ഗൾഫ് സിനിമ ഫെസ്റ്റിവൽ നവംബർ 16 മുതൽ
text_fieldsമസ്കത്ത്: ഈ വർഷത്തെ ഗൾഫ് സിനിമ ഫെസ്റ്റിവൽ നവംബർ 16 മുതൽ 19 വരെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുമെന്ന് സാംസ്കാരിക-കായിക- യുവജനകാര്യ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി സയ്യിദ് സഈദ് സുൽത്താൻ അൽ ബുസൈദി അറിയിച്ചു. സാംസ്കാരിക-കായിക- യുവജനകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ 26 ഗൾഫ് സിനിമകൾ പ്രദർശനത്തിനെത്തും.
ഫീച്ചർ, ഷോർട്ട്, ഡോക്യുമെന്ററി തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഒമ്പത് അവാർഡുകൾ മേളയിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
സാംസ്കാരിക രംഗത്ത് ഒമാന്റെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെയും പ്രദേശിക തലത്തിലുള്ള സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് മേള സംഘടിപ്പിക്കുന്നത്. ഈ ഫെസ്റ്റിവൽ ഗൾഫ് മേഖലയിൽ സിനിമ പ്രസ്ഥാനങ്ങളെയും പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിലും കലാ-സൃഷ്ടിപരമായ അനുഭവങ്ങൾ പങ്കിടുന്നതിനും അറേബ്യൻ ഗൾഫിന്റെ സാംസ്കാരിക ഐക്യത്തെ സിനിമയിലൂടെ പ്രതിഫലിപ്പിക്കുന്നതിനും പ്രധാന വേദിയായി മാറുമെന്ന് ബുസൈദി പറഞ്ഞു.
ഫീച്ചർ ഫിലിം, ഡോക്യുമെന്ററി ഫിലിം, ഷോർട്ട് ഫിലിം, മ്യൂസിക് സ്കോർ, നടൻ, നടി, തിരക്കഥ, സംവിധായകൻ, ഛായാഗ്രഹണം എന്നീ വിഭാഗങ്ങളിൽ അവാർഡ് നൽകും. ഒമാനിലെയും ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രേമികൾക്കും ഇതൊരു വേദിയാകും. ഗൾഫ് രാജ്യങ്ങളിലെയും കലാകാരന്മാരും സംവിധായകരും എഴുത്തുകാരും സിനിമ മേഖലയിലെ പ്രമുഖരും ഫെസ്റ്റിവലിൽ പങ്കുചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

