Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 6:17 AM GMT Updated On
date_range 2 March 2022 6:17 AM GMTസൗദിയിൽ ഉടൻ നടപ്പിൽ വരുന്ന പുതിയ ഗാർഹിക തൊഴിൽ നിയമത്തിലെ വിശദാംശങ്ങൾ
text_fieldsഗാർഹിക തൊഴിലാളിയുടെ അവകാശങ്ങൾ
- ഉഭയകക്ഷി സമ്മതപ്രകാരം വീട്ടുജോലിക്കാരന് ആഴ്ചയിൽ ഒരുദിവസം വിശ്രമിക്കാൻ അർഹതയുണ്ട്.
- തൊഴിലുടമ മുൻകൂർ നൽകിയ വേതനമോ തൊഴിലാളി മനപ്പൂർവമോ അശ്രദ്ധ മൂലമോ വരുത്തിയ ചെലവുകളോ അല്ലാതെ ഒരു സന്ദർഭത്തിലും കരാർ പ്രകാരമുള്ള ശമ്പളത്തിൽ നിന്ന് ഒരു റിയാൽ പോലും കുറയ്ക്കാൻ പാടില്ല. അനുവദനീയമായ കിഴിവ് ശമ്പളത്തിന്‍റെ പകുതിയിൽ കൂടരുത്.
- രണ്ട് വർഷം മുഴുവൻ സേവനമനുഷ്ഠിച്ച ഒരു തൊഴിലാളിക്ക് ഒരു മാസം മുഴുവൻ ശമ്പളത്തോടുകൂടിയ അവധിക്ക് അർഹതയുണ്ട്.
- അവധിയെടുക്കുന്നില്ലെങ്കിൽ തൊഴിലാളിക്ക് അതിന്‍റെ നഷ്ടപരിഹാരം ലഭിക്കാനും അവകാശമുണ്ട്.
- നിലവിലുള്ള ചട്ടങ്ങൾക്കും നിർദേശങ്ങൾക്കും അനുസൃതമായി തൊഴിലാളിയുടെ ആരോഗ്യ സംരക്ഷണത്തിനായി പരമാവധി 30 ദിവസത്തെ ശമ്പളത്തോടുകൂടി വാർഷിക അസുഖ അവധിക്ക് അർഹതയുണ്ട്. എന്നാൽ ഇത് അംഗീകൃത മെഡിക്കൽ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും അനുവദിക്കുക.
- തുടർച്ചയായി നാലു വർഷം തൊഴിലുടമയുടെ സേവനത്തിൽ ചെലവഴിച്ചാൽ ഒരു മാസത്തെ വേതന മൂല്യമുള്ള സേവനാനന്തര ഗ്രാറ്റ്വിറ്റിക്ക് അർഹതയുണ്ട്.
- കരാർ പ്രകാരമുള്ള നടപടികളിൽ തൊഴിലുടമ വീഴ്ചവരുത്തുന്ന പക്ഷം തൊഴിലാളിക്ക് അധികൃതരോട് പരാതിപ്പെടാം.
തൊഴിലുടമയുടെ ബാധ്യതകൾ
- 21 വയസ്സിൽ താഴെയുള്ളവരെ ഗാർഹിക തൊഴിലാളികളായി നിയോഗിക്കാൻ പാടില്ല.
- തൊഴിൽ കരാറിലും ഇഖാമയിലും രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള ജോലി മാത്രമെ എടുപ്പിക്കാവൂ.
- ഗാർഹിക തൊഴിലാളിയെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യാൻ തൊഴിലുടമ നിർബന്ധിക്കരുത്.
- കരാറിൽ പറഞ്ഞിരിക്കുന്ന പ്രകാരം ഓരോ മാസാവസാനത്തിലും വേതനം നൽകണം.
- തൊഴിലാളിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴിയാണ് ശമ്പളം നൽകേണ്ടത്.
- വീട്ടുജോലിക്കാർക്ക് അനുയോജ്യമായ പാർപ്പിട സൗകര്യവും തൊഴിലുടമ നൽകണം.
