ലോകാരോഗ്യ സംഘടനയുടെ ഹെൽത്തി സിറ്റി അംഗീകാരവുമായി മദീന
text_fieldsമദീന ഗവർണർ സൽമാൻ ബിൻ സുൽതാൻ രാജകുമാരൻ ഡബ്ല്യൂ.എച്ച്.ഒ ഹെൽത്തി സിറ്റി സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു
മദീന: ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യൂ.എച്ച്.ഒ) ആരോഗ്യ നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് സൗദി അറേബ്യയിലെ വിശുദ്ധ നഗരങ്ങളിലൊന്നായ മദീന പട്ടണം. ആരോഗ്യ മേഖലയിലെ മികവിനുള്ള അംഗീകാരമായാണ് ലോകാരോഗ്യ സംഘടന ഏറ്റവും പുതിയ ഹെൽത്തി സിറ്റി പട്ടികയിൽ മദീനയെയും ഉൾപ്പെടുത്തിയത്. വ്യാഴാഴ്ച നടന്ന ചടങ്ങിൽ മദീന ഗവർണർ സൽമാൻ ബിൻ സുൽതാൻ രാജകുമാരൻ ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജലിൽ നിന്നും അംഗീകാര പത്രം ഏറ്റുവാങ്ങി.
മധ്യപൂർവേഷ്യയിൽ നിന്നും ജിദ്ദക്കു ശേഷം ഏറ്റവും വലിയ രണ്ടാമത്തെ ആരോഗ്യ നഗരമെന്ന പദവിയാണ് മദീനയെ തേടിയെത്തുന്നത്. പാർക്കുകൾ, കാൽനടക്കാർക്കായുള്ള ഇടങ്ങൾ, സ്കൂളുകളും പ്രാഥമിക കേന്ദ്രങ്ങളും വഴി ആരോഗ്യ പരിരക്ഷക്കുള്ള പ്രോത്സാഹനം തുടങ്ങി വിവിധ മേഖലകളിലെ മികവാണ് മദീനക്ക് ആരോഗ്യ നഗരമായി ഉയരാൻ വഴിയൊരുക്കിയത്. ഡബ്യൂ.എച്ച്.ഒ യുടെ 80 മാനദണ്ഡങ്ങളെങ്കിലും പൂർത്തിയാക്കിയാണ് ഹെൽതി സിറ്റിയായി മാറുന്നത്.
മറ്റു 14 നഗരങ്ങൾ കൂടി സൗദിയിൽ നിന്നും ലോകാരോഗ്യ സംഘടനയുടെ പട്ടികയിൽ ഇടം നേടി. ത്വാഇഫ്, തബുക്, ഉനൈസ, ജലാജിൽ, അൽ മൻദഖ്, അൽ ജുമും തുടങ്ങിയ നഗരങ്ങളും ഹെൽതി സിറ്റി പട്ടികയിൽ ഇടം പിടിച്ചു.
ലോകമെങ്ങുമുള്ള ഇസ്‍ലാം മത വിശ്വാസികളുടെ വിശുദ്ധ നഗരങ്ങളിലൊന്നായ മദീന രണ്ടാം തവണയാണ് ലോകാരോഗ്യ സംഘടനയുടെ ഹെൽതി സിറ്റി അംഗീകാരം നേടുന്നത്. 2019ലും മീദനയുടെ ആരോഗ്യ സൗഹൃദ മികവിന് ഈ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

