കേരള സർക്കാറിന് ബി.ജെ.പി അനുകൂല നിലപാട് -ഷാഫി പറമ്പിൽ എം.പി
text_fieldsകുവൈത്തിൽ എത്തിയ ഷാഫി പറമ്പിൽ എം.പി മാധ്യമങ്ങളോട് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കേരള സർക്കാറിന് ബി.ജെ.പി അനുകൂല നിലപാടെന്ന് ഷാഫി പറമ്പിൽ എം.പി. ഇത് തുടങ്ങിയിട്ട് ഏറെക്കാലമായി. ഇപ്പോൾ പ്രഖ്യാപിത നിലപാടായി മാറി.ബി.ജെ.പിയിൽ പോകാതെതന്നെ ബി.ജെ.പിക്ക് വേണ്ടി ഭരിക്കുന്നു എന്നത് കേരളത്തിലെ ജനങ്ങൾക്ക് മുഴുവൻ ബോധ്യപ്പെട്ട കാലാവസ്ഥയാണ് നിലവിൽ. പിണറായി വിജയന്റെ നിലപാടുകൾ ബി.ജെ.പി നിലപാടായി മാറുന്നു.
അമിത്ഷായും നരേന്ദ്ര മോദിയും എന്താണോ ആഗ്രഹിക്കുന്നത് അതിന് തങ്ങൾ റെഡിയാണ് എന്ന് അഡ്വാൻസ് പ്രഖ്യാപിക്കുന്ന സർക്കാറായി കേരളത്തിലെ സർക്കാർ മാറിയിട്ട് കുറച്ചായി. രഹസ്യചർച്ചകൾക്കൊടുവിൽ പാർട്ടിയോ മുന്നണിയോ അറിയാതെ ഒപ്പിട്ടുകൊടുക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറിയെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. കുവൈത്തിൽ കെ.എം.സി.സി കോഴിക്കോട് ജില്ല സമ്മേളനത്തിൽ പങ്കെടുത്താനെത്തിയതിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യൂനിവേഴ്സിറ്റി വൈസ് ചാൻസലർ, പി.എം ശ്രീ എന്നിവയിൽ സർക്കാറും മുഖ്യമന്ത്രിയും എടുത്ത നിലപാടുകൾ സി.പി.എമ്മിന് അകത്തുതന്നെ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഇത് ബിനോയ് വിശ്വം ഉൾപ്പെടെയുള്ളവർ കൃത്യമായി പറഞ്ഞിട്ടുണ്ട്. വലിയ രൂപത്തിൽ ഭരണവിരുദ്ധ വികാരം ജനങ്ങളിലുണ്ട്. ശബരിമല വിഷയം ഉൾപ്പെടെയുള്ളവയിൽ സർക്കാറിന്റെ നിലപാട്, ബി.ജെ.പിയുമായി ചേരുന്ന കാഴ്ചപ്പാടുകൾ എന്നിവയെല്ലാം ജനങ്ങൾ രാഷ്ട്രീയമായി ചോദ്യം ചെയ്ത തെരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. ഇത് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അവസാനിക്കില്ല.നിയമസഭ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. കേരളത്തിൽ ഒരു മാറ്റം വരണമെന്ന് സി.പി.എമ്മുകാർ പോലും ആഗ്രഹിക്കുന്നു.
പ്രവാസി വിഷയങ്ങൾ ഉപേക്ഷിക്കില്ല
പ്രവാസികളുടെ യാത്രാപ്രശ്നം, വിമാനടിക്കറ്റ് നിരക്ക് എന്നിവയിൽ കൂടുതൽ ഇടപെടൽ നടത്തും. കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നിർത്തിവെച്ചത് വ്യോമയാന മന്ത്രിയുമായി സംസാരിച്ചിരുന്നു. പ്രവാസി മരണങ്ങളിൽ മൃതദേഹം നാട്ടിൽ അയക്കുന്നതിലെ കാലതാമസം സംബന്ധിച്ചും ഇടപെടൽ നടത്തും.
എസ്.ഐ.ആറിൽ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപടൽ നടത്തിവരുന്നുണ്ട്. പ്രവാസികളെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടിയായി എസ്.ഐ.ആർ മാറുമ്പോൾ അതിനെ ചെറുക്കും. ഈ വിഷയത്തിൽ രാഷ്ട്രീയ നിയമ പോരാട്ടം തുടരുമെന്നും ഷാഫി പറമ്പിൽ എം.പി വ്യക്തമാക്കി.
ചോദ്യകർത്താക്കളെ മുദ്രകുത്തുന്നത് ജനം അംഗീകരിക്കില്ല
കേരളത്തിന്റെ പൊതുമസസ്സ് അപരമതവിദ്വേഷത്തിലല്ല നിലകൊള്ളുന്നത്. എല്ലാവർക്കും അവരവരുടെ വിശ്വാസം മുറുകെ പിടിക്കാനും മറ്റുള്ളവരുടേതിനെ ബഹുമാനത്തോടെ കാണാനും കഴിയുന്ന സംസ്കാരമാണ് കേരളത്തിന്റേത്. അതിന് ഭംഗംവരുത്തുന്ന തരത്തിലുള്ള ഇടപെടലുകൾ ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാകരുത്. ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകരെ പ്രത്യേക മുദ്രകുത്തുന്നത് കേരളത്തിലെ ജനങ്ങൾ അംഗീകരിക്കില്ലെന്നും മാധ്യമപ്രവർത്തകനെതിരായ വെള്ളാപ്പള്ളിയുടെ പരാമർശത്തിന് മറുപടിയായി ഷാഫി പറമ്പിൽ എം.പി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

