Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightലോകം ഗൾഫിലേക്കൊഴുകിയ...

ലോകം ഗൾഫിലേക്കൊഴുകിയ ഒരാണ്ട്

text_fields
bookmark_border
ലോകം ഗൾഫിലേക്കൊഴുകിയ ഒരാണ്ട്
cancel

2022 പിറവിയെടുക്കുമ്പോൾ അറേബ്യൻ ഉപഭൂഖണ്ഡത്തിന്‍റെ ആകാശത്ത് കോവിഡിന് ശേഷം പ്രത്യാശയുടെ കിരണങ്ങൾ തെളിഞ്ഞു തുടങ്ങിയിരുന്നു. വീണ്ടുമൊരു അടച്ചുപൂട്ടലിലേക്കും രോഗാതുരതയിലേക്കും സമൂഹം വഴുതിവീഴുമോ എന്ന ആശങ്ക ജനങ്ങൾക്ക് വിട്ടുമാറിയിട്ടില്ലെങ്കിലും ശുഭപ്രതീക്ഷ തന്നെയാണ് മുഴച്ചുനിന്നത്. വർഷം അവസാനിക്കുമ്പോൾ ലോകത്തിന് മാതൃകയാകുന്ന രീതിയിൽ വലിയ സാംസ്കാരിക, കായിക മാമാങ്കങ്ങൾ പൂർത്തിയാക്കി, പടിഞ്ഞാറൻ സാമ്പത്തിക മേഖല അനുഭവിക്കുന്നത് പോലെ മാന്ദ്യത്തിന്‍റെ ഭീതി ബാധിക്കാതെ മുന്നോട്ടുപോകുന്ന സാഹചര്യമാണുള്ളത്. ലോകനേതാക്കളും ലോകജനതയും ഗൾഫിലേക്ക് ഒഴുകിയ നാളുകളാണ് അവസാനിക്കുന്നതെന്ന് കഴിഞ്ഞ ആണ്ടിനെ ഒറ്റ വാചകത്തിൽ സംഗ്രഹിക്കാം. കാരണം അറബ് ലോകത്തിന്‍റെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഖത്തർ ഫിഫ ഫുട്ബാൾ ലോകകപ്പ് ലോകജനതയുടെ കണ്ണും കാതും ഗൾഫിലേക്ക് തിരിച്ചു. യുക്രൈയ്ൻ യുദ്ധവും മഹാമാരിയും തീർത്ത സാഹചര്യങ്ങൾ യു.എസ് പ്രസിഡൻറ് ജോ ബൈഡനും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങും അടക്കമുള്ള നേതാക്കളെയും ഗൾഫ് വട്ടമേശക്ക് മുന്നിലിരുത്തി. രാഷ്ട്രീയ-നയതന്ത്ര മേഖലയിൽ ഗൾഫ് ഐക്യത്തിനും വിപുലമായ അന്താരാഷ്ട്ര ബന്ധങ്ങൾക്കും മുഖ്യപരിഗണന ലഭിച്ച വർഷം എന്നനിലയിൽ 2022രേഖപ്പെടുത്തപ്പെടും. ഗൾഫിന്‍റെ ഭാവിയെ നിർണയിക്കാൻ കെൽപുള്ള നിരവധി സുപ്രധാന മുഹൂർത്തങ്ങൾക്കാണ് കഴിഞ്ഞ വർഷം സാക്ഷ്യം വഹിച്ചത്. മേഖലയിൽ പുരോഗമിക്കുന്ന വികസന-നിർമാണ പ്രവർത്തനങ്ങൾ ലോകത്തിന് ഭാവിയിലും ഗൾഫിനെ തള്ളാനാവില്ലെന്ന് വിളിച്ചുപറയുന്നതാണ്.

