ജീവൻ രക്ഷിക്കണം; ഷിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി അധികൃതർ
text_fieldsഷിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി കോംപ്ലക്സ്
ഷിംല: കനത്ത മണ്ണിടിച്ചിലിലും പേമാരിയിലും ജീവൻ അപകടത്തിലാണെന്നും അപകട സാധ്യത വിലയിരുത്തണമെന്നും അഭ്യർഥിച്ച് ഹിമാചൽ പ്രദേശ് തലസ്ഥാനമായ ഷിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി (ഐ.ഐ.എ.എസ്) അധികൃതർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനും പ്രാദേശിക അധികാരികൾക്കും കത്തയച്ചു. തിങ്കളാഴ്ച പുലർച്ചെയുണ്ടായ വൻ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിലാണ് സ്ഥാപന അധികൃതരുടെ നടപടി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുൽത്തകിടികളോട് ചേർന്ന ഭാഗത്ത് കഴിഞ്ഞദിവസം ഉരുൾപൊട്ടിയിരുന്നു. കോളജിന്റെ വേലി കെട്ടിയ പാതയും പുൽത്തകിടികൾക്ക് തൊട്ടുമുന്നിലുള്ള മരങ്ങളും ഉരുൾപൊട്ടലിൽ നശിച്ചു പോവുകയും ചെയ്തു. കോളജിന്റെ സുരക്ഷയ്ക്കായി അപകടസാധ്യത വിലയിരുത്തുന്നതിനും പ്രതിരോധ നടപടികൾക്കുമായാണ് കത്തെഴുതിയത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെയും കാലാവസ്ഥാ വകുപ്പിലെയും ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചിട്ടുണ്ട്. ഉരുൾപൊട്ടലിന്റെ ഫലമായി രണ്ട് റോഡുകളും ഷിംല-കൽക്ക പൈതൃക റെയിൽവേ ട്രാക്കിന്റെ വലിയ ഭാഗവും സ്ഥാപനത്തിനടുത്തുള്ള ക്ഷേത്രവും തകർന്നിരുന്നു. സംസ്ഥാനത്തു കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്ത മണ്ണിടിച്ചിലിലും പേമാരിയിലും നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

