ബ്ളാക് ആന്‍റ് വൈറ്റ് ഭവനമൊരുക്കാം
text_fieldsഇന്‍റീരിയര്‍ ഒരുക്കുമ്പോള്‍ ഇഷ്ടമുള്ള നിറമേതെന്ന് ചോദിച്ചാല്‍ മിക്കവരുടെയും ചോയ്സ് കറുപ്പോ വെളുപ്പോ ആയിരിക്കും. വീട്ടിന് ഇന്‍റീരിയര്‍ ഒരുക്കാനാലോചിക്കുമ്പോഴും നമ്മളില്‍ പലരും കൂട്ടുപിടിക്കുന്നത് ഈ നിറങ്ങളെയാണ്.
കറുപ്പിന്‍റെ ചാരുതയും വെളുപ്പിന്‍റെ കുളിര്‍മ്മയും ഒന്നിച്ചാല്‍ വീടിന് ഭംഗി ഇരട്ടിക്കുമെന്നതില്‍ തര്‍ക്കമില്ല. മോഡേണ്‍ കണ്ടമ്പററി സ്റ്റൈലിന് ഏറ്റവും ഇണങ്ങുന്നതാണീ നിറങ്ങള്‍. ഈ രണ്ടു നിറങ്ങളില്‍ ഇന്‍റീരിയര്‍ ഒരുക്കാമെന്നു തോന്നുന്നുവെങ്കില്‍ ശങ്കിച്ചു നില്‍ക്കേണ്ട. ബ്ളാക് ആന്‍റ് വൈറ്റ് തീമാണ് മനസിലെങ്കില്‍ ഇന്‍റീരിയര്‍ വര്‍ക്കിന്‍റെ ആദ്യ ഘട്ടം മുതല്‍ അത് പാലിക്കണം. തറ പണികഴിക്കുമ്പോള്‍ വെള്ളയോ കറുപ്പിനോടു ചേര്‍ന്നതോ കറുപ്പോ നിറമുള്ള ടൈല്‍ ഇടാനും, പെയിന്‍റിങ്ങില്‍ ഈ കോമ്പിനേഷന്‍ കൊണ്ടുവരാനും ശ്രമിക്കണം.
ഒരു ബ്ളാക് ആന്‍റ് വൈറ്റ് ഭവനം ഭംഗിയോടെ ഒരുക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

- ചുവരു മുഴുവനായും കറുപ്പ് നിറം കൊടുക്കുന്ന കാര്യം നമുക്കാലോചിക്കാന്‍ പോലും വയ്യ അല്ളേ. കറുപ്പും നിറം നല്‍കിയാല്‍ അകത്തളത്ത് വെളിച്ചം കുറയുമെന്നത് വാസ്തവം തന്നെയാണ്. അപ്പോള്‍ അടുത്ത വഴി ഒരു ഭിത്തിക്കു മാത്രം കറുപ്പു നിറം നല്‍കുക എന്നതാണ്. വേണമെങ്കില്‍ പെയിന്‍റ് ഒഴിവാക്കി കറുപ്പു പ്രിന്‍റുകളുള്ള വോള്‍പേപ്പറുകള്‍ ഉപയോഗിക്കാം.
- കറുപ്പ്-വെള്ള കോമ്പിനേഷനിലുള്ള ഫര്‍ണിച്ചര്‍, കുഷ്യന്‍സ് എന്നിവ ഉപയോഗിച്ച് അകത്തളത്തിന്‍റെ ഭാവം ബ്ളാക്ആന്‍റ് വൈറ്റിലേക്ക് മാറ്റിയെടുക്കാം.
- നിറമുള്ള കാര്‍പ്പെറ്റുകള്‍, റഗ്ഗുകള്‍ എന്നിവക്കു പകരം വെളുപ്പോ കറുപ്പോ അല്ളെങ്കില്‍ കറുപ്പിനോടൊത്തുപോകുന്ന ചാരക്കളറിലുള്ള കാര്‍പ്പെറ്റോ ഇടാം.

- വെള്ള കര്‍ട്ടനുകളുടെ അടുത്ത് ഒരു കറുപ്പു നിറത്തിലുളള ചാരുകസേരയിട്ടാല്‍ ഉഷാറും. അതുപോലെ കറുപ്പും വെളുപ്പും ഇട കലര്‍ന്ന കര്‍ട്ടനുകള്‍, ബെന്‍ഡുകള്‍ എന്നിവ ജനാലയുടെ ഭംഗിക്കായി തെരഞ്ഞെടുക്കാം.
- റഗ്ഗുകള്‍ ഇന്‍റീരിയറിന്‍റെ പ്രൗഢി കുട്ടുന്നതോടൊപ്പം മോഡേണ്‍ ലുക്ക് നല്‍കുകയും ചെയ്യുന്നുണ്ട്. വെള്ളയോ ചാരനിറമോ ഉള്ള റഗ്ഗിനു മുകളില്‍ ചെറിയൊരു കറുപ്പുനിറത്തിലുള്ള കോഫി ടേബിള്‍ മനസ്സില്‍ വരുന്നുണ്ടെങ്കില്‍ മടിക്കണ്ട. അത് ഇന്‍റീരിയറിന് ഭംഗി കൂട്ടുകയേയുള്ളു.
-
കറുപ്പ്, വെള്ള എന്നീ നിറങ്ങളിലുള്ള ഫോട്ടോ ഫ്രെയിമുകളും ഇപ്പോള്‍ ട്രെന്‍റാണ്.
- വെള്ളനിറമടിച്ച ചുവരില്‍ നിഷേ സ്പേസ് ഉണ്ടെങ്കില്‍ കറുപ്പു നിറമുള്ള ആക്സസറീസ് വെക്കാം.
- കറുത്ത വാള്‍പേപ്പര്‍ ഒട്ടിച്ച ചുവരിനടുത്ത് വെള്ള പൂക്കളോടു കൂടി പോട്ട് ആ സ്പേസിനെ മനോഹരമാക്കും.
- ഇനി ചെറുതും വലുതുമായ ഈ നിറങ്ങളില്‍ത്തന്നെയുള്ള ഡെക്കറേറ്റീവ് പീസുകള്‍ തേടികണ്ടുപിടിക്കുന്നതോടെ ഈ പാറ്റേണില്‍ ഇന്‍റീരിയര്‍ ഒരുക്കുന്നതിന്‍റെ പകുതി കാര്യങ്ങള്‍ കഴിഞ്ഞു. വെള്ള ലാംപ് ഷെയ്ഡുകള്‍ മുറിക്ക് ഭംഗി കൂട്ടന്നതോടൊപ്പം റൊമാന്‍റിക്ക് ലുക്കും നല്‍കും.
- കിടപ്പുമുറികളിലെയും മറ്റും വാഡ്രോബുകളും കാബിനറ്റുകളും വെള്ളനിറമുള്ളതായാല്‍ മുറി അല്‍പം കൂടി വിസ്താരമുള്ളതായി തോന്നും.

