യു.എ.ഇയിലേക്ക് പോകുന്ന ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം; ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കണമെന്ന് ഇന്ത്യൻ എംബസി
text_fieldsദുബൈ: യു.എ.ഇ സന്ദർശിക്കാൻ പുറപ്പെടുന്ന ഇന്ത്യക്കാർ തങ്ങൾക്ക് യു.എ.ഇയിൽ ചികിത്സ തേടുന്നതിന് ആവശ്യമായ ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യൻ എംബസി. യു.എ.ഇയിലെത്തിയ ശേഷം പലരും, ചികിത്സ ചെലവ് താങ്ങാനാവാതെ കുടുങ്ങുന്ന സാഹചര്യത്തിലാണ് എംബസിയുടെ മുന്നറിയിപ്പ്.
യു.എ.ഇ സന്ദർശിക്കാനായി എത്തുന്നവർ രോഗബാധിതരായി ചികിത്സ തേടുകയും ഒടുവിൽ ചികിത്സാ ചെലവ് താങ്ങാനാകാതെ പ്രതിസന്ധിയിലാവുന്നതും ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് അബൂദബിയിലെ ഇന്ത്യൻ എംബസിയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റും സംയുക്തമായി മുന്നറിയിപ്പ് നൽകിയത്. സന്ദർശനത്തിനായും വിനോദസഞ്ചാരത്തിലായും യു.എ.ഇലേക്ക് പുറപ്പെടുന്നതിന് മുമ്പേ തങ്ങൾക്ക് മതിയായ ആരോഗ്യ ഇൻഷുറൻസ് കവറേജ് ഉണ്ട് യാത്രക്കാർ ഉറപ്പുവരത്തണം.
ഇത് കാഷ്ലെസ് ചികിത്സ സൗകര്യം ഉറപ്പാക്കുന്നതും മെഡിക്കൽ എമർജൻസിയിൽ നാട്ടിലേക്ക് ചികിത്സക്ക് മടങ്ങേണ്ടി വന്നാൽ ആവശ്യമായ ചെലവുകൾ വഹിക്കുന്നതുമാകണമെന്ന് എംബസി നിർദേശിച്ചു. തൊഴിൽവിസയിലും, ആശ്രിതവിസയിലും യു.എ.ഇയിൽ താമസിക്കുന്നവരും തങ്ങളുടെ മെഡിക്കൽ ഇൻഷൂറൻസ് മതിയായ ചികിത്സ കവറേജുള്ളതും നാട്ടിലേക്ക് ചികിൽസക്ക് പോകേണ്ടി വന്നാൽ അതിന്റെ ചെലവുകളും കവർ ചെയ്യുന്നതാകണമെന്നും എംബസി അധികൃതർ മുന്നറിപ്പിൽ നിർദേശിച്ചു.

