ഗസ്സയിൽനിന്ന് 119 പേരെ യു.എ.ഇയിലെത്തിച്ചു
text_fieldsയു.എ.ഇയിലെത്തിക്കാനായി ഗസ്സയിൽ നിന്നുള്ള രോഗികളെയും ബന്ധുക്കളെയും വിമാനത്തിൽ കയറ്റുന്നു
അബൂദബി: യുദ്ധത്തിന്റെ കെടുതിയിൽ പ്രയാസപ്പെടുന്ന ഗസ്സയിൽ നിന്ന് രോഗികളും പരിക്കേറ്റവരുമായ 119പേരെ യു.എ.ഇയിലെത്തിച്ചു. ഇവരുടെ കുടുംബാംഗങ്ങളും എത്തിച്ചവരിൽ ഉൾപ്പെടും. ലോകാരേഗ്യ സംഘടനയുമായി സഹകരിച്ചാണ് ഇസ്രയേലിലെ റാമൺ വിമാനത്താവളം വഴി ഇവരെ യു.എ.ഇയിലെത്തിച്ചത്. ഗസ്സയിൽ യുദ്ധം ആരംഭിച്ച ശേഷം ഇതിനകം 2904രോഗികളെ യു.എ.ഇയിൽ ചികിൽസക്കായി എത്തിച്ചിട്ടുണ്ട്.
യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് ചികിൽസക്ക് ഗസ്സ നിവാസികളെ എത്തിക്കുന്നത്. രാജ്യത്തെ വിവിധ ആശുപത്രികളിലായി 1000 കാനസർ രോഗികളെയും 1000പരിക്കേറ്റ കുട്ടികളെയും എത്തിച്ച് ചികിൽസിക്കാനാണ് ഉത്തരവിട്ടിരുന്നത്. ഗസ്സയിലെ ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമായ ആരോഗ്യ സേവനങ്ങൾ നൽകുന്നതിലും ദുരിതം ലഘൂകരിക്കുന്നതിനുമുള്ള യു.എ.ഇയുടെ പ്രതിബദ്ധതയെ അടയാളപ്പെടുത്തുന്നതാണ് സംരംഭം.
‘ഗാലന്റ് നൈറ്റ് 3’ പദ്ധതിയുടെ ഭാഗമായി നിരവധി മറ്റു സഹായങ്ങളും യു.എ.ഇ ഗസ്സയിൽ എത്തിക്കുന്നുണ്ട്. ഫലസ്തീൻ ജനതക്ക് യു.എ.ഇ നൽകിവരുന്ന മാനുഷിക സഹായത്തിന്റെ തുടർച്ചയായി ഒമ്പത് സഹായക്കലുകളിൽ ആവശ്യ സാധനങ്ങൾ എത്തിച്ചിട്ടുണ്ട്. ഭക്ഷണം, മെഡിക്കൽ ഉൽപന്നങ്ങൾ, മറ്റു റിലീഫ് വസ്തുക്കൾ എന്നിവയടക്കം ടൺ കണക്കിന് സാധനങ്ങളാണ് കപ്പലുകളിൽ എത്തിക്കുന്നത്.
യു.എ.ഇയിലെ വിവിധ ജീവകാരുണ്യ, മാനുഷിക സ്ഥാപനങ്ങളുടെ സഹകരണത്തിലാണ് സഹായവസ്തുക്കൾ എത്തിക്കുന്നത്. അതോടൊപ്പം ഗസ്സയിലെ ആരോഗ്യ മേഖലക്ക് വലിയ സഹായമാകുന്ന ഫീൽഡ് ആശുപത്രിയും പ്രവർത്തിക്കുന്നുണ്ട്. ഗസ്സയിലെ ജനങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്നതിന് 20 ടാങ്കുകളും എത്തിച്ചിരുന്നു. 2023മുതൽ ഗസ്സയിലേക്ക് യു.എ.ഇ തുടർച്ചയായി സഹായം എത്തിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയും യു.എ.ഇ സഹായട്രക്കുകൾ ഗസ്സയിൽ സഹായം വിതരണം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