യുദ്ധം വഴിമാറുന്നു; സമാധാനം തെളിയുന്നു

2022 ജനുവരി 17ന് അബൂദബിയിൽ യമനിലെ ഹൂതി വിമതർ നടത്തിയ വ്യേമാക്രമണം ഗൾഫിൽ പുതിയൊരു സംഘർഷത്തിന് തുടക്കമാകുമോ എന്ന ആശങ്ക വിതച്ചിരുന്നു. അബൂദബി നാഷണൽ ഓയിൽ കമ്പനിയുടെ ടാങ്കറിനും അബൂദബി വിമാനത്താവളത്തിന്‍റെ നിർമാണം നടക്കുന്ന ഭാഗത്തുമാണ് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച ആക്രമണം നടന്നത്. മൂന്ന് പേർ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം ഗൾഫിലൊന്നാകെ ഭീതി പടർത്തി. തുടർ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യു.എ.ഇ ഭരണകൂടം അതിവേഗ നടപടികൾ സ്വീകരിച്ചു. ഹൂതികളുടെ ധിക്കാരത്തിനെതിരെ തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകപ്പെട്ടു. എന്നാൽ സംഘർഷം അതിവേഗം സമാധാനത്തിലേക്ക് വഴിമാറുന്നതാണ് പിന്നീട് ദൃശ്യമായത്. റമദാൻ മാസത്തിന്‍റെ തൊട്ടുമുമ്പ് അതിപ്രധാനമായ വെടിനിർത്തൽ കരാർ യമൻ യുദ്ധമുന്നണിയിലെ ഇരുവിഭാഗവും ഒപ്പുവെച്ചു. പശ്ചിമേഷ്യയിൽ വലിയ യുദ്ധമായി അബൂദബി ആക്രമണം വളരുമെന്ന ഭീതി ഇതോടെ താൽകാലികമായി ഒഴിഞ്ഞു.

2014മുതൽ ആഭ്യന്തര സംഘർഷത്താൽ രക്തം കിനിയുന്ന യമനിലെ ജനങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു കരാർ. യു.എൻ നിർദേശം അംഗീകരിച്ച് രൂപപ്പെട്ട ധാരണപ്രകാരം ഏപ്രിൽ രണ്ട് ശനിയാഴ്ച മുതൽ വെടിനിർത്തൽ നിലവിൽ വന്നു. കര, വ്യോമ, സമുദ്ര മേഖലകൾ വഴി യമനിനകത്തും പുറത്തുമുള്ള എല്ലാ ആക്രമണങ്ങളും അവസാനിപ്പിക്കുന്ന കരാർ യമൻ സർക്കാർ വൃത്തങ്ങളും അവരെ പിന്തുണക്കുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യവും ഹൂതി വിമതരും അംഗീകരിച്ചു. 2016ന് ശേഷം ആദ്യമായാണ് യമനിൽ സമ്പൂർണ വെടിനിർത്തലിന് ധാരണയായത്. സൗദിയിലും മറ്റും ഹൂതികളുടെ അപ്രതീക്ഷിത ഡ്രോൺ ആക്രമണങ്ങളുണ്ടാകുന്ന പതിവും സമാധാന കരാറോടെ പര്യവസാനിച്ചു.

