പരിസ്ഥിതി വിഷയങ്ങളിൽ ഗൗരവം വേണം -മന്ത്രി
text_fieldsതെഹ്റാനിൽ നടന്ന പരിസ്ഥിതി സഹകരണവുമായി ബന്ധപ്പെട്ട മന്ത്രിതല യോഗത്തിൽ ഖത്തർ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി ശൈഖ് ഡോ. ഫാലിഹ് ബിൻ നാസർ ബിൻ അഹ്മദ് ബിൻ അലി ആൽഥാനി പങ്കെടുക്കുന്നു
ദോഹ: ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ നടന്ന പരിസ്ഥിതി സഹകരണവുമായി ബന്ധപ്പെട്ട മന്ത്രിതല യോഗത്തിൽ ഖത്തർ പങ്കെടുത്തു. നല്ല ഭാവിക്ക് പരിസ്ഥിതി സഹകരണം എന്ന വിഷയത്തിൽ നടന്ന യോഗത്തിൽ പൊതുവായ പരിസ്ഥിതി വെല്ലുവിളികളെയും കാലാവസ്ഥാ വ്യതിയാന പ്രതിസന്ധികളെയും നേരിടുന്നതിന് മേഖല സഹകരണം ശക്തമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഖത്തറിനെ പ്രതിനിധാനംചെയ്ത് പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി ശൈഖ് ഡോ. ഫാലിഹ് ബിൻ നാസർ ബിൻ അഹ്മദ് ബിൻ അലി ആൽഥാനിയാണ് പങ്കെടുത്തത്.
ഖത്തർ ദേശീയ വിഷൻ 2030നെ അടിസ്ഥാനമാക്കി പരിസ്ഥിതി വിഷയങ്ങളിലും പ്രശ്നങ്ങളിലും ഖത്തർ ഗൗരവത്തോടെയാണ് ഇടപെടുന്നതെന്നും സമുദ്ര പരിസ്ഥിതിയുടെ സംരക്ഷണത്തിനും വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗങ്ങളുടെ സംരക്ഷണത്തിനും മലിനീകരണം കുറക്കുന്നതിനും ഖത്തർ നിരന്തരമായി ശ്രമിക്കുന്നുണ്ടെന്നും ശൈഖ് ഡോ. ഫാലിഹ് ബിൻ അഹ്മദ് അലി ആൽഥാനി വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങൾ കുറക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഖത്തറിന്‍റെ പിന്തുണയുണ്ടെന്നും വർത്തമാന, ഭാവി പരിസ്ഥിതി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനും പരിഹാരമാർഗങ്ങൾ തേടുന്നതിനുമായി പ്രത്യേക കർമപദ്ധതി വികസിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പരിസ്ഥിതി പ്രശ്നങ്ങൾ നേരിടുന്നതിന് മേഖലാതലത്തിലെ സഹകരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായുള്ള യോഗത്തിന് വലിയ പ്രാധാന്യമുണ്ടെന്നും പരിസ്ഥിതി പ്രതിസന്ധികളെ നേരിടാൻ കൂട്ടായ സഹകരണത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രായോഗികവും കാര്യക്ഷമവുമായ പരിഹാരം കണ്ടെത്തുന്നതിനുള്ള മേഖല അന്തർദേശീയ ശ്രമങ്ങളെ ഒരുമിപ്പിക്കുന്നതിനുള്ള സുവർണാവസരമാണിതെന്നും വ്യക്തമാക്കി. മിഡിലീസ്റ്റ്, ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള പരിസ്ഥിതി മന്ത്രിമാരും ഐക്യരാഷ്ട്രസഭ പരിസ്ഥിതി പ്രോഗ്രാം പ്രതിനിധികളും നിരവധി എൻ.ജി.ഒകളും തെഹ്റാനിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.