ഇസ്റ്റേൺ ഇൻഡോ അറബ് വുമൺ എക്സലൻസ് പുരസ്കാരം സമ്മാനിച്ചു
text_fieldsഷാർജ: ഇന്ത്യ, അറബ് മേഖലയിലെ പ്രഗൽഭ വനിതാ പ്രതിഭകൾക്ക് ഗൾഫ് മാധ്യമം ‘കമോൺ കേരള’യുടെ പ്രൗഢ വേദിയിൽ ആദരം. മാറുന്ന ലോകത്തെ മുന്നിൽനിന്ന് നയിക്കുന്നതിൽ മാതൃകയായ ഇന്ത്യയിലെയും അറബ് ലോകത്തെയും ആറ് വനിതകൾക്കാണ് ഇസ്റ്റേൺ ഇൻഡോ അറബ് വുമൻ എക്സലൻസ് പുരസ്കാരം നൽകി ആദരിച്ചത്.
ചടങ്ങ് ലുലു ഗ്രൂപ്പ് ഇന്‍റർനാഷനൽ എക്സി. ഡയറക്ടർ എം.എ അഷ്റഫലി ഉദ്ഘാടനം ചെയ്തു. പ്രവാസികളെ എക്കാലവും ചേർത്തുപിടിച്ച ഗൾഫ് മാധ്യമം വനിതാ പ്രതിഭകൾക്ക് ഒരുക്കിയ ആദരം സന്തോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ അറബ് വനിത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ഇമറാത്തി വനിത സുആദ് അൽ സുവൈദി, ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ നടി പാർവതി തിരുവോത്ത്, യു.എ.ഇയിൽനിന്ന് അറബ് പ്രേക്ഷകലോകത്തിന്റെ ഹൃദയം കവർന്ന നടിയും മോഡലുമായ ഫാതിൻ അഹ്മദ്, സംവിധായിക അഞ്ജലി മേനോൻ, വേൾഡ് ഡിസൈൻ ഓർഗനൈസേഷൻ അംഗം സോണിയ മൻചന്ദ, ആരോഗ്യ പ്രവർത്തക ഡോ. ഫെബിന സുൽത്താന എന്നിവർക്കാണ് പുരസ്കാരം നൽകിയത്.
ഉമർ ബിൻ സായിദ് അൽ നഹ്യാൻ പ്രൈവറ്റ് ഓഫിസിലെ ചീഫ് കൊമേഴ്സ്യൽ ഓഫിസർ അംന അൽ ദാഹിരിയാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, മാധ്യമം സി.ഇ.ഒ പി.എം. സ്വാലിഹ്, ഈസ്റ്റേൺ കണ്ടിമെൻറ്സ് മെന ജനറൽ മാനേജർ ബാബു കെ. ശിവൻ തുടങ്ങിയവർ സംബന്ധിച്ചു. ഇതോടൊപ്പം ഇന്ത്യൻ ഹ്യൂമാനിറ്റേറിയൻ ഐകൺ അവാർഡ് ബോബി ചെമ്മണ്ണൂരിന് (ബോചെ) പ്രമുഖ അറബ് നടിയും മോഡലുമായ ഫാതിൻ അഹ്മദ് സമ്മാനിച്ചു. നിഷ്ക ജ്വല്ലറി ബ്രാഞ്ച് പ്രഖ്യാപനവും ലിവേജ് എൻജിനീയറിങ് പ്രോഡക്ട് ലോഞ്ചും വേദിയിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