ബൈഡൻ, ഷി ജിൻപിങ് സന്ദർശനങ്ങൾ

ജൂലൈ 15നാണ് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ സൗദിയിൽ എത്തുന്നത്. സൗദി ഭരണാധികാരികളുമായും അറബ്, ഗൾഫ് മേഖലയിലെ രാഷ്ട്ര നേതൃത്വങ്ങളുമായും നടന്ന കൂടിക്കാഴ്ചകൾ സന്ദർശനത്തിന്‍റെ ഭാഗമായിരുന്നു. അഞ്ചുമാസത്തിന് ശേഷം ഡിസംബർ ആദ്യത്തിൽ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ് സമാനമായ അജണ്ടകളുമായി വന്നു. ലോകമാധ്യമങ്ങൾ ഇരു സന്ദർശനങ്ങൾക്കും വലിയ പ്രധാന്യമാണ് നൽകിയത്. സാമ്പത്തികവും രാഷ്ട്രീയവുമായ പുതുപ്രവണതകളിൽ പശ്ചിമേഷ്യയുമായി വിടവില്ലാത്ത ബന്ധം അനിവാര്യമാണെന്ന ബോധ്യമാണ് ബൈഡനെയും ഷി ജിങ് പിങിനെയും സന്ദർശനത്തിന് പ്രേരിപ്പിച്ചത്. കോവിഡ് തീർത്ത പ്രതിസന്ധികളും യുക്രൈനിലെ റഷ്യൻ അധിനിവേശത്തോടെ എണ്ണയുടെയും ഭക്ഷ്യവസ്തുക്കളുടെയും വില ഉയരുകയും പണപ്പെരുപ്പ ഭീതി ശക്തമാവുകയും ചെയ്ത സമ്മർദവും അടക്കമുള്ള വിഷയങ്ങൾ ഇരുവരുടെയും സന്ദർശനത്തിലേക്ക് നയിച്ചതായി വിലയിരുത്തപ്പെടുന്നു. സൗദിയിൽ വേനൽക്കാലത്ത് ആദ്യമായാണ് ഒരു യു.എസ് പ്രസിഡൻറ് സന്ദർശനത്തിനെത്തിയത്. ആറ് ഗൾഫ് രാജ്യങ്ങൾ, ഇറാഖ്, ഈജിപ്ത്, ജോർദാൻ എന്നിവയുടെ ഭരണകർത്താക്കൾ എന്നിവർ പങ്കെടുത്ത ജിദ്ദ ഉച്ചകോടിയായിരുന്നു സന്ദർശനത്തിന്‍റെ ഹൈലൈറ്റ്. ‘അമേരിക്ക എങ്ങോട്ടും പോകുന്നില്ല’ എന്ന വാക്കോടെയാണ് ബൈഡൻ ഉച്ചകോടിയിലെ സംസാരം അവസാനിപ്പിച്ചത്. പശ്ചിമേഷ്യയിലെ സുരക്ഷ വിഷയങ്ങളിൽ ഇടപെടൽ തുടരുമെന്നും മറ്റു ലോക ശക്തികളെ ഈ സ്ഥാനത്തേക്ക് അനുവദിക്കില്ലെന്നതിന്‍റെ കൃത്യമായ സൂചനയായിരുന്നു അത്. ചൈന, റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളുടെ പേരെടുത്ത് പറഞ്ഞ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കുകയുമുണ്ടായി. ഇതിന് ശേഷം സൗദിയിലെത്തിയ ചൈനീസ് പ്രസിഡൻറിന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. അറബ്-ചൈനീസ് ഉച്ചകോടിയും ജി.സി.സി-ചൈനീസ് ഉച്ചകോടിയും ഇതോടനുബന്ധിച്ച് നടന്നു. ചൈനയിൽ സുപ്രധാനമായ പാർട്ടി കോൺഗ്രസ് കഴിഞ്ഞയുടനാണ് മൂന്നു ദിവസത്തെ സന്ദർശനത്തിന് പ്രസിഡൻറ് എത്തിച്ചേർന്നത്. അറബ് ലോകവുമായി ബന്ധം ശക്തമാക്കാൻ ചൈനയുടെ ചരിത്രത്തിലെ ഏറ്റവും സുപ്രധാന ശ്രമം എന്ന നിലക്കാണ് മാധ്യമങ്ങൾ സന്ദർശനത്തെ അവതരിപ്പിച്ചത്. പശ്ചിമേഷ്യയിൽ ചൈന സൗഹൃദം തേടുന്നത് അമേരിക്കക്ക് ഭീഷണിയാണെന്നും ചിലർ വിലയിരുത്തി. ഗൾഫിനെ സംബന്ധിച്ച് ബൈഡന്‍റെയും ഷി ജിൻ പിങിന്‍റെയും സന്ദർശനങ്ങൾ വളരെ സുപ്രധാനമായിരുന്നു എന്നതിൽ തർക്കമില്ല.

ജോ ബൈഡൻ ജി.സി.സി ഉച്ചകോടിയിൽ വിവിധ ഗൾഫ് ഭരണാധികാരികൾക്കൊപ്പം


സാമ്പത്തിക രംഗത്തെ ഉണർവും ആശങ്കയും

സാമ്പത്തിക രംഗത്ത് 2022ൽ ജി.സി.സി രാജ്യങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഗൾഫ് മേഖലയിലെ സാമ്പത്തിക വളർച്ച മൊത്ത ആഭ്യന്തര ഉൽപാദനത്തിന്‍റെ(ജി.ഡി.പി) അടിസ്ഥാനത്തിൽ ഏകദേശം ഏഴ് ശതമാനം വരും. കഴിഞ്ഞ ദശാബ്ദത്തിനിടയിലെ ഏറ്റവും വേഗതയേറിയ വളർച്ചയാണിതെന്നാണ് കരുതുന്നത്.

എണ്ണയുൽപാദനവും എണ്ണയിതര മേഖലയിലെ വരുമാനവും വർധിച്ചതാണ് വലിയ വളർച്ചക്ക് മിക്ക രാജ്യങ്ങളെയും സഹായിച്ചത്.

