Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightഎട്ട്​ മണിക്കൂറിൽ...

എട്ട്​ മണിക്കൂറിൽ എട്ട്​ അത്ഭുതങ്ങളിലൂടെ റബീഉൽ ഇബ്രാഹീമിന്‍റെ പര്യടനം

text_fields
bookmark_border
എട്ട്​ മണിക്കൂറിൽ എട്ട്​ അത്ഭുതങ്ങളിലൂടെ റബീഉൽ ഇബ്രാഹീമിന്‍റെ പര്യടനം
cancel
camera_alt

ഖത്തർ കായികദിനത്തിൽ റബീഉൽ ഇബ്രാഹീം സൈക്കിളിൽ ലോകകപ്പ് സ്റ്റേഡിയങ്ങൾ സന്ദർശിച്ചപ്പോൾ: 1. ലുസൈൽ സ്​റ്റേഡിയം, 2. സ്​റ്റേഡിയം 974, 3.അൽബെയ്ത്​ സ്​റ്റേഡിയം, 4. അൽജനൂബ്​ സ്​റ്റേഡിയം, 5. അൽ തുമാമ സ്​റ്റേഡിയം, 6. ഖലീഫ ഇന്‍റർനാഷനൽ സ്​റ്റേഡിയം, 7. റബീഉൽ ഇബ്രാഹീം എജുക്കേഷൻ സിറ്റി സ്​റ്റേഡിയം, 8. അൽ റയ്യാൻ സ്​റ്റേഡിയം

ദോഹ: വ്യായാമത്തിന്‍റെയും കായിക പരിശീലനത്തിന്‍റെയും പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊണ്ടായിരുന്നു ചൊവ്വാഴ്ച ഖത്തറിന്‍റെ ദേശീയ കായിക ദിനാചരണം. ​രാഷ്ട്രത്തലവൻ മുതൽ മന്ത്രിമാരും സ്വദേശികളും വിദേശികളുമെല്ലാം ആഘോഷത്തിന്‍റെ ഭാഗമായ ദിനം. എന്നാൽ, ഈ ​വേളയിൽ വേറിട്ട വഴിയിലൂടെയായിരുന്നു മലയാളിയായ റബീഉൽ ഇബ്രാഹീമിന്‍റെ ദേശീയ കായികദിനത്തിലെ സഞ്ചാരം. വിശ്വമേളക്കായി ഖത്തർ ഒരുക്കിയ എട്ട്​ സ്​റ്റേഡിയങ്ങളിലേക്ക്​ ഒരു പകൽ നീണ്ട സൈക്കിൾ യാത്ര. കായിക ദിനത്തിൽ ഗ്രൗണ്ടുകളിലും എല്ലാവരും പാർക്കുകളിലും ബീച്ചുകളിലുമായി വിവിധ പരിശീലനത്തിനും വിനോദത്തിനുമായി നീങ്ങിയപ്പോൾ അൽ റയ്യാനിലെ അഹമ്മ്​ ബിൻ അലി സ്​റ്റേഡിയത്തിൽ നിന്നും തന്‍റെ കാനൺഡെയ്​ൽ ക്വിക്ക്​ 5 സൈക്കിളിലേറി സഞ്ചാരം തുടങ്ങുകയായിരുന്നു.

ലോകകപ്പിനായി ഖത്തർ ​ഒരുക്കിയ എട്ട്​ വേദികളിലും സന്ദർശിച്ചുള്ള ഒറ്റ ദിനത്തിലെ യാത്ര. റയ്യാനിൽ നിന്നും തുടങ്ങി നേരെ എജുക്കേഷൻ സിറ്റി സ്​റ്റേഡിയത്തിന്‍റെ വജ്രത്തിളക്കമുള്ള സൗന്ദര്യത്തിലേക്ക്​. അതുകഴിഞ്ഞ്​​ നേരെ കുതിച്ചെത്തിയത്​ ഖത്തറിന്‍റെ കായിക സംസ്കാരത്തിന്‍റെ പാരമ്പര്യം അടയാളപ്പെടുത്തപ്പെട്ട ആദ്യകാല കളിമുറ്റമായ ഖലീഫ ഇന്‍റർനാഷനൽ സ്​റ്റേഡിയത്തിലേക്ക്​. ആസ്പയർ സോണും ടോർച്ച്​ ടവറുമായി തലയുയർത്തി നിൽക്കുന്ന കളിത്തൊട്ടിൽ സന്ദർശിച്ച്​, ദോഹയിൽ നഗരത്തിരക്കിനുള്ളിലെ അൽ തുമാമ സ്​റ്റേഡിയം. പരമ്പരാഗത അറബ്​ കൗമാരക്കാരുടെ ​തലപ്പാവിന്‍റെ മാതൃകയിൽ തലയുയർത്തിനിൽക്കുന്ന തുമാമയും ചുറ്റിക്കണ്ട്​ നേരെ കിലോമീറ്ററുകൾ അകലെയുള്ള അൽ വക്റയിലേക്ക്​.