- തൊഴിലാളികളോട് നിറം, ലിംഗം, പ്രായം, ദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം പാടില്ല.
- തൊഴിലാളിയുടെ പാസ്‌പോർട്ടോ മറ്റേതെങ്കിലും സ്വകാര്യ രേഖകളോ തിരിച്ചറിയൽ രേഖകളോ തൊഴിലുടമ പിടിച്ചുവെക്കാൻ പാടില്ല.
- തൊഴിലാളി മരിച്ചാൽ ഇൻഷുറൻസ് പോളിസിയിൽ വ്യവസ്ഥ ചെയ്യുന്നില്ലെങ്കിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകൾ തൊഴിലുടമ വഹിക്കണം.
- തൊഴിലാളിയെ തന്‍റെ കുടുംബാംഗങ്ങളുമായും രാജ്യത്തെ അവരുടെ എംബസിയുമായും റിക്രൂട്ട്‌മെന്‍റ് ഓഫിസുമായും മറ്റ് അധികാരികളുമായും ആശയവിനിമയം നടത്താൻ തൊഴിലുടമ അനുവദിക്കണം.
- കരാർ കാലാവധി കഴിഞ്ഞാൽ തൊഴിലാളി പുതുക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അവർക്ക് ഫൈനൽ എക്സിറ്റ് നൽകണം.
- തൊഴിലാളിയുടെ ആരോഗ്യത്തിനോ സുരക്ഷക്കോ അന്തസ്സിനെ ബാധിക്കുന്ന തരത്തിലോ ഉള്ള ജോലികൾ ഏൽപിക്കുന്നത് അനുവദനീയമല്ല.
- തൊഴിലാളി ഒളിച്ചോടിയാലോ ജോലിക്ക് ഹാജരാകാതിരുന്നാലോ തൊഴിലുടമക്ക് അധികൃതരോട് പരാതിപ്പെടാം.
തൊഴിലാളിയുടെ കടമകൾ
- സമ്മതിച്ച ജോലി നിർവഹിക്കാനും അതിനുവേണ്ടി തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും നിർദേശങ്ങൾ പാലിക്കാനും തൊഴിലാളി ബാധ്യസ്ഥനാണ്.
- തൊഴിലുടമയുടെയും കുടുംബത്തിന്‍റെയും സ്വത്ത് സംരക്ഷിക്കുന്നതിനും തൊഴിലാളി ബാധ്യസ്ഥനാണ്.
- തൊഴിലുടമക്കും കുടുംബത്തിനും നേരെ ശാരീരികമായി ഉപദ്രവിക്കുകയോ അക്രമാസക്തമായ പ്രവൃത്തികൾ ചെയ്യുകയോ അരുത്.
- ജോലിയുടെ ഭാഗമായി മനസ്സിലാക്കിയ തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും വീട്ടിലുള്ള മറ്റുള്ളവരുടെയും രഹസ്യങ്ങൾ സൂക്ഷിക്കണം.
- ഈ രഹസ്യങ്ങൾ മറ്റുള്ളവരോട് പറയരുത്. അവരുടെ അന്തസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തി ചെയ്യരുത്.
- നിയമാനുസൃത കാരണമില്ലാതെ ജോലി ചെയ്യാൻ വിസമ്മതിക്കുകയോ ജോലി ഉപേക്ഷിക്കുകയോ ചെയ്യരുത്
- സ്വന്തമായി മറ്റു ജോലികൾ ചെയ്യുകയോ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യുകയോ അരുത്.
- മതത്തെ ബഹുമാനിക്കുകയും നിലവിലുള്ള നിയന്ത്രണങ്ങളും സൗദി സമൂഹത്തിന്‍റെ ആചാരങ്ങളും പാരമ്പര്യങ്ങളും പാലിക്കുകയും കുടുംബത്തിന് ഹാനികരമായ ഒരു പ്രവർത്തനത്തിലും ഏർപ്പെടാതിരിക്കുകയും വേണം.
Next Story