ഗൾഫിലേക്ക് ഭക്ഷ്യക്കയറ്റുമതിക്ക് ഇന്ത്യയുടെ പിന്തുണ
text_fieldsപ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി കൂടിക്കാഴ്ച നടത്തുന്നു
ദുബൈ/ ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യ ഉൽപന്നങ്ങളുടെ വിതരണം സ്ഥിരതയോടെ തുടരുന്നതിൽ ഇന്ത്യ നിർണായക പങ്ക് വഹിക്കുന്നതിനിടെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. നിലവിലെ സാഹചര്യത്തിൽ വിതരണത്തുടർച്ച നിലനിർത്തുന്നതിന് സ്വീകരിക്കുന്ന വിവിധ നടപടികളെക്കുറിച്ച് യൂസുഫലി പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നടന്നത്.
ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യക്കയറ്റുമതി സുഗമമാക്കാൻ ഇന്ത്യൻ സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയാതായി ലുലു ഗ്രൂപ്പ് അറിയിച്ചു. ഗൾഫ് മേഖലയിൽ 280ലധികം ഹൈപ്പർമാർക്കറ്റുകൾ നടത്തുന്ന ലുലു ഗ്രൂപ്പ്, ഭക്ഷ്യവിതരണ രംഗത്തെ പ്രധാന സ്ഥാപനങ്ങളിലൊന്നാണ്. വിപണിയിൽ അനാവശ്യ ആശങ്കകളും സ്റ്റോക്ക് കുറവും ഉണ്ടാകാതിരിക്കാൻ വിവിധ ഇടപെടലുകളാണ് ഗ്രൂപ്പ് സ്വീകരിച്ചുവരുന്നത്.
യോഗത്തിൽ ഗൾഫ് രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷക്ക് പിന്തുണ നൽകുന്നതിനായി ലുലു ഗ്രൂപ്പ് സ്വീകരിച്ച നടപടികളെക്കുറിച്ച് യൂസുഫലി വിശദീകരിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 15,000 ടൺ ഭക്ഷ്യവസ്തുക്കൾ ഇതിനകം തന്നെ പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ, കാർഗോ കപ്പലുകൾ, സാധാരണ ഷിപ്പിങ് സേവനങ്ങൾ എന്നിവ വഴിയായി എത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.ഇതിനകം ലുലു ഗ്രൂപ്പ് 34 പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഗ്രൂപ്പിന്‍റെ വിവിധ ഉൽപാദന-ലോജിസ്റ്റിക് കേന്ദ്രങ്ങൾ കൂടുതൽ ശേഷിയിൽ പ്രവർത്തിച്ചുകൊണ്ട് ആവശ്യങ്ങൾ നിറവേറ്റുന്നതിന് സഹായിക്കുന്നുണ്ട്. അടുത്ത ആഴ്ചകളിലും കൂടുതൽ ചരക്കു വിമാനങ്ങളും കപ്പൽ ഗതാഗതവും വഴി വിതരണ പ്രവർത്തനങ്ങൾ തുടരുമെന്ന് യൂസുഫലി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

