'ഇന്ത്യയും മലേഷ്യയും തമ്മിൽ അഭേദ്യമായ വ്യാപാര ബന്ധം'-ട്രേഡ് കമ്മീഷനർ
text_fieldsദുബൈ: ഇന്ത്യയും മലേഷ്യയും തമ്മിൽ അഭേദ്യമായ വ്യാപാര ബന്ധമാണുള്ളതെന്ന് മലേഷ്യൻ ട്രേഡ് കമ്മീഷനർ ഒമർ മുഹമ്മദ് സല്ലെ പറഞ്ഞു. ദുബൈ േവൾഡ് ട്രേഡ് സെൻററിൽ നടന്ന അറബ് ഹെൽത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ- മലേഷ്യ വ്യാപാര ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇപ്പോഴും അത് മികച്ച രീതിയിൽ തുടരുന്നു. നിരവധി ഇന്ത്യക്കാർ വിനോദ സഞ്ചാരത്തിനെത്തുന്ന രാജ്യമാണ് മലേഷ്യ. കോവിഡ് കാലത്ത് ഇവർക്കെല്ലാം സുരക്ഷിത സഞ്ചാരമൊരുക്കുന്നുണ്ട്. മെഡിക്കൽ ഉപകരണങ്ങൾ ഏറ്റവുമധികം ഉദ്പാദിപ്പിക്കുന്ന രാജ്യമാണ് മലേഷ്യ.
പരിശോധന കിറ്റുകൾ, ഡിസ്പോസിബ്ൾ ഉപകരണങ്ങൾ, റബർ ഉൽപന്നങ്ങൾ തുടങ്ങിയവയെല്ലാം ഉദ്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. മെഡിക്കൽ ഡിവൈസുകളുടെ ഹബായി മലേഷ്യ മാറിയിട്ടുണ്ട്. കോവിഡ് കാലത്തും മലേഷ്യയുടെ വ്യാപാരം ഉയർന്നുകൊണ്ടിരിക്കുകയാണ്. കോവിഡിനെ അതിജീവിക്കാൻ എല്ലാവിധ നടപടികളും സർക്കാർ കൈക്കൊള്ളുന്നുണ്ട്. വാക്സിനേഷൻ മികച്ച രീതിയിൽ പുരോഗമിക്കുന്നു.
പരിസ്ഥിതി സംരക്ഷണ സന്ദേശം ഉൾകൊണ്ടാണ് എക്സ്പോ 2020യിൽ മലേഷ്യൻ പവലിയൻ നിർമിച്ചിരിക്കുന്നത്. സുസ്ഥിര ജീവിതത്തിെൻറയും പരിസ്ഥിതി സംരക്ഷണത്തിെൻറയും ആശയം ഉൾകൊണ്ടാണ് പവലിയൻ നിർമിച്ചത്. 22 മന്ത്രാലയങ്ങളുടെയും 40 ഏജൻസികളുടെയും സാന്നിധ്യം ഇവിടെയുണ്ടാകും. യു.എ.ഇ- മലേഷ്യ വ്യാപാര ബന്ധം ഊട്ടിയുറപ്പിക്കുന്നതാവും എക്സ്പോയെന്നും അദ്ദേഹം കൂട്ടിചേർത്തു.