പുതിയ വിസ പരിഷ്കരണം: കൂടുതൽ പേരിലേക്ക് ഗോൾഡൻ വിസ
text_fieldsദുബൈ: യു.എ.ഇയിൽ തിങ്കളാഴ്ച മുതൽ നടപ്പിലായ പുതിയ വിസ പരിഷ്കരണത്തിലൂടെ കൂടുതൽ പേർക്ക് ഗോൾഡൻ വിസ ലഭിക്കാൻ സാഹചര്യമൊരുങ്ങുന്നു. ഗോൾഡൻ വിസ ലഭിക്കാൻ ആവശ്യമായ പ്രഫഷനലുകളുടെ കുറഞ്ഞ പ്രതിമാസ ശമ്പള പരിധി 50,000 ദിർഹമിൽനിന്ന് 30,000 ദിർഹമായി പുതിയ ചട്ടത്തിൽ കുറച്ചിട്ടുണ്ട്. ഇതിലൂടെ മെഡിസിൻ, സയൻസസ് ആൻഡ് എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, ബിസിനസ് ആൻഡ് അഡ്മിനിസ്ട്രേഷൻ, വിദ്യാഭ്യാസം, നിയമം, സംസ്കാരം, സാമൂഹിക ശാസ്ത്രം എന്നീ മേഖലകളിൽ ഉൾപ്പെടെ നിരവധി പ്രഫഷനലുകൾക്ക് ഗോൾഡൻ വിസ ലഭിക്കാൻ വഴിയൊരുങ്ങും. അതേസമയം അപേക്ഷകർക്ക് യു.എ.ഇയിൽ സാധുതയുള്ള തൊഴിൽ കരാർ ഉണ്ടായിരിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്.
പ്രാദേശിക ബാങ്കുകളിൽനിന്നുള്ള ലോൺ ഉപയോഗിച്ചാണെങ്കിലും കുറഞ്ഞത് 20 ലക്ഷം ദിർഹം മൂല്യമുള്ള ഒരു പ്രോപ്പർട്ടി വാങ്ങുമ്പോൾ നിക്ഷേപകർക്ക് ദീർഘകാല വിസ ലഭിക്കുന്നതിനും അംഗീകാരമായിട്ടുണ്ട്. അംഗീകൃത പ്രാദേശിക റിയൽ എസ്റ്റേറ്റ് കമ്പനികളിൽനിന്ന് നിർമാണത്തിനുമുമ്പ് വാങ്ങുന്ന ഓഫ്-പ്ലാൻ പ്രോപ്പർട്ടികളും ഇത്തരത്തിൽ പരിഗണിക്കും. ഇതും കൂടുതൽ പേർക്ക് ഗോൾഡൻ വിസക്ക് സാഹചര്യമൊരുക്കും. പുതിയ ചട്ടമനുസരിച്ച് ഗോൾഡൻ വിസയുള്ളവർക്ക് പ്രായപരിധിയില്ലാതെ കുട്ടികളെ സ്പോൺസർ ചെയ്യാം. അതുപോയെ സ്പോൺസർ ചെയ്യാൻ കഴിയുന്ന സഹായികളായ തൊഴിലാളികളുടെ എണ്ണത്തിന്‍റെ പരിധിയും ഒഴിവാക്കിയിട്ടുണ്ട്. യു.എ.ഇക്കുപുറത്ത് എത്രകാലം ചെലവഴിക്കുന്നു എന്നത് വിസ സാധുവാകാൻ പരിഗണിക്കില്ലെന്നും പുതിയ നിയമത്തിൽ പറയുന്നു. നേരത്തെ ആറുമാസത്തിൽ ഒരിക്കലെങ്കിലും യു.എ.ഇയിൽ പ്രവേശിക്കണം എന്ന നിബന്ധനയുണ്ടായിരുന്നു. ഇത്തരത്തിൽ പുതിയ പരിഷ്കരണം വലിയ തോതിൽ ഗോൾഡൻ വിസക്കാരുടെ എണ്ണം വർധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രവാസികൾക്കും നിക്ഷേപകർക്കും സന്ദർശകർക്കും വിസ ലഭിക്കുന്നത് എളുപ്പമാക്കുന്നതാണ് പുതിയ സംവിധാനം. യു.എ.ഇയിലേക്ക് കൂടുതൽപേരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. വിസ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും നടപടിയിലൂടെ സാധിക്കുന്നതിനൊപ്പം പുതിയ വിസകളും നിലവിൽവരും.
ഗ്രേസ് പീരിയഡ് മാറ്റം ആശ്വാസമാകും
ദുബൈ: പുതിയ വിസ ചട്ടമനുസരിച്ച് വിസ കാലാവധി കഴിഞ്ഞാലുള്ള ഗ്രേസ് പീരിയഡിൽ മാറ്റംവരുന്നത് പ്രവാസികൾക്ക് ആശ്വാസം പകരും. റസിഡൻസി വിസ കാലഹരണപ്പെട്ടുകഴിഞ്ഞാൽ പ്രവാസികൾക്ക് രാജ്യം വിടാനോ മറ്റൊരു വിസ ലഭിക്കാനോ 30 ദിവസത്തെ ഗ്രേസ് പീരിയഡാണ് ലഭിച്ചിരുന്നത്. ആറുമാസം വരെ ഫ്ലെക്സിബിൾ ഗ്രേസ് പീരിയഡ് ലഭിക്കുമെന്നാണ് പുതിയ ചട്ടത്തിൽ പറയുന്നത്. എന്നാൽ, എല്ലാ വിസകൾക്കും ഇത് ബാധകമാണോ എന്ന് വ്യക്തമല്ല. കൂടുതൽ കാലം ഗ്രേസ് പീരിയഡ് ലഭിക്കുന്നത് പ്രവാസികൾക്ക് പുതിയ ജോലി കണ്ടെത്താനും മറ്റും ഏറെ ഉപകാരപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