ആഗോളതലത്തിൽ വളർച്ചാ നിരക്ക് കുറഞ്ഞപ്പോഴാണ് ഗൾഫ് മേഖലക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചത്. എന്നാൽ വരും വർഷത്തിൽ വളർച്ചാ നിരക്കിൽ ചെറിയ കുറവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എണ്ണയുൽപാദനം വെട്ടിക്കുറച്ചതും എണ്ണയിതര മേഖലയിലെ സാഹചര്യങ്ങളും ഇതിന് കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു. നിരവധി വികസിത സമ്പദ്‌വ്യവസ്ഥകൾ മാന്ദ്യത്തിലാകുമെന്ന് പ്രവചിക്കപ്പെടുന്ന അടുത്ത വർഷത്തിൽ, ജി.സി.സി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നത് തുടരുമെന്ന് കരുതുന്നു. സാങ്കേതികവിദ്യ മേഖലകളിലും ട്രാവൽ, ടൂറിസം രംഗങ്ങളിലും ഗൾഫ് രാജ്യങ്ങളിൽ വിപുലമായ തൊഴിൽ സാധ്യതകൾ തുറന്ന വർഷമായിരുന്നു 2022. നിർമിത ബുദ്ധി പോലെയുള്ള നവ സാങ്കേതിക മേഖലകളിൽ നിരവധി തൊഴിലവസരങ്ങൾ യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിൽ വരും വർഷങ്ങളിലും പ്രതീക്ഷിക്കപ്പെടുന്നു.

അനലിസ്റ്റ്, സൈബർ സെക്യൂരിറ്റി വിദഗ്ധൻ, വെബ് ഡിസൈനർ, സൈക്കോളജിസ്റ്റ്, റിസർച്ചർ തുടങ്ങിയ പോസ്റ്റുകളിൽ നിയമനങ്ങൾ വർധിക്കും. അതേസമയം മുൻ വർഷങ്ങളെ അപേക്ഷിച്ച് ആരോഗ്യ മേഖലയിൽ തൊഴിൽ സാധ്യത കുറഞ്ഞതായും വിലയിരുത്തപ്പെടുന്നു.

കോവിഡ് മഹാമാരിക്ക് ശേഷം ആരോഗ്യരംഗത്തെ അടിയന്തിര സാഹചര്യം ഇല്ലാതായതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. വൻ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സൗദി അടക്കമുള്ള സ്ഥലങ്ങളിൽ ഇതുമായി ബന്ധപ്പെട്ട മേഖലകളിൽ തൊഴിൽ സാധ്യതകൾ ഏറെയാണ്. ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിലും കോവിഡാനന്തരം സജീവമാകുന്ന വിവിധ മേഖലകളിൽ പ്രവാസികൾക്കും തൊഴിൽ സാധ്യതകൾ തുറക്കപ്പെടും.

