മേഖലയിലെ ഇന്ത്യൻ അംബാഡർമാരുടെ യോഗം വിളിച്ച് കേന്ദ്രമന്ത്രി
text_fieldsകുവൈത്ത്, സൗദി, യു.എ.ഇ, ഇറാൻ, ഒമാൻ, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലെ ഇന്ത്യൻ അംബാസഡർമാരുടെ യോഗം കേന്ദ്ര മന്ത്രി ഡോ. എസ്. ജയശങ്കറിെൻറ സാന്നിധ്യത്തിൽ കുവൈത്തിൽ ചേർന്നപ്പോൾ
കുവൈത്ത് സിറ്റി: കുവൈത്ത് സന്ദർശനത്തിനെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഗൾഫ് രാജ്യങ്ങളിലെയും ഇറാനിലെയും ഇന്ത്യൻ അംബാസഡർമാരുടെ യോഗം വിളിച്ചു. സൗദി, യു.എ.ഇ, ഇറാൻ, ഒമാൻ, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലെ അംബാസഡർമാർ ഇതിനായി കുവൈത്തിൽ എത്തുകയായിരുന്നു. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ, ഖത്തറിലെ അംബാസഡർ ഡോ. ദീപക് മിത്തൽ, ബഹ്റൈനിലെ അംബാസഡർ പീയുഷ് ശ്രീവാസ്തവ, കുവൈത്തിലെ അംബാസഡർ സിബി ജോർജ്, സൗദിയിലെ അംബാസഡർ ഡോ. ഔസാഫ് സഈദ്, ഒമാനിലെ ഇന്ത്യൻ അംബാസഡർ മുനു മഹാവര്‍, ഇറാനിലെ അംബാസഡർ ഗദ്ദാം ധർമേന്ദ്ര എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
എല്ലാ രാജ്യങ്ങളിലെയും ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുക, കോവിഡ് പശ്ചാത്തലത്തിൽ പലയിടത്തായി കുടുങ്ങിപ്പോയ കുടുംബങ്ങളുടെ ഒത്തുചേരലിന് സഹായം നൽകുക, കോവിഡ് കാലത്ത് ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് പോയ ഇന്ത്യക്കാരുടെ തൊഴിലിടത്തിലേക്കുള്ള മടക്കം, വിദേശ ഇന്ത്യക്കാരുടെ യാത്രാപ്രശ്നങ്ങൾ അവസാനിപ്പിക്കാൻ വിമാന സർവീസുകൾ പുനരാരംഭിക്കൽ, ഇന്ത്യയുടെ വ്യാപാര താൽപര്യങ്ങൾ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ അജണ്ടകളിൽ ഉൗന്നിയായിരുന്നു ചർച്ച. യോഗം ഫലപ്രദമായിരുന്നുവെന്നും തുടർനടപടികൾ അതത് രാജ്യങ്ങളുടെ എംബസിയുടെയും അംബാസഡർമാരുടെയും ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് മന്ത്രി ഡോ. എസ്. ജയശങ്കർ ട്വിറ്ററിൽ പറഞ്ഞു.