- കറുപ്പിനും വെളുപ്പിനുമൊപ്പം ഏതു നിറവും ഇണങ്ങും. കിടപ്പുമുറിയില്‍ കോമ്പിനേഷന്‍ തുടരുകയാണെങ്കില്‍ കറുപ്പിനോടൊപ്പമോ വെപ്പിനോടൊപ്പമോ ചുവപ്പ്, മഞ്ഞ, നീല, പച്ച എന്നീ നിറങ്ങളോ ഇളം നിറങ്ങളോ കലര്‍ന്ന ബെഡ് സ്പ്രെഡ്, ക്വില്‍ട്ട് എന്നിവ ഒരുക്കാം.
- ഉത്സവകാലങ്ങളില്‍ വീടിനല്‍പം അലങ്കാരം ആവശ്യമാണെങ്കില്‍ ഈ കോമ്പിനേഷനെ ഭംഗിയെ ബാധിക്കാത്ത വിധം അതും ചെയ്യാം. ഗോള്‍ഡ്, സില്‍വര്‍, കോപ്പര്‍, ബ്രോണ്‍സ് എന്നീ നിറങ്ങള്‍ കറുപ്പും വെളുപ്പുമായി നന്നായി ചേര്‍ന്നുപോകുന്നവയാണ്. എന്നാല്‍ അതെല്ലാം അധിമാകാതെ സൂക്ഷിക്കണമെന്നു മാത്രം.
ഫെങ് ഷൂയി

നിങ്ങള്‍ ഫെങ് ഷൂയിയില്‍ താല്‍പര്യമുള്ളവരാണോ. എങ്കില്‍ ഈ നിറങ്ങള്‍ എന്തിനെ സൂചിപ്പിക്കുന്നുവെന്ന് നോക്കാം. ഫെങ് ഷൂയി പ്രകാരം കറുപ്പ് നീഗൂഢവും സങ്കീര്‍ണ്ണവുമാണ്. യിന്‍യാങ് കോമ്പിനേഷന്‍ (പരമ്പരാഗത ചൈനീസ് തത്വചിന്ത) പ്രകാരം കറുപ്പ് സ്ത്രീ ശക്തിയും വെളുപ്പ് പുരുഷ ശക്തിയുമാണ് . വിധിയെ സ്വാധീനിക്കുന്നതായി പറയപ്പെടുന്ന പ്രപഞ്ചത്തിലെ സ്ത്രീ തത്വവും പുരുഷ തത്വവും ചേര്‍ന്നതാണ് ഈ കോമ്പിനേഷന്‍.
കറുപ്പ് ഇടങ്ങള്‍ക്ക് ആഴവും ദൃഢതയും സ്പഷ്ടതയും നല്‍ക്കുന്നു. വെളുപ്പ് വിശുദ്ധിയുടെയും ശുദ്ധതയുടെയും നിറമായാണ് കരുതപ്പെടുന്നത്. ഒരു കാര്യത്തിന് വ്യക്തമായ ആരംഭവും അവസാനവും വെളുപ്പു നല്‍കുന്നുണ്ട്. വ്യക്തതയും ഉന്മേഷവും ഈ നിറം നല്‍കുന്നു. എന്നാല്‍ താരതമ്യേന ശക്തി കൂറവായതിനാല്‍ മറ്റു നിറങ്ങളോടു കൂടിച്ചേരേണ്ടതുണ്ട്. മിക്ക നിറങ്ങളും കറുപ്പും വെള്ളയുമായി ചേരുന്നു. മറ്റു നിറങ്ങളുമായി ഈ നിറങ്ങള്‍ സന്തുലിതമാകണമെന്നു മാത്രമേയുള്ളു. കറുപ്പും വെളുപ്പും നിറങ്ങളുടെ ഭംഗിയില്‍ കുളിച്ചു നില്‍ക്കുന്ന വീടിന് ഏതു കാലത്തും ആരാധകരുണ്ട്. അതുകൊണ്ട് തന്നെ ഈ നിറങ്ങള്‍ വെച്ചുള്ള പരീക്ഷണങ്ങള്‍ തീരുന്നില്ല.
തയാറാക്കിയത്: അഞ്ജു ദാസ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.