ഗഫൂർ മൂടാടി: ചില്ലിട്ടുവെച്ച ഓർമച്ചിത്രങ്ങൾ...
text_fieldsകുവൈത്ത് സിറ്റി: ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി ചില്ലിട്ടുവെച്ച ഓർമച്ചിത്രമായി ഇനിയെന്നും മനസ്സുകളിൽ നിലനിൽക്കും. ഓർക്കാപ്പുറത്ത് ഷട്ടർ വീണ ജീവിതം കുവൈത്ത് മലയാളി സമൂഹത്തിന് സമ്മാനിച്ചുപോയത് നിരവധി നിറമുള്ള ഓർമകൾ. ഫോട്ടോഗ്രാഫർ എന്ന നിലയിൽ പതിറ്റാണ്ടുകളായി അദ്ദേഹം സാമൂഹിക സംഘടന രംഗത്ത് സുപരിചിതനാണ്. ഫോട്ടോഗ്രാഫിയിലേക്ക് അധികമാരും കടന്നുവന്നിട്ടില്ലാത്ത ആദ്യകാലത്ത് കുവൈത്തിലെ സംഘടന പരിപാടികളിൽ നിറസാന്നിധ്യമായിരുന്ന ഗഫൂർ മൂടാടി
ഈ മാസം നടക്കേണ്ട മകളുടെ വിവാഹത്തിനായി പത്തുദിവസം മുമ്പ് നാട്ടിൽ പോകുന്നത് വരെയും ഫീൽഡിൽ സജീമായിരുന്നു. ഇന്ത്യൻ എംബസിയുടെയും പ്രവാസി സംഘടനകളുടെയും പരിപാടികളിൽ കാമറവും തൂക്കി സൗമ്യ സാന്നിധ്യമായി അദ്ദേഹത്തെ സ്ഥിരം കാണാമായിരുന്നു. സൗഹൃദങ്ങൾക്ക് ഏറെ വില കൽപിച്ച ഗഫൂർ മൂടാടി വിപുലമായ സുഹൃദ്‍വലയത്തിന്റെയും ധാരാളം ശിഷ്യ സമ്പത്തിന്റെയും ഉടമയാണ്. സഹോദരൻ നൗഫൽ മൂടാടി കുവൈത്തിൽ അൽ ജരീദ പത്രത്തിൽ ഫോട്ടോഗ്രാഫറാണ്. കുവൈത്ത് ശാസ്ത്ര ഗവേഷണ കേന്ദ്രത്തിൽ ഫോട്ടോഗ്രാഫറായി സ്ഥിരം ജോലി ചെയ്യുന്നതിനൊപ്പം മലയാള മനോരമ പത്രത്തിന് വേണ്ടിയും ഗഫൂറിന്റെ കാമറ കണ്ണുമിന്നിച്ചു.
ഗൾഫ് മാധ്യമവുമായും നല്ല ബന്ധം പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ പടങ്ങൾ ഗൾഫ് മാധ്യമത്തിലും പലപ്പോഴായി അടിച്ചുവന്നിട്ടുണ്ട്. ഫോട്ടോകൾ പോലെ തന്നെ ഇരുളും വെളിച്ചവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അസുഖങ്ങൾ കാരണം വർഷങ്ങളായി പ്രയാസപ്പെട്ടായിരുന്നു അദ്ദേഹം കാമറയുമായി സദസ്സുകളിൽ എത്തിയിരുന്നത്. എന്നാൽ, തന്റെ പടങ്ങളിൽ അത് നിഴലിക്കരുതെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ന്യൂസ് ഫോട്ടോഗ്രാഫിയുടെ മർമം അറിഞ്ഞ തികഞ്ഞ പ്രഫഷനൽ ആയിരുന്നു അദ്ദേഹമെന്നതിന് ചിത്രങ്ങൾ സാക്ഷി. കേരള പ്രസ് ക്ലബ് കുവൈത്ത് എന്ന മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ രൂപവത്കരണത്തിന് മുൻപന്തിയിലുണ്ടായിരുന്ന അദ്ദേഹം സംഘടനയുടെ എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.