വികസനത്തിന്‍റെ ‘ദ ലൈനും’ ഇത്തിഹാദ് റെയിലും

സൗദിയുടെ സമഗ്രപരിവർത്തന പദ്ധതിയായ ‘വിഷൻ 2030’ന് കീഴിൽ ചെങ്കടൽ തീരത്തെ വ്യവസായിക, ടൂറിസം വികസനത്തിന് 2017ൽ പ്രഖ്യാപിച്ച ‘നിയോം’ നിർമാണപ്രവർത്തനങ്ങൾ വേഗത്തിലായ വർഷമാണ് കടന്നുപോകുന്നത്. നിയോമിലെ ‘ദ ലൈൻ’ എന്ന ഭാവിനഗരം നിലവിലെ നഗരസങ്കൽപങ്ങളെ പൊളിച്ചെഴുതുന്ന വിപ്ലവകരമായ രൂപകൽപനയിലാണ് പടുത്തുയർത്തുന്നത്. ഇതിന്‍റെ മൊത്തം രൂപരേഖ പ്രഖ്യാപിക്കപ്പെട്ടത് 2022ലാണ്. 90 ലക്ഷം താമസക്കാരെ ഉൾക്കൊള്ളും ഈ നഗരമെന്നാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. അരലക്ഷം കോടി ഡോളർ ചെലവിട്ട് നിർമിക്കുന്നതാണ് ദ ലൈൻ പദ്ധതി. 2030 വരെയുള്ള ഇതിന്‍റെ ആദ്യ ഘട്ടത്തിൽ 32,000 കോടി ഡോളർ സ്റ്റോക്ക് മാർക്കറ്റിൽനിന്ന് സ്വരൂപിക്കുകയും 530 കോടി മുതൽ 800 കോടി വരെ സർക്കാർ നിക്ഷേപിക്കുകയും ചെയ്യും. മികച്ച നഗരാസൂത്രണവും അത്യാധുനിക ജീവിതസൗകര്യവും ഒരുക്കുന്ന ‘നിയോം’ ലോകചരിത്രത്തിലെ ഏറ്റവും വലിയ നിർമാണ പദ്ധതിയാണെന്നാണ് അവകാശപ്പെട്ടിരിക്കുന്നത്. സുസ്ഥിരതയിലും പുനരുപയോഗിക്കാവുന്ന ഊർജത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ എല്ലാ ഹരിത സംരംഭങ്ങൾക്കും വലിയ സാധ്യതയാണിത് തുറക്കുക. ‘നിയോം’ പദ്ധതി ഗൾഫ് മേഖലയിലാകമാനം വലിയ മാറ്റത്തിന് തന്നെ തിരികൊളുത്തുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ വർഷത്തിൽ ഗതിവേഗംവന്ന ജി.സി.സിയിലെ മറ്റൊരു വൻ വികസനപദ്ധതിയാണ് യു.എ.ഇയിൽ പുരോഗമിക്കുന്ന ഇത്തിഹാദ് റെയിൽ. ഈ പാതയിലൂടെ പാസഞ്ചർ ട്രെയിനുകൾ കൂടി ഓടിക്കുമെന്നത് 2022ൽ പുറത്തുവന്ന പ്രഖ്യാപനമാണ്. നേരത്തെ ചരക്കുനീക്കത്തിന് മാത്രമായി ഉപയോഗിക്കുമെന്നാണ് വെളിപ്പെടുത്തിയിരുന്നത്. 50 ബില്യൺ ദിർഹം ചെലവ് വകയിരുത്തിയ പദ്ധതി പൂർത്തിയാകുന്നതോടെ ദുബൈയിൽനിന്ന് അബൂദബിയിലേക്ക് 50 മിനിറ്റിലും അബൂദബിയിൽനിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും എത്തിച്ചേരാനാകും. 1200 കിലോമീറ്റർ നീളത്തിൽ ഏഴ് എമിറേറ്റുകളിലെ 11 സുപ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് റെയിൽ പദ്ധതി കടന്നുപോകുന്നത്. സൗദി അതിർത്തിയിലെ സില മുതൽ യു.എ.ഇയുടെ കിഴക്കൻ തീരദേശമായ ഫുജൈറ വരെ നീണ്ടുനിൽക്കുന്നതാണ് റെയിൽ. യാത്രകൾ ബുക്ക്ചെയ്യാനും മറ്റു സേവനങ്ങൾക്കും സ്മാർട്ട് ആപ്ലിക്കേഷനുകൾ വികസിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പദ്ധതി യു.എ.ഇയുടെ സമ്പദ്‌വ്യവസ്ഥക്ക് 200 ബില്യൺ ദിർഹം സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തിഹാദ് റെയിൽ ഒമാനിലെ സുഹാർ തുറമുഖവുമായി ബന്ധിപ്പിക്കുന്നതിന് കരാറിൽ ഒപ്പുവെച്ചത് കഴിഞ്ഞ സെപ്റ്റംബറിലാണ്. ഇത് യാഥാർഥ്യമാകുന്നതോടെ ജി.സി.സി രാജ്യങ്ങളെ മുഴുവൻ ബന്ധിപ്പിക്കുന്ന സ്വപ്ന റെയിൽ പദ്ധതിയിലേക്ക് സുപ്രധാന ചുവടുവെപ്പാകും.


