ഇന്ത്യയിൽനിന്ന് വിമാന സർവീസ് വൈകാതെ -വ്യോമയാന മേധാവി
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാനസർവീസുകൾ അധികം വൈകാതെ ആരംഭിക്കുമെന്ന് വ്യോമയാന വകുപ്പ് മേധാവി എൻജിനീയർ യൂസഫ് അൽ ഫൗസാൻ മാധ്യമത്തോടും മീഡിയ വണ്ണിനോടും പറഞ്ഞു. വാക്സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യക്കാർക്ക് കുവൈത്തിലേക്ക് വരുന്നതിന് തടസ്സം ഇല്ല.
കുവൈത്ത് അംഗീകരിച്ച വാക്സിനുകളുടെ ഡോസേജ് പൂർത്തിയായാക്കിയവർക്ക് വാക്സിൻ സർട്ടിഫിക്കറ്റിന് ആരോഗ്യമന്ത്രലായത്തിെൻറ അംഗീകാരം ലഭിച്ചാൽ കുവൈത്തിലേക്ക് യാത്ര ചെയ്യുന്നതിന് തടസ്സമില്ലെന്നും മറ്റൊരു രാജ്യത്ത് ക്വാറൻറീൻ ആവശ്യമില്ലെന്നുമാണ് വ്യോമയാന വകുപ്പ് മേധാവി വ്യക്തമാക്കിയത്. കുവൈത്തിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ സംബന്ധിക്കാനെത്തിയതായിരുന്നു അദ്ദേഹം.
ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലെങ്കിലും മറ്റേതെങ്കിലും രാജ്യത്തിലൂടെ ട്രാൻസിറ്റ് വഴി കുവൈത്തിലേക്ക് വരാം. അധികം വൈകാതെ തന്നെ ഇന്ത്യക്കാർക്ക് നേരിട്ട് കുവൈത്തിലേക്ക് യാത്ര ചെയ്യാവുന്ന സാഹചര്യം ഉണ്ടാകുമെന്നും യൂസഫ് അൽ ഫൗസാൻ പറഞ്ഞു. കുവൈത്തിലേക്ക് മടങ്ങാനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസത്തിന് വക നൽകുന്നതാണ് കുവൈത്ത് വ്യോമയാന വകുപ്പ് ഡയറക്ടർ യൂസഫ് അൽ ഫൗസാെൻറ വാക്കുകൾ.