അവധിയിലിരിക്കുമ്പോൾ ജോലിയിൽനിന്ന് പിരിച്ചുവിട്ടാൽ !
text_fields? ഇവിടെ ഒരു കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു ഞാൻ. ലീവിന് നാട്ടിൽ പോയ സമയം എന്നെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി നോട്ടീസ് ലഭിച്ചു. എനിക്ക് ഇതിൽ നിയമപരമായി എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ? - രാജീവ്
തൊഴിൽ നിയമ പ്രകാരം അവധി സമയത്ത് ജോലിയിൽ നിന്നും പിരിച്ചു വിടാൻ പാടില്ല. അങ്ങനെ ചെയ്തുവെങ്കിൽ ഒരു ബഹ്റൈൻ അഭിഭാഷകൻ മുഖേന കോടതിയിൽ പരാതി നൽകണം. പരാതിയിൽ പിരിച്ചുവിട്ടത് നിയമപരമല്ലാത്തത് കൊണ്ട് താങ്കളെ തിരികെ എടുക്കണം, അല്ലെങ്കിൽ അതിനുള്ള നഷ്ടപരിഹാരം ആവശ്യപ്പെടാം. അത് താങ്കൾക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ എല്ലാം ആവശ്യപ്പെടണം. താങ്കൾ ഇപ്പോൾ നാട്ടിലാണെങ്കിൽ അവിടെ നിന്നും ഒരു പവർ ഓഫ് അറ്റോർണി അപ്പോസ്റ്റിൽ ചെയ്ത് ബഹ്റൈൻ അഭിഭാഷകന് അയച്ചുകൊടുക്കണം. അതുപോലെ താങ്കളുടെ തൊഴിൽ കരാറിന്റെ കോപ്പി തൊഴിൽ കാരാർ റദ്ദു ചെയ്ത നോട്ടീസ് എന്നിവയും അയച്ചുകൊടുക്കണം.
വാടക വീടൊഴിയുമ്പോൾ
? ഞാൻ കഴിഞ്ഞ എട്ടുവർഷത്തോളമായി താമസിച്ചുവരുന്ന വില്ലയിൽ നിന്നും കൂടുതൽ സൗകര്യമുള്ള മറ്റൊരു വില്ലയിലേക്ക് താമസം മാറി. വാടക കൊടുത്തശേഷം ബാധ്യതകളൊന്നുമില്ലാതെ വീടും പരിസരവും ചെറിയ പൂന്തോട്ടമടക്കം പൂർണമായും വീട്ടുടമയുടെ നിർദേശ പ്രകാരം അദ്ദേഹത്തിന്റെ തന്നെ ജോലിക്കാർക്ക് 40 ദീനാർ കൊടുത്ത് ഇന്റർ ലോക്ക് പാകി ക്ലീൻ ചെയ്ത് താക്കോൽ ഉടമക്ക് കൈമാറി. എന്നാൽ രണ്ടുമാസം കഴിഞ്ഞപ്പോൾ പെയിന്റിങ്ങടക്കം വീണ്ടും മെയിന്റനന്സ് ചെയ്യണമെന്നൊക്കെ പറഞ്ഞ് വീട്ടുടമ നിരന്തരം ഫോൺ സന്ദേശമയച്ചു കൊണ്ടിരിക്കുന്നു. ഇതിന്റെ നിയമവശം അറിയാൻ താല്പര്യമുണ്ട്. - മുനീർ പാലക്കാട്
ഇതിന്റെ നിയമവശം വാടക കരാറിൽ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് നോക്കാൻ കഴിയാതെ പറയാൻ പ്രയാസമാണ്. വാടക കരാറിൽ വീട് മാറുമ്പോൾ വീടിന്റെ അവസ്ഥ പഴയനിലയിൽ ആക്കിക്കൊടുക്കാമെന്ന് എഴുതിയിട്ടുണ്ടെങ്കിൽ അതായത് വീട് വാടകക്ക് എടുത്ത സമയത്ത് ഏത് നിലയിലാണോ ഉണ്ടായിരുന്നത് അതുപോലെ ആക്കി തിരികെ നൽകണമെന്ന് വ്യവസ്ഥയുണ്ടെങ്കിൽ വീട് പെയിന്റ് ചെയ്ത് എല്ലാ സാധനങ്ങളും പഴയനിലയിലാക്കി തിരികെ നൽകണം. കാലക്രമേണ, സ്വാഭാവിക ഉപയോഗം കാരണം സംഭവിക്കുന്നതൊഴികെ. വാടക കരാറിന്റെ കാലാവധി സമയത്ത് വീടിന്റെ ഉടമ എല്ലാ മെയിന്റനൻസും പെയിന്റും ചെയ്തു തന്നെങ്കിൽ മാത്രമാണ് ഈ വ്യവസ്ഥ. അതുപോലെ വീട്ടിൽ താങ്കൾ എന്തെങ്കിലും മോഡിഫൈ ചെയ്തിട്ടുണ്ടെങ്കിൽ അത് വീട്ടുടമ ആവശ്യപ്പെടുകയാണെങ്കിൽ പഴയ നിലയിലാക്കി കൊടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