നിർമാണം പുരോഗമിക്കുന്ന ഇത്തിഹാദ് റെയിൽപാത


ലോകകപ്പ് അടുപ്പിച്ച ലോകങ്ങൾ

‘ഒരു അറബ് രാഷ്ട്രത്തിന് ലോകകപ്പ് ഫുട്ബാൾ നടത്തി വിജയിപ്പിക്കാനാവുമോ’ എന്ന ചോദ്യം കഴിഞ്ഞ 12 വർഷമായി പലരും ഒളിഞ്ഞും തെളിഞ്ഞും ഉന്നയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിന് ‘ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പാണ് ഖത്തര്‍ സമ്മാനിച്ചത്’ എന്ന ഫിഫ പ്രസിഡൻറിന്‍റെ അംഗീകരത്തോടെയുള്ള ഖത്തറിന്‍റെ മറുപടിയാണ് ഈ വർഷത്തെ ഗൾഫിനെ സംബന്ധിച്ച ഏറ്റവും അവിസ്മരണീയ മുഹൂർത്തം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തിയ ലക്ഷക്കണക്കിന് ഫുട്ബാൾ ആരാധകരെയും ടീമുകളെയും ഏറ്റവും മികച്ച സൗകര്യങ്ങളോടെ സ്വീകരിക്കാൻ ഖത്തറിന് സാധ്യമായി. ഒരർഥത്തിൽ ലോകം മുഴുക്കെ പേർഷ്യൻ ഗൾഫിലെ ഈ കൊച്ചു രാജ്യത്തേക്കും അതുമായി സാംസ്കാരിക ഇഴയടുപ്പം സൂക്ഷിക്കുന്ന അയൽ രാജ്യങ്ങളിലേക്കും കണ്ണുപായിച്ച നാളുകളാണ് കടന്നുപോയത്. കേട്ടറിഞ്ഞ കഥകളിലെ വില്ലൻമാരല്ല അറബ് ലോകമെന്നും ആഥിത്യമര്യാദയുടെയും പങ്കുവെക്കലിന്‍റെയും അതിവിശിഷ്ട ജീവിത മൂല്യങ്ങളുടെയും സുശക്തമായ അടിത്തറയിൽ വളരുന്ന രാജ്യങ്ങളാണതെന്നും ആഗോള സമൂഹം മനസിലാക്കി. പരിമിതികളെ അതിജീവിച്ച അൽഭുതപ്രതിഭ ഗാനിം അൽ മുഫ്തഫയും വിഖ്യാത ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാനും തമ്മിലെ ഉദ്ഘാടന ചടങ്ങിലെ സംഭാഷണം പടിഞ്ഞാറ് നിരന്തരം ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടികൂടിയായിരുന്നു.

അറബ് ലോകത്തിന്‍റെ അഭിമാനവും ഐക്യവും ഉയർത്തിയാണ് ലോകകപ്പിന് പരിസമാപ്തി കുറിച്ചത്. ഗൾഫിന്‍റെ ലോകകപ്പ് എന്ന വികാരത്തോടെ വിവിധ രാജ്യങ്ങൾ ഈ കളി മാമാങ്കത്തിനൊപ്പം ചേർന്നുനിന്നു. ലോകകപ്പിന് എത്തുന്നവരുടെ യാത്രക്ക് ഖത്തർ സജ്ജീകരിച്ച ‘ഹയ്യാ’ കാർഡുമായി സൗദി, യു.എ.ഇ, ഒമാൻ എന്നീ അയൽ രാജ്യങ്ങളും പ്രവേശനത്തിന് അനുമതി നൽകി. സൗദി, ഖത്തറിലേക്ക് തുറക്കുന്ന അതിർത്തിയിൽ സന്ദർശകരെ സ്വീകരിക്കാൻ മികച്ച സജ്ജീകരണങ്ങൾ ഒരുക്കി. ഗൾഫിലെ മിക്ക രാഷ്ട്ര നേതാക്കളും ലോകകപ്പ് ദിനങ്ങളിൽ ഖത്തറിലെത്തി. കളിയാവേശം പരന്നൊഴുകിയ ദിനങ്ങളിൽ തന്നെ ഗൾഫ് രാജ്യങ്ങൾ തമ്മിലെ നയതന്ത്ര ബന്ധവും ശക്തമാവുകയായിരുന്നു. 2017ലെ ഉപരോധത്തിന് ശേഷം ആദ്യമായി യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‍യാൻ ഖത്തർ സന്ദർശിച്ചത് ഇതിൽ സുപ്രധാനമാണ്. ലോകകപ്പിൽ സൗദി അറേബ്യ, മൊറോക്കോ എന്നീ അറബ് ടീമുകളുടെ ഗംഭീര പ്രകടനവും അവിസ്മരണീയമാണ്. അറബ് ലോകത്താകമാനം ആവേശം വിതറിയ ഈ വിജയങ്ങളും ഈ വർഷത്തെ അടയാളപ്പെടുത്തുന്നതാണ്. ലോകത്തിന്‍റെ സവിശേഷ ശ്രദ്ധ നേടിയ എക്സ്പോ 2020 ദുബൈ എന്ന വിശ്വ സാംസ്കാരിക മേളയും ഈയാണ്ടിലെ സുപ്രധാന ചുവടുവെപ്പാണ്. 200ഓളം രാജ്യങ്ങളുടെ പവലിയനുകൾ ഒരുക്കിയ എക്സ്പോ നഗരി, ഇപ്പോഴൊരു നഗരമായി പരിണമിക്കുകയാണ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:2022gulf
News Summary - A year when the world joined the gulf
Next Story