അവിടെയാണ്​ ബ്രിട്ടീഷ്​ ഇറാഖ്​ ആർക്കിടെക്ടായ മൺമറഞ്ഞ സഹ ഹദീദിന്‍റെ വാസ്​തുവിദ്യയിൽ വിസ്മയിപ്പിക്കുന്ന അൽ ജനൂബ്​ സ്​റ്റേഡിയമുള്ളത്​. ശേഷം, നേരെ റാസ്​ അബൂഅബൂദിലെ കണ്ടെയ്​നർ സ്​റ്റേഡിയത്തിന്‍റെ മായാപ്രപഞ്ചത്തിലേക്ക്​. 974 ഷിപ്പിങ്​ കണ്ടെയ്​നറുകൾകൊണ്ട്​ സ്​റ്റേഡിയം നിർമാണങ്ങളുടെ ചരിത്രത്തിലെ മറ്റൊരു അത്ഭുതമായ ഈ കളിത്തൊട്ടിലിന്‍റെ സൗന്ദര്യവും കണ്ട്​ വീണ്ടും യാത്ര. ലോകകപ്പിന്‍റെ ഫൈനൽ വേദിയായി ഖത്തറിന്‍റെ നെറ്റിപ്പട്ടംപോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ലുസൈൽ സ്​റ്റേഡിയമായിരുന്നു അടുത്ത സ്​റ്റേഷൻ. ഈ മണ്ണിലാണ്​ 2022 ഡിസംബർ 18ന്​ രാത്രിയിൽ പുതിയ ഫിഫ ചാമ്പ്യന്മാർ പിറക്കുന്നത്​. അതിന്‍റെ സൗന്ദര്യവും ആസ്വദിച്ച്​, സൂര്യൻ മറയും മുമ്പേ ദോഹയിൽനിന്നും ഏറ്റവും അകലെയുള്ള വേദിയായ അൽ ബെയ്ത്​ സ്​റ്റേഡിയം. ലോകകപ്പിന്‍റെ ഉദ്​ഘാടന വേദികൂടിയായി ഈ തമ്പ്​ മൈതാനിയും പാർക്കും അടങ്ങുന്ന അൽബെയ്തിലെത്തുമ്പോഴേക്കും സമയം രാത്രി 7.30ന്​.

വെള്ളിവെളിച്ചത്തിൽ തിളങ്ങുന്ന കളിയിടത്തോട്​ യാത്രപറഞ്ഞ്​ റബീഉൽ ഇബ്രാഹീമിന്‍റെ സ്​റ്റേഡിയം ടൂറിന്​ ശുഭപര്യവസാനമായി. രാവിലെ 8.30ന്​ ആരംഭിച്ച ​ഓട്ടം രാത്രി 7.30നാണ്​ അവസാനിച്ചതെങ്കിലും എട്ട്​ മണിക്കൂറായിരുന്നു സൈക്കിൾ റണ്ണിങ്ങിന്‍റെ സമയം. ബാക്കിയുള്ള സമയം, ഫോട്ടോയെടുപ്പും ​സമൂഹ മാധ്യമത്തിലെ തത്സമയ അപ്​ഡേഷനുമെല്ലാമായിരുന്നു. ഓടിത്തീർത്തത്​ 120 കി. മീറ്റർ. ഇതിൽ 100 കി. മീറ്ററും പ്രധാനപാതകളോട്​ ചേർന്നുള്ള സൈക്ലിങ്​ ട്രാക്കുകളിലൂടെയായിരുന്നു.​ ലോകകപ്പിന്‍റെ വർഷമെന്ന നിലയിൽ കായിക ദിനത്തിൽ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന ആശയത്തിൽനിന്നാണ്​ എട്ടു സ്​റ്റേഡിയങ്ങളിലെ റൈഡിലെത്തിയതെന്ന്​ റബീഉൽ ഇബ്രാഹീം പറയുന്നു. തൃശൂർ പാവറട്ടി സ്വദേശിയായ റബീഉൽ ഖത്തർ ഗ്യാസ്​ ഗ്രൂപ്പി​ൽ സീനിയർ പ്രോജക്ട്​ എൻജിനീയറായി ജോലി ചെയ്യുകയാണ്​. ഫാദിയ അലിയാണ്​ ഭാര്യ. മുആദ്​, മർവാൻ എന്നിവർ മക്കൾ.

Show Full Article
TAGS:doha National Sports Day Cycling through the World Cup venues 
News Summary - Malayalee cycling through the World Cup venues on National Sports Day
Next Story