസ്താൻ പൗരന്മാർ -15.3, ഈജിപ്ത് -2.9 എന്നിങ്ങനെയാണ് തൊട്ടടുത്തു വരുന്ന മറ്റു രാജ്യങ്ങളിലെ കണക്കുകൾ. വിദേശ ജനസംഖ്യയിലെ സ്ത്രീകളിലെ 60.3 ശതമാനവും ഇന്ത്യ, ബംഗാൾ, ഫിലിപ്പീൻസ്, ഈജിപ്ത് എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ്. ഇതിൽ 33.1 ശതമാനവുമായി ഇന്ത്യയാണ് മുന്നിൽ. ഫിലിപ്പീൻസ് 10.2 ശതമാനം, ബംഗ്ലാദേശ് സ്വദേശികൾ -9.9, ഈജിപ്ത് -7.1 എന്നിങ്ങനെയാണ് പട്ടികയിലെ തൊട്ടടുത്തുള്ള രാജ്യങ്ങൾ.