കുവൈത്തിൽ ഇന്നുമുതൽ വ്യാപാര സമയ നിയന്ത്രണം ഇല്ല
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ചൊവ്വാഴ്ച മുതൽ വ്യാപാര സമയ നിയന്ത്രണം ഉണ്ടാകില്ല. രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ചുവരെ ഉണ്ടായിരുന്ന വ്യാപാര നിയന്ത്രണം നീക്കാൻ തിങ്കളാഴ്ച വൈകീട്ട് ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. സെപ്റ്റംബർ ഒന്നുമുതൽ വലിയ ഒത്തുകൂടലുകൾ ഒഴികെ മുഴുവൻ ആക്ടിവിറ്റികൾക്കും അനുമതിയുണ്ടാകും. യോഗങ്ങൾ, സോഷ്യൽ ഇവൻറുകൾ, കുട്ടികളുടെ ആക്ടിവിറ്റികൾ തുടങ്ങിയവക്കെല്ലാം നിയന്ത്രണങ്ങളോടെ അനുമതിയുണ്ടാകും. കുവൈത്ത് സാധാരണ ജീവിതത്തിലേക്ക് വരുന്നതിെൻറ പ്രത്യക്ഷമായ അടയാളങ്ങളിലൊന്നാകുമിത്.
അതേസമയം, കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്ക് മാത്രമാകും പ്രവേശനം. രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്നത് തടയാൻ കഴിഞ്ഞതിെൻറയും വാക്സിനേഷൻ ദ്രുതഗതിയിൽ പുരോഗമിക്കുന്നതിെൻറയും ആത്മവിശ്വാസത്തിലാണ് കുവൈത്ത് നിയന്ത്രണങ്ങൾ ലഘൂകരിച്ച് സാധാരണ ജീവിതത്തിലേക്ക് ഒരു പടികൂടി അടുക്കാൻ ആലോചിക്കുന്നത്. ഒക്ടോബറോടെ വാക്സിനേഷനിൽ ഗണ്യമായ പുരോഗതി കൈവരിക്കാനാകുമെന്നും സാമൂഹിക പ്രതിരോധ ശേഷി കൈവരുമെന്നുമാണ് വിലയിരുത്തൽ. ആഗസ്റ്റ് ഒന്നുമുതൽ മൊറോകോ, മാൽഡിവ്സ് എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാനും മന്ത്രിസഭ തീരുമാനിച്ചു. വിദേശികളുടെ പ്രവേശന വിലക്ക് നീക്കുന്നതും ആഗസ്റ്റ് ഒന്നുമുതലാണ്.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയ ഭാഗിക കർഫ്യൂവും വ്യാപാര നിയന്ത്രണങ്ങളും കുവൈത്തിലെ വ്യാപാരികൾ വലിയ പ്രതിസന്ധിയിൽ എത്തിച്ചിരുന്നു. വരവും ചെലവും ഒത്തുപോകാതെ പ്രയാസപ്പെടുന്ന വ്യാപാരികൾക്ക് വലിയ ആശ്വാസമേകുന്ന തീരുമാനമാണ് തിങ്കളാഴ്ചത്തെ മന്ത്രിസഭ യോഗം എടുത്തത്. രാത്രി എട്ടിന് ശേഷം മുൻകാലങ്ങളിൽ നല്ല കച്ചവടം നടന്നിരുന്നു. ഇൗ സമയം കൂടി സ്ഥാപനങ്ങൾ തുറക്കാൻ കഴിയുന്നത് വ്യാപാരികൾക്ക് വലിയ ആശ്വാസമാകും. കഴിഞ്ഞ വർഷത്തെ കർഫ്യൂവിലും ലോക്ക് ഡൗണിലും തകർന്ന ബിസിനസ് പതിയെ പച്ചപിടിച്ചുവരുന്നതിനിടെയാണ് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതും വ്യാപാര നിയന്ത്രണങ്ങൾ ഉൾപ്പെടെ നടപടികൾ സ്വീകരിച്ചതും.