ആരോഗ്യ മേഖലയിൽ ഇന്ത്യ-യു.എ.ഇ സഹകരണം ശക്തമാക്കും
text_fieldsകേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ യു.എ.ഇ അധികൃതരുമായുള്ള കൂടിക്കാഴ്ചയിൽ
സംസാരിക്കുന്നു
ദുബൈ: യു.എ.ഇ ആരോഗ്യ-രോഗ പ്രതിരോധ മന്ത്രി അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് അൽ ഉവൈസുമായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ കൂടിക്കാഴ്ച നടത്തി. ആരോഗ്യ മേഖലയിൽ ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച വിഷയങ്ങളെ കുറിച്ച് ഇരുവരും കൂടിയാലോചന നടത്തുകയും ധാരണയിലെത്തുകയും ചെയ്തു.
കേന്ദ്രമന്ത്രിയുടെ യു.എ.ഇ സന്ദർശനത്തിെൻറ ഭാഗമായി അബൂദബിയിലാണ് കൂടിക്കാഴ്ച നടന്നത്. മഹാമാരിയുടെ കാലത്ത് ഫാർമസ്യൂട്ടിക്കൽ ഉൽപന്ന മേഖലയിൽ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് ഇരു രാജ്യങ്ങൾക്കുമുള്ള കാഴ്ചപ്പാടുകൾ മന്ത്രിമാർ ചർച്ചയിൽ പങ്കുവെച്ചു.
ഇരു രാജ്യങ്ങളും തമ്മിലെ ആരോഗ്യ മേഖലയിലെ ബന്ധം വികസിപ്പിക്കുന്നതിെൻറ പ്രാധാന്യവും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള ഭാവി പദ്ധതികളെ കുറിച്ചും ചർച്ച നടന്നു. ഇന്ത്യയുമായുള്ള നിലവിലുള്ള സഹകരണം ആരോഗ്യ മേഖലയിൽ നേട്ടങ്ങൾ കൈവരിച്ചുവെന്ന് അൽ ഉവൈസ് അഭിപ്രായപ്പെട്ടു. ഫലപ്രദമായ ആസൂത്രണവും ക്രിയാത്മകമായ സുരക്ഷ നടപടികളും വിവേകപൂർവമായ നേതൃത്വവുമാണ് കോവിഡ് മഹാമാരിയെ നേരിടുന്നതിന് യു.എ.ഇയെ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ സംരക്ഷണത്തിൽ ഉഭയകക്ഷി സഹകരണം വളർത്തിയെടുക്കാനും മികച്ച മെഡിക്കൽ പ്രാക്ടീസുകൾ, വാക്സിനുകൾ എന്നിവ പരസ്പരം കൈമാറാനും ഇന്ത്യ ആഗ്രഹിക്കുന്നതായി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി. ആരോഗ്യ മേഖലയിൽ യു.എ.ഇ കൈവരിച്ച നേട്ടങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. നേരത്തെ കേന്ദ്രമന്ത്രി യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് ശക്ബൂത് നഹ്യാൻ ആൽ നെഹ്യാനുമായും കൂടിക്കാഴ്ച നടത്തി. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ദുബൈ കോൺസുൽ ജനറൽ ഡോ. അമൻ പുരി എന്നിവരും കൂടിക്കാഴ്ചയിൽ മന്ത്രിയെ അനുഗമിച്ചു.