ഇഖാമ, വിസ ഫീസ് നിരക്കുകളിൽ വർധന; ഡിസംബർ 23 മുതൽ പ്രാബല്യത്തിൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് റെസിഡൻസി, വിസ സേവനങ്ങളുടെ വർധിപ്പിച്ച ഫീസ് നിരക്ക് ഡിസംബർ 23 മുതൽ പ്രാബല്യത്തിൽ വരും. ഒരു വർഷം മുമ്പ് പുറപ്പെടുവിച്ച താമസ നിയമത്തിലെ പുതിയ ബൈലോയിലാണ് പുതിയ ഇളവുകളും ഫീസ് നിരക്കും പ്രഖ്യാപിച്ചത്.
സന്ദർശന വിസകൾ നീട്ടാനും റെസിഡൻസിയിലേക്ക് മാറ്റാനുമുള്ള സൗകര്യം, നവജാതശിശുക്കൾക്ക് റെസിഡൻസി ലഭിക്കുന്നതിനുള്ള കാലാവധി നാല് മാസമായി നീട്ടൽ എന്നിവ പ്രധാന മാറ്റമാണ്. കുടുംബ വിസക്ക് അപേക്ഷിക്കുന്ന സ്പോൺസർക്ക് മിനിമം ശമ്പളം 800 ദീനാറാക്കി ഉയർത്തി. ഇണകളും കുട്ടികളും ഒഴികെയുള്ള ആശ്രിതരെ സ്പോൺസർ ചെയ്യുന്നതിനുള്ള ഫീസ് പ്രതിവർഷം 300 ദീനാറാക്കുകയും ചെയ്തു.
വിസ മാറ്റം
പുതിയ ബൈലോകൾ പ്രകാരം ജോലിക്കോ താമസത്തിനോ ഉള്ള എൻട്രി വിസകൾ, ടൂറിസം, കുടുംബ സന്ദർശന വിസകൾ ഉൾപ്പെടെ എല്ലാത്തരം വിസകളുടെയും ഫീസ് ഉയർത്തി. സർക്കാർ, ബിസിനസ്, കുടുംബം, മെഡിക്കൽ ചികിത്സ, ടൂറിസം എന്നിവയുൾപ്പെടെ മിക്ക തരത്തിലുള്ള സന്ദർശന വിസകൾക്കും മൂന്നു മാസംവരെ സാധുതയുണ്ട്. ഈ വിസകൾ പരമാവധി ഒരു വർഷത്തേക്ക് പുതുക്കാം.
മൾട്ടിപ്പിൾ എൻട്രി വിസകൾക്ക് ഒരു വർഷംവരെ സാധുതയുണ്ട്. എന്നാൽ ഓരോ സന്ദർശനത്തിലും സന്ദർശകന് ഒരു മാസം വരെയാണ് താമസിക്കാൻ അനുവാദം.
ഗവൺമെന്റ് സന്ദർശന വിസകളിൽ വരുന്ന യൂനിവേഴ്സിറ്റി ബിരുദധാരികൾ, ഗാർഹിക സഹായികൾ, കുടുംബ സന്ദർശന വിസകളിൽ എത്തിയവർ, അധികാരികൾ അംഗീകരിക്കുന്ന മറ്റു കേസുകൾ എന്നിവയിൽ സന്ദർശന വിസകൾ സാധാരണ റസിഡൻസിയിലേക്ക് മാറ്റാം.
ഇഖാമ പുതുക്കൽ ഫീസ്
സർക്കാർ, സ്വകാര്യ മേഖലയിലെ റെസിഡൻസികൾ ഉൾപ്പെടെ മിക്ക റെസിഡൻസികൾക്കും വാർഷിക പുതുക്കൽ ഫീസ് 20 ദീനാറായി ഉയർത്തി. എല്ലാത്തരം വിദേശ നിക്ഷേപകർക്കും (ആർട്ടിക്കിൾ 19 ഉം 21 ഉം) റിയൽ എസ്റ്റേറ്റ് ഉടമകൾക്കും പ്രതിവർഷം റെസിഡൻസി ഫീസ് 50 ദീനാറാണ്. അതേസമയം സ്വയം സ്പോൺസർ ചെയ്ത താമസത്തിനുള്ള വാർഷിക ഫീസ് (ആർട്ടിക്കിൾ 24) 500 ദീനാറാണ്.
കുടുംബ വിസ
പ്രവാസികൾക്ക് അവരുടെ ഭാര്യമാരെയും ഭർത്താക്കന്മാരെയും കുട്ടികളെയും സ്പോൺസർ ചെയ്യാനുള്ള കുറഞ്ഞ പ്രതിമാസ ശമ്പളം 800 ദീനാർ ആണ്. സർക്കാരിലെ നിയമ ഗവേഷകർ, സർവകലാശാലകൾ, കോളജുകൾ, ഉന്നത സ്ഥാപനങ്ങൾ എന്നിവയിലെ പ്രൊഫസർമാർ, സർക്കാർ അധ്യാപകർ, ഇൻസ്പെക്ടർമാർ, ഗവൺമെന്റ് മേഖലയിലെ സാമൂഹിക വിദഗ്ധർ, ഗവൺമെന്റ് മേഖലയിലെ എൻജിനീയർമാർ, പള്ളികളിലെ ഇമാമുമാർ, മതപ്രഭാഷകർ, സൈനിക, ആരോഗ്യ മന്ത്രാലയങ്ങളിലെ ഫാർമസിസ്റ്റുകളും നഴ്സുമാരും, പത്രപ്രവർത്തകർ, പരിശീലകരും കളിക്കാരും, സെമിത്തേരി തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളെ കുറഞ്ഞ ശമ്പള മുൻവ്യവസ്ഥയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

