ജപ്പാനെ പിടിച്ചുകെട്ടി ഓസ്ട്രിയ; വിജയം തുടർന്ന് ഇറ്റലി
text_fieldsഓസ്ട്രിയ-ജപ്പാൻ മത്സരത്തിൽനിന്ന്
ദോഹ: ജപ്പാനെ പരാജയപ്പെടുത്തി ഫിഫ അണ്ടർ 17 ലോകകപ്പ് സെമി ഫൈനലിൽ പ്രവേശിച്ച് ഓസ്ട്രിയ. ക്വാർട്ടറിൽ എതിരില്ലാത്ത ഒരു ഗോളിനാണ് കീഴടക്കിയത്.
ബുർകിനഫാസോയെ പരാജയപ്പെടുത്തിയ ഇറ്റലി താരങ്ങളുടെ ആഹ്ലാദം
ഗ്രൂപ് ഘട്ടം മുതൽ തോൽവിയറിയാതെ ക്വാർട്ടറിലെത്തിയ ഏഷ്യൻ കരുത്തരെയാണ് ഓസ്ട്രിയ പിടിച്ചുകെട്ടിയത്. ആവേശകരമായ ആദ്യ പകുതിക്ക് ശേഷം, 49ാം മിനിറ്റിൽ ടൂർണമെന്റിലെ മികച്ച ഗോൾ വേട്ടക്കാരിലൊരാളായ ജോഹന്നാസ് മോസറിന്റെ മികച്ച ഫിനിഷിലൂടെയാണ് ഓസ്ട്രിയ ഗോൾ കണ്ടെത്തിയത്.
ടൂർണമെന്റിലെ മോസറി ആറാമത്തെ ഗോളാണ് ജപ്പാനെതിരെ പിറന്നത്. തുടർന്ന് മിനിറ്റുകൾക്കു ശേഷം ഓസ്ട്രിയൻ താരം ഹസൻ ദേശിഷ്കുവിന്റെ ശ്രമം ജപ്പാൻ ഗോൾ കീപ്പർ ഷുജി മുറാമസു സേവ് ചെയ്തു.
തുടർന്ന് മികച്ച പ്രകടനം പുറത്തെടുത്ത ജപ്പാൻ ഗോളിനായി നിരവധി ശ്രമങ്ങൾ തുടർച്ചയായി നടത്തി. 58ാം മിനിറ്റിൽ പകരക്കാരനായെത്തിയ മിനാറ്റോ യോഷിദ ശ്രമം പക്ഷേ വിഫലമായി. ജപ്പാനെതിരായ ജയത്തോടെ ആറാം തവണയാണ് ഓസ്ട്രിയ അണ്ടർ 17 ലോകകപ്പ് സെമി ഫൈനലിൽ പ്രവേശനം നേടുന്നത്. ഗ്രൂപ് ഘട്ടം മുതൽ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഓസ്ട്രിയ സെമി ഫൈനൽ പ്രവേശനം ഉറപ്പാക്കിയത്. നോക്കൗട്ടിൽ തുനീഷ്യയെ രണ്ട് ഗോളിന് തോൽപിച്ചപ്പോൾ, പ്രീക്വാർട്ടറിൽ യൂറോപ്യൻ ശക്തികളായ ഇംഗ്ലണ്ടിനെ എണ്ണം പറഞ്ഞ നാല് ഗോളിനാണ് ഓസ്ട്രിയ പിടിച്ചുകെട്ടിയത്.
ഗ്രൂപ് ഘട്ടത്തിലും നോക്കൗട്ടിലും വലിയ പരിക്കുകളില്ലാതെ ക്വാർട്ടറിലെത്തിയ ഇറ്റലിക്ക് ബുർകിനഫാസോ കനത്ത വെല്ലുവിളിയാണ് ഉയർത്തിയത്. ജയത്തോടെ സെമിഫൈനലിൽ ഓസ്ട്രിയയെ ഇറ്റലി നേരിടും. അണ്ടർ 17 നിലവിലെ ചാമ്പ്യന്മാരായ ജർമനിയെ നോക്കൗട്ട് റൗണ്ടിലും പ്രീ ക്വാർട്ടറിൽ യുഗാണ്ടയെ പെനാൽറ്റി ഷൂട്ടൗട്ടിലും തളച്ച് ക്വാർട്ടറിൽ ഇറ്റലിക്കെതിരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബുർകിനഫാസോയുടെ പ്രതിരോധത്തിനു മുന്നിൽ ഗോൾ നേടാൻ ഏറെ വിയർത്തു. 83ാം മിനിറ്റിൽ തോമസ് കാമ്പാനിയല്ലോ ആണ് ഇറ്റലിക്കുവേണ്ടി വിജയ ഗോൾ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

