നഷ്ടമായത് ലക്ഷങ്ങൾ; ബി.ജെ.പി എം.പിയുടെ ഭാര്യ സൈബർ തട്ടിപ്പിനിരയായത് ഇങ്ങനെ
text_fieldsബംഗളൂരു: ഡിജിറ്റർ അറസ്റ്റ് തട്ടിപ്പ് രാജ്യത്ത് വ്യാപകമായിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപയാണ് തട്ടിപ്പിനിരയാകുന്ന നിരവധി പ്രമുഖർക്കടക്കം നഷ്ടമാകുന്നത്. ഏറ്റവുമൊടുവിൽ കർണാടക മുൻ മന്ത്രിയുടെ ഭാര്യയാണ് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയായിരിക്കുന്നത്. ചിക്കബല്ലാപൂർ ബി.ജെ.പി എം.പിയും കർണാടക മുൻ മന്ത്രിയുമായ കെ. സുധാകറിന്റെ ഭാര്യ പ്രീതി സുധാകറിനെയാണ് ഡിജിറ്റൽ അറസ്റ്റിന്റെ മുൾമുനയിൽ നിർത്തി 14 ലക്ഷം രൂപ കവർന്നത്.
സംഭവത്തിൽ നഷ്ടപ്പെട്ട പണം തിരികെ കിട്ടിയെങ്കിലും പ്രതികളായ തട്ടിപ്പുകാരെ തിരയുകയാണ് പൊലീസ്.
ആഗസ്റ്റ് 26നാണ് മുംബൈ സൈബർ ക്രൈം ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് പ്രീതിക്ക് ഒരു വാട്സ് ആപ് കാൾ വന്നത്. പ്രീതിയുടെ ബാങ്ക് അക്കൗണ്ടിലൂടെ നിയമവിരുദ്ധമായ അന്താരാഷ്ട്ര പണമിടപാട് നടന്നിട്ടുണ്ടെന്നും ട്രാൻസ്ഫർ ചെയ്ത പണം തങ്ങൾ പറയുന്ന മറ്റൊരു അക്കൗണ്ടിലേക്ക് അയച്ച് വെരിഫിക്കേഷൻ നടത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും അവർ ഭീഷണിപ്പെടുത്തി. റിസർവ് ബാങ്കിന്റെ ചട്ട പ്രകാരം ട്രാൻസ്ഫർ ചെയ്ത പണം 45 മിനിട്ടിനകം തിരിച്ചുനൽകുമെന്നും അവർ ഉറപ്പുനൽകി. അറസ്റ്റ് ഭയന്ന് പ്രീതി ഉടൻ യെസ് ബാങ്കിന്റെ അജ്ഞാത അക്കൗണ്ടിലേക്ക് 14 ലക്ഷം രൂപ അയച്ചുകൊടുത്തു. സംഭവം തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രീതി, വെസ്റ്റ് ഡിവിഷൻ സൈബർ ക്രൈം പൊലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു. ഉടൻ നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ ഹെൽപ് ലൈൻ നമ്പർ വഴി കേസ് റജിസ്റ്റർ ചെയ്ത് തട്ടിപ്പുകാരുടെ അക്കൗണ്ട് മരവിപ്പിച്ചു. എ.സി.ജെ.എം കോടതി യെസ് ബാങ്കിനോട് നിർദേശിച്ചതോടെ ഒരാഴ്ചക്കുള്ളിൽ മരവിപ്പിച്ച അക്കൗണ്ടിലെ പണം തിരിച്ചുലഭിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

