ബഹ്റൈനിൽ മത്സ്യബന്ധനത്തിന് ഇനി ലൈസൻസ് നിർബന്ധം; വ്യാഴാഴ്ച മുതൽ പ്രാബല്ല്യത്തിൽ
text_fieldsrepresentational Image
മനാമ: വാണിജ്യ മത്സ്യബന്ധനം നടത്തുന്ന എല്ലാ ബഹ്റൈൻ പൗരന്മാർക്കും ഔദ്യോഗിക ലൈസൻസ് നിർബന്ധമാക്കി സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്‍റ് (എസ്.സി.ഇ). ബഹ്റൈനിലെ സമുദ്രസമ്പത്തിന്‍റെ സുസ്ഥിരത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണിത്. വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. എല്ലാ മത്സ്യത്തൊഴിലാളികളും എത്രയും പെട്ടെന്ന് തന്നെ ലൈസൻസിനായി അപേക്ഷിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
മത്സ്യബന്ധന മേഖലയെ ശക്തിപ്പെടുത്താനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കാനും രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷ വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നടപടിയാണിത്. ബഹ്റൈൻ മത്സ്യത്തൊഴിലാളികളെ ദേശീയ ശ്രമങ്ങളുടെ കേന്ദ്രബിന്ദുവായി പരിഗണിച്ചുകൊണ്ടുള്ള നിയന്ത്രണ നയങ്ങളുടെ ഭാഗമാണിതെന്നും കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു. ആഗസ്റ്റ് 28 മുതൽ വാണിജ്യ മത്സ്യബന്ധനത്തിന് ലൈസൻസ് നിർബന്ധമാണ്. ഇതിനുള്ള അപേക്ഷകൾ bahrain.bh എന്ന ദേശീയ പോർട്ടൽ വഴി സമർപ്പിക്കാവുന്നതാണ്. മത്സ്യത്തൊഴിലാളികളെ പിന്തുണയ്ക്കുന്നതും ഈ സുപ്രധാന മേഖലയിൽ അവരുടെ പങ്ക് ശക്തിപ്പെടുത്തുന്നതും ഒരു ദേശീയ മുൻഗണനയായി തുടരുമെന്ന് കൗൺസിൽ വ്യക്തമാക്കി.
ലൈസൻസ് ലഭിക്കുന്നതിന്, അപേക്ഷകൻ 18 വയസ്സിന് മുകളിൽ പ്രായമുള്ള ബഹ്റൈൻ പൗരനായിരിക്കണം, കൂടാതെ മത്സ്യബന്ധനത്തിന് ശാരീരികക്ഷമത തെളിയിക്കുകയും വേണം. ഒരു വർഷത്തേക്ക് കാലാവധിയുള്ള ഈ ലൈസൻസ് ഇതേ വ്യവസ്ഥകളിൽ പുതുക്കാവുന്നതാണ്. ഇത് വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള ലൈസൻസ് ആയതിനാൽ കൈമാറ്റം ചെയ്യാനാവില്ല. ലൈസൻസിൽ രേഖപ്പെടുത്തിയ തൊഴിലുടമയ്ക്ക് കീഴിലല്ലാതെ മറ്റൊരാൾക്ക് വേണ്ടിയും പ്രവർത്തിക്കാൻ മത്സ്യത്തൊഴിലാളികൾക്ക് അനുവാദമില്ല. മത്സ്യബന്ധന ബോട്ടിന്റെ നീളത്തിനനുസരിച്ചാണ് ജീവനക്കാരുടെ എണ്ണം നിർണ്ണയിക്കുന്നത്. ഉദാഹരണത്തിന്, 18 മുതൽ 21 അടി വരെ നീളമുള്ള ബോട്ടിൽ മൂന്ന് പേർക്കും, ബനൂഷ് വെസ്സലുകളിൽ ഒമ്പത് പേർക്കും വരെ പ്രവർത്തിക്കാം. മത്സ്യബന്ധനത്തിനുള്ള ലൈസൻസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയുന്നതിന്, മത്സ്യത്തൊഴിലാളികൾക്ക് എസ്സിഇയുടെ ഫിഷറീസ് സ്റ്റോക്ക് ഡെവലപ്‌മെന്‍റ് ആൻഡ് പ്രൊട്ടക്ഷൻ ഡയറക്ടറേറ്റിനെ 17987444 എന്ന നമ്പറിലോ fld@sce.gov.bh എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്. തവാസുൽ വഴിയും സംശയങ്ങൾ ചോദിക്കാവുന്നതാണ്.
സമുദ്രസമ്പത്ത് സംരക്ഷിക്കുന്നതിനായി മത്സ്യബന്ധന ലൈസൻസുകൾക്കും വലകളുടെയും കെണികളുടെയും ഉപയോഗത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ വ്യക്തിപരമായ പ്രതിനിധിയും എസ്.സി.ഇ ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ രണ്ട് തീരുമാനങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇത് നിയമവിരുദ്ധമായ മത്സ്യബന്ധനം തടയുക, മത്സ്യസമ്പത്തിന്‍റെ ദീർഘകാല സുസ്ഥിരത ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

