ഇന്ത്യയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ബുക്കിങ് ആരംഭിച്ചു
text_fieldsമനാമ: ഇന്ത്യയും ബഹ്റൈനും തമ്മിൽ എയർ ബബ്ൾ കരാർ പ്രാബല്യത്തിൽ വന്നതോടെ എയർ ഇന്ത്യ എക്സ്പ്രസ് ഇന്ത്യയിൽനിന്നുള്ള സർവീസുകൾ പ്രഖ്യാപിച്ചു. 13ന് ചെന്നൈയിൽനിന്നാണ് ആദ്യ വിമാനം എത്തുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നുൾപ്പെടെ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ ദിവസം തന്നെ പല സർവീസുകൾക്കും സീറ്റ് മുഴുവൻ ബുക്ക് ചെയ്ത് കഴിഞ്ഞു. ഗൾഫ് എയർ ഞായറാഴ്ച മുതൽ ബുക്കിങ് ആരംഭിക്കുമെന്നാണ് സൂചന.
കൊച്ചിയിൽനിന്ന് മൂന്നും തിരുവനന്തപുരത്തുനിന്ന് രണ്ടും കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് ഒാരോ സർവീസുമാണ് ആദ്യ ഘട്ടത്തിലുള്ളത്. ഒരു വിമാനത്തിൽ 90 യാത്രക്കാരെ കൊണ്ടുവരാനാണ് അനുമതിയുള്ളത്. ഒാരോ വിമാനക്കമ്പനിക്കും ആഴ്ചയിൽ 650 യാത്രക്കാരെയാണ് കൊണ്ടുവരാൻ കഴിയുക. ഒരു മാസം 2600 പേരെ കൊണ്ടുവരാം.
എയർ ബബ്ൾ പ്രകാരം ബഹ്റൈൻ പൗരൻമാർക്കും റസിഡൻറ് പെർമിറ്റുള്ളവർക്കും ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരാൻ കഴിയും. ഇതിനുപുറമേ, ബഹ്റൈനിൽ സാധുവായ ഏത് വിസയുള്ള ഇന്ത്യക്കാർക്കും ഇങ്ങോട്ട് വരാം. ഇവർ ബഹ്റൈനിലേക്ക് മാത്രം വരുന്നവരായിരിക്കണം എന്ന നിബന്ധനയുണ്ട്. ടിക്കറ്റ് നൽകുന്നതിന് മുമ്പ് യാത്രക്കാർക്ക് യാത്രാ തടസ്സങ്ങളൊന്നുമില്ലെന്ന് ബന്ധപ്പെട്ട വിമാനക്കമ്പനികൾ ഉറപ്പുവരുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

