ദുബൈ റൺ നാളെ; പ്രധാന റോഡുകൾ അടച്ചിടും
text_fieldsദുബൈ റണ്ണിൽ പങ്കെടുക്കുന്നവർ (ഫയൽ ചിത്രം)
ദുബൈ: ഒരു മാസം നീണ്ടുനിൽക്കുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നായ ദുബൈ റൺ നവംബർ 23 ഞായറാഴ്ച അരങ്ങേറും. പുലർച്ച മൂന്നു മുതൽ രാവിലെ 10 മണിവരെയാണ് നഗരത്തിലെ ഏറ്റവും വലിയ കമ്യൂണിറ്റി റൺ നടക്കുക. പതിനായിരങ്ങൾ പങ്കെടുക്കുന്ന പരിപാടിയോടനുബന്ധിച്ച് നഗരത്തിലെ പ്രധാന റോഡുകൾ അടച്ചിടുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
ശൈഖ് സായിദ് റോഡിൽ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിനും അൽ ഹാദിഖ് റോഡ് പാലത്തിനും ഇടയിൽ, ലോവൽ ഫിനാൻഷ്യൽ സെന്ററിൽ ശൈഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിൽ, ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൊളിവാഡിന്റെ ഒരു ദിശയിൽ, അൽ സുകൂക്ക് സ്ട്രീറ്റിന്റെ വൺവേ ലൈൻ എന്നിവിടങ്ങളിലാണ് റോഡ് അടച്ചിടുക. കൂടാതെ ശൈഖ് സായിദ് റോഡിലേക്കുള്ള പാർക്കിങ് ഏരിയകളും അടച്ചിടും. അന്നേ ദിവസം യാത്ര ചെയ്യുന്നവർ മുൻകൂട്ടി ആസൂത്രണം ചെയ്യുകയും ബദൽ മാർഗങ്ങൾ തേടുകയും ചെയ്യണമെന്ന് ആർ.ടി.എ അഭ്യർഥിച്ചു.
അപ്പർ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ്, സഅബീൽ പാലസ് റോഡ്, അൽ വസൽ റോഡ്, അൽഖൈൽ റോഡ് എന്നീ ബദൽ റോഡുകൾ ഉപയോഗിക്കാവുന്നതാണ്. രാവിലെ 10ന് ശേഷം റോഡുകളിൽ ട്രാഫിക് സാധാരണ നിലയിലെത്തുമെന്നും ആർ.ടി.എ അറിയിച്ചു. ദുബൈ നിവാസികളിൽ ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് തുടക്കമിട്ടത്. ഒരു മാസം എല്ലാ ദിവസവും അരമണിക്കൂർ വ്യായാമത്തിനായി മാറ്റിവെക്കുകയെന്നതാണ് ചലഞ്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

