ആര്‍ക്കും ഒന്നിനും സമയം തികയാത്ത കാലമാണിത്. പ്രകൃതിയെ മാത്രമല്ല ചുറ്റുപാടിനെയും മറന്ന് തന്നിലൊതുങ്ങാന്‍ മാത്രമാണ് സമയം അനുവദിക്കുന്നത്. വീട് അല്ളെങ്കില്‍ മറ്റേതെങ്കിലും ഒരു നിര്‍മിതിക്ക് പദ്ധതിയിടുമ്പോള്‍ പരമാവധി കുറഞ്ഞ സമയത്തിനുള്ളില്‍ അതെങ്ങനെ പൂര്‍ത്തീകരിക്കാമെന്നാണ് ചിന്ത. പരിസ്ഥിതി ചൂഷണം, പ്രകൃതി സൗഹൃദം എന്നിവക്കൊന്നും പ്രധാന്യം നല്‍കാറില്ല. ഒരോ നിര്‍മിതി നടക്കുമ്പോഴും പരിസ്ഥിതിയില്‍ ചില ശോഷണങ്ങള്‍ സംഭവിക്കാറുണ്ട്. നിര്‍മിതിയെന്നത് മനുഷ്യന്‍്റെ ആവശ്യമാകുമ്പോള്‍ പ്രകൃതിയെ സന്തുലിതമായി നിലനിര്‍ത്തുക എന്നത് അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ പരിസ്ഥിതി ചൂഷണം പരമാവധി കുറച്ചുള്ള നിര്‍മാണ ശൈലിക്ക് പ്രധാന്യം നല്‍കാം. പ്രകൃതി സൗഹൃദ നിര്‍മിതിക്കായി ബദല്‍ നിര്‍മാണ ശൈലികളെ കൂട്ടുപിടിക്കാവുന്നതാണ്.
പ്രകൃതിയെ കൂട്ടുപിടിക്കാം
വീട് നിര്‍മിക്കുമ്പോള്‍ പ്രകൃതിയെ പരമാവധി ഉള്‍കൊണ്ടു ചെയ്യുന്നതാണ് നല്ലത്. വീട് നിര്‍മിക്കുന്ന പ്ളോട്ടിലുള്ള സകല മരങ്ങളും വേരോടെ പിഴുതു മാറ്റി സ്ഥലം നിരപ്പാക്കുന്ന ഏര്‍പ്പാട് മാറ്റി, വീടു നില്‍ക്കുന്ന ഇടത്തെ മരങ്ങള്‍ മാത്രം മാറ്റാം. സൂര്യപ്രകാശം ധാരാളം കടന്നു വരുന്ന രീതിയിലുള്ള നിര്‍മിതിയായാല്‍ കൃത്രിമ വെളിച്ചങ്ങളെ അകത്തളങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താം. വെളിച്ചം മാത്രമല്ല, ശുദ്ധവായുവിനെയും വീടിനകത്തേക്ക് കൂട്ടാം.
വീടിന്‍റെ പരിസരം ഇന്‍റര്‍ലോക്കുകളോ യാര്‍ഡ് ടൈലുകളോ പാകി വെടിപ്പായിരിക്കണമെന്ന നിര്‍ബന്ധം മാറ്റി, വേപ്പ് പോലുള്ള മരങ്ങള്‍ വെച്ചു പിടിപ്പിച്ചല്‍ നല്ല ശുദ്ധവായു ശ്വസിച്ച് ജീവിക്കാം. കിണറിനായി സ്ഥലം കൂടുതല്‍ ചെലവഴിക്കണമെന്നതിനാല്‍ കുഴല്‍കിണര്‍ കുഴിക്കുന്നവരാണ് കൂടുതല്‍. എന്നാല്‍ ഭൂഗര്‍ഭ ജലത്തെ വലിച്ചൂറ്റാതെ ഭൂമിയുടെ ഉപരിതലത്തിലുള്ള ജലസ്രോതസിനെ ഉപയോഗപ്പെടുത്തണം. യഥേഷ്ടം വെളിച്ചവും വായുവും ജലവും ലഭിച്ചാല്‍ വൈദ്യുതി ഉപയോഗം താരതമ്യേന കുറയും.
