ഭരണ നടപടികളിൽ സുതാര്യത ഉറപ്പാക്കാൻ പുതിയ നിയമം
text_fieldsശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: ഭരണപരമായ നിയമലംഘനങ്ങൾ, പിഴകൾ, ഭരണനടപടികൾ എന്നിവയിൽ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിന് പുതിയ നിയമം പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. അധികാര ദുരുപയോഗം തടയുകയും നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം സമൂഹത്തിൽ ബോധവൽക്കരിക്കുകയും ചെയ്യുകയാണ് നിയമത്തിന്‍റെ ലക്ഷ്യം. സർക്കാർ സ്ഥാപനങ്ങൾ ഭരണലംഘനങ്ങൾക്ക് ശിക്ഷയും നടപടികളും ഏർപ്പെടുത്തുമ്പോൾ സുതാര്യത, നീതി, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കാൻ ഇതുവഴി സാധിക്കും.
നിയമപ്രകാരം ഓരോ ഭരണലംഘനവും ബന്ധപ്പെട്ട അധികാരികൾ പുറത്തിറക്കുന്ന ഉത്തരവുകളിൽ വ്യക്തമായി നിർവചിക്കണം, അതിലൂടെ ആളുകൾക്ക് അവരുടെ ബാധ്യതകൾ വ്യക്തമായി മനസ്സിലാക്കാൻ കഴിയുകയും വേണം. ലംഘനങ്ങൾ ചെറുത്, മിതമായത്, ഗുരുതരമായത് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് അനുയോജ്യമായ ശിക്ഷ നിശ്ചയിക്കുകയാണ് വേണ്ടത്. നിയമലംഘനത്തിന്റെ ഗൗരവം, പൊതുതാൽപര്യങ്ങൾക്ക് ഉണ്ടാകുന്ന ആഘാതം, ഉദ്ദേശ്യപൂർവമായ പ്രവർത്തനമാണോ അശ്രദ്ധയണോ, ആവർത്തിച്ചുള്ള ലംഘനമാണോ, ഉണ്ടായ നാശനഷ്ടം, കൂടാതെ കുറ്റക്കാരൻ നേരത്തെ എടുത്ത തിരുത്തൽ നടപടികൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഭരണനടപടികളുടെ കടുപ്പം നിശ്ചയിക്കേണ്ടതെന്നും നിയമം നിഷ്കർഷിക്കുന്നു.നിയമപ്രകാരം സർക്കാർ സ്ഥാപനങ്ങൾക്ക് നിയമലംഘകർക്ക് മുന്നറിയിപ്പ് നൽകാം.
അതുപോലെ ആവശ്യമായ സാഹചര്യങ്ങളിൽ നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾ പരമാവധി ആറുമാസം വരെ താൽക്കാലികമായി അടക്കാനും അധികാരികൾക്ക് സാധിക്കും. ഗുരുതരമായ സാഹചര്യങ്ങളിൽ സ്ഥാപനങ്ങൾ സ്ഥിരമായി അടക്കാനും നിയമം അനുവദിക്കുന്നുണ്ട്. ഇതുകൂടാതെ, വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ലൈസൻസ്, പെർമിറ്റ്, അനുമതികൾ എന്നിവ റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യാനും അധികാരികൾക്ക് സാധിക്കും.
നിയമലംഘനവുമായി നേരിട്ട് ബന്ധപ്പെട്ട പദ്ധതികൾ, പ്രവർത്തനങ്ങൾ, ഇടപാടുകൾ എന്നിവ താൽക്കാലികമായോ സ്ഥിരമായോ നിർത്തിവെക്കാനും കഴിയും.
ഭരണലംഘനങ്ങൾ പൊതുജനങ്ങൾക്ക് മുമ്പിൽ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട സ്ഥാപനത്തിന്റെ ഡയറക്ടർ ജനറലിന്റെ അനുമതി വാങ്ങിയിരിക്കണം. കൂടാതെ ദുബൈ മീഡിയ ഓഫീസുമായി മുൻകൂട്ടി ഏകോപനം നിർവഹിക്കുകയും വേണമെന്നും നിർദേശിച്ചിട്ടുണ്ട്.നിയമം നടപ്പാക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ ദുബൈ എക്സിക്യുട്ടീവ് കൗൺസിൽ അധ്യക്ഷൻ പുറത്തിറക്കും. ഈ നിയമത്തിൽ മറ്റ് നിയമങ്ങൾക്ക് വിരുദ്ധമായ വ്യവസ്ഥകൾ ഉണ്ടെങ്കിൽ അവ റദ്ദാക്കുന്നതുമായിരിക്കും. പുതിയ നിയമം ഓഫീഷ്യൽ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

