കരിഞ്ഞ മണം; കോഴിക്കോട് -ദുബൈ വിമാനം മസ്‌കത്തിൽ ഇറക്കി
text_fieldsദുബൈ: ശനിയാഴ്ച രാത്രി 11മണിയോടെ കോഴിക്കോടുനിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഫോര്‍വേഡ് ഗാലറിയില്‍നിന്ന് കരിഞ്ഞ മണം ഉണ്ടായതോടെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ IX-355 വിമാനം പുലർച്ചെ അടിയന്തര ലാൻഡിങ് നടത്തിയത്. തുടർന്ന് സാങ്കേതിക വിദഗ്ധര്‍ നടത്തിയ പരിശോധനയിൽ എന്‍ജിനോ മറ്റോ തകരാർ കണ്ടെത്തിയില്ലെന്ന് ഡി.ജി.സി.എ അധികൃതര്‍ അറിയിച്ചു. പിന്നീട് ദുബൈയിലേക്ക് വിമാനം യാത്ര തുടരുകയും ചെയ്തു.
അതിനിടെ, ഷാർജയിൽനിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം പാകിസ്താനിലേക്ക് തിരിച്ചുവിട്ടു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പാകിസ്താനിലേക്ക് തിരിച്ചുവിടുന്ന രണ്ടാമത്തെ ഇന്ത്യൻ വിമാനമാണിത്. നേരത്തേ സ്പൈസ് ജെറ്റ് വിമാനം തകരാറിനെ തുടർന്ന് കറാച്ചിയിൽ ഇറക്കിയിരുന്നു. പൈലറ്റ് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ഇൻഡിഗോ വിമാനം കറാച്ചിയിൽ ഇറക്കിയത്. ഇൻഡിഗോയുടെ 6ഇ-1406 എന്ന വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്. അത്യാവശ്യ നടപടികൾ സ്വീകരിച്ച് സുരക്ഷിതമാക്കിയാണ് കറാച്ചിയിൽ വിമാനം ഇറങ്ങിയത്. യാത്രക്കാരെ ഹൈദരാബാദിൽ എത്തിക്കുന്നതിന് മറ്റൊരു വിമാനം അയച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.