ഫലപ്രദമായി രൂപകല്‍പന ചെയ്യാം
വീട് രൂപകല്‍പന ചെയ്യുമ്പോള്‍ സൗന്ദര്യത്തിനു മാത്രം മുന്‍ഗണന നല്‍കാതിരിക്കുക. വീടിലെ പ്രധാന ഇടങ്ങള്‍ മള്‍ട്ടി സ്പേസ് ആക്കി രൂപകല്‍പന ചെയ്താല്‍ നിര്‍മിതിക്ക് ഉപയോഗിക്കുന്ന ഉല്‍പന്നങ്ങള്‍ താരതമ്യേന കുറക്കാവുന്നതാണ്. വലിയ ഏരിയയില്‍ ലിവിങ് സ്പേസ് ഡിസൈന്‍ ചെയ്താല്‍ അതിന്‍റെ ഒരു കോര്‍ണര്‍ റീഡിങ് റൂം ആയി ഉപയോഗിക്കാം. ഡൈനിങ് സ്പേസ് മുഴുവനായും ചുമര്‍ വെക്കാതെ ഹാഫ് വാള്‍ ഉപയോഗിച്ച് മറയ്ക്കുന്നതും നല്ലതാണ്. മുകളിലെ നില കോണ്‍ക്രീറ്റ് ചെയ്യുന്നതിനു പകരം ഓടു മേയുകയോ ഫെറോ സിമന്‍്റ് ഉപയോഗിച്ച് നിര്‍മിക്കുകയോ ചെയ്യുന്നതും ഗുണപ്രദമാണ്. ഇതെല്ലാം ഉല്‍പന്നങ്ങളുടെ ചെലവ് കുറക്കുന്നതോടൊപ്പം നിര്‍മാണത്തിനുള്ള പണചെലവും കുറക്കും.
ഉല്‍പന്നങ്ങളുടെ ഉപഭോഗം കുറക്കാം
കോണ്‍ക്രീറ്റ് മേല്‍ക്കൂരക്ക് മുകളില്‍ വാട്ടര്‍ ടാങ്ക് വെക്കാന്‍ ഇഷ്ടികകള്‍ കൊണ്ട് കെട്ടിയുര്‍ത്തുന്നത് എന്തിനാണ്? ഇത്തരം അധിക പണികള്‍ ഒഴിവാക്കി ഉല്‍പന്നങ്ങള്‍ ലാഭിക്കാം. മേല്‍ക്കൂരക്ക് മുകളില്‍ ഗോപുര ശൈലിയിലും ത്രികോണ ശൈലിയിലും മറ്റുമുള്ള അലങ്കാരങ്ങള്‍ ഒഴിവാക്കിയാല്‍ ഇഷ്ടികയും, അത് തേച്ചു പിടിപ്പിക്കാനുള്ള മണലും സിമന്‍്റും പണികൂലിയും ലാഭിക്കാവുന്നതാണ്. സണ്‍ഷേഡുകളില്‍ അലങ്കാരങ്ങള്‍ നടത്തുന്നതും ഒഴിവാക്കാം.
പുതിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളുക
ആര്‍ക്കിടെക്ചര്‍ മേഖലയില്‍ ദിനംപ്രതി പുതിയ ശൈലിയും ആശയങ്ങളും പ്രചരിച്ചു കൊണ്ടിരിക്കുന്നു. ബദല്‍ ശൈലികളെ സ്വീകരിക്കുന്നവരും കുറവല്ല. പ്രകൃതിയോട് ഇണങ്ങുന്നതും ബജറ്റിന് ചേരുന്നതിനുമായ ഡിസൈനുകള്‍ തെരഞ്ഞെടുക്കുന്നത് ശ്രദ്ധിച്ചാല്‍ നല്ലതാണ്.