ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറ്: അൽ ദുർറ കമ്പനി ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറിനായുള്ള അൽ-ദുറ കമ്പനി ഓൺലൈൻ റിസർവേഷൻ സംവിധാനം ആരംഭിച്ചു. ഔദ്യോഗിക വെബ്സൈറ്റ് വഴി ഗാർഹികത്തൊഴിലാളികളെ ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ് സംവിധാനം. ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറിനായി സർക്കാർ മേൽനോട്ടത്തിൽ ആരംഭിച്ച കമ്പനിയാണ് അൽ-ദുർറ. തൊഴിലാളികൾക്ക് വേണ്ടിയുള്ള അപേക്ഷകൾ മുൻഗണനാടിസ്ഥാനത്തിൽ പരിഗണിക്കാനും വിപണിയിലെ അമിത നിരക്ക് ഉൾപ്പെടെ ചൂഷണങ്ങൾ അവസാനിപ്പിക്കാനും ലക്ഷ്യമിട്ടാണ് കമ്പനി പുതിയ റിസർവേഷൻ സംവിധാനം ആരംഭിച്ചത്. പുരുഷ തൊഴിലാളികളെയും ഡ്രൈവർമാരെയും ആവശ്യമുള്ളവർക്ക് തിങ്കളാഴ്ച രാത്രി എട്ടുമുതൽ കമ്പനി വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാമെന്ന് അൽ ദുർറ ഡയറക്ടർ ബോർഡ് ചെയർമാൻ മുഹമ്മദ് അൽ-ഉലയാൻ അറിയിച്ചു. മറ്റു തൊഴിലാളികൾക്കുവേണ്ടിയുള്ള അപേക്ഷകൾ ഏജൻസികളിൽനിന്നുള്ള ലഭ്യതക്കനുസരിച്ചു സ്വീകരിച്ചുതുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ഗാർഹിക തൊഴിലാളികളുമായി കരാർ ഉണ്ടാക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന പൗരന്മാരുടെ ആവശ്യത്തിനുള്ള മറുപടിയാണ് പുതിയ സംവിധാനമെന്നും അൽ ദുർറ ചെയർമാൻ കൂട്ടിച്ചേർത്തു.