നമ്മളുകൊയ്യും മഴയെല്ലാം.....
text_fieldsചുട്ടുപൊള്ളുന്ന വേനലില്‍ ശുദ്ധജലത്തിനായി മലയാളികള്‍ പരക്കംപായുമ്പോള്‍ ദൈവം ചിരിക്കുന്നുണ്ടാകും. കാരണം മഴ വഴി അത്രമേല്‍ ശുദ്ധജലം നമുക്ക് വര്‍ഷിച്ചുതന്നിട്ടും അനാസ്ഥയും മടിയും കാരണം അത് പാഴാക്കിയശേഷമാണല്ളോ ഈ നെട്ടോട്ടം. ഇടവപ്പാതിയും തുലാവര്‍ഷവുമൊക്കെയായി വിളയുന്ന മഴത്തുള്ളിക്കിലുക്കം കൊയ്താലും കൊയ്താലും തീരാത്ത വിളവുതന്നെയാണ് കേരളത്തില്‍. പൊയ്തുവീണ്, അറബിക്കടല്‍ പൂകുന്ന മഴവെള്ളത്തില്‍ കുറച്ചെങ്കിലും കരുതിവെക്കണമെന്ന് അടുത്ത കാലത്തായി നാം ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.
ജൈവ-രാസമാലിന്യങ്ങള്‍ കലരാത്ത മഴവെള്ളം ഏറ്റവും ശുദ്ധമായ കുടിവെള്ള സ്രോതസ്സാണ്. ഇത്തിരിവട്ടം മണ്ണിലോ വീടിനുമേലെയോ പതിക്കുന്ന ചെറിയൊരംശം മതിയാകും ഒരു കുടുംബത്തിന് ഒരു വേനല്‍ മുഴുവന്‍ ജലസമൃദ്ധമായി ജീവിക്കാന്‍. ശരാശരി 3000 മില്ലി ലിറ്റര്‍ മഴ ലഭിക്കുന്ന കേരളത്തില്‍ 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടിന്‍െറ മേല്‍ക്കൂരയില്‍ നിന്ന് വര്‍ഷം മൂന്നുലക്ഷം ലിറ്റര്‍ വെള്ളം കിട്ടും. ഈ വെള്ളം 1000 ചതുരശ്ര അടി സ്ഥലത്ത് ശേഖരിച്ചുവെച്ചാല്‍ മൂന്നുമീറ്റര്‍ ഉയരംവരും. പ്രതിദിനം 60 ലിറ്റര്‍ വീതം അഞ്ച് അംഗങ്ങളുള്ള വീട്ടില്‍ ഉപയോഗിക്കാന്‍ 1,09,500 ലിറ്റര്‍ മതി. ഇപ്പോള്‍ പുതിയ വീടുകളില്‍ മഴവെള്ള സംഭരണികള്‍ വേണമെന്ന് നിയമമുണ്ട്.
മഴവെള്ളം എങ്ങനെ സംഭരിക്കാം
ടെറസോ ഓടിട്ടതോ ഷീറ്റ് മേഞ്ഞതോ ആയ ഏതുതരം മേല്‍ക്കൂരയില്‍ നിന്നും മഴവെള്ളം എളുപ്പത്തില്‍ സംഭരിക്കാം. മേല്‍ക്കൂരയില്‍ പതിക്കുന്ന മഴവെള്ളം പാത്തികളിലൂടെ ഒഴുകി, അരിപ്പയിലൂടെ കടത്തിവിട്ട് ടാങ്കിലത്തെിക്കുന്നു. വ്യാസം കൂടിയ പി.വി.സി പൈപ്പ് നെടുകെ പിളര്‍ന്ന് പാത്തിയാക്കാം.
മൂന്നുപാളി അരിപ്പയിലൂടെ അരിച്ചതിനുശേഷമാണ് വെള്ളം ടാങ്കിലത്തെുക. കരിങ്കല്‍ കഷണങ്ങള്‍ ചിരട്ടക്കരി, മണല്‍ എന്നിവയാണ് അരിപ്പയില്‍ ഉപയോഗിക്കുക. ഖരമാലിന്യങ്ങളും മലിന വാതകങ്ങളും ഈ പ്രക്രിയയിലൂടെ ഒഴിവാക്കും. വൃത്തികേടായി കിടക്കുന്ന മേല്‍ക്കൂര കഴുകിവരുന്ന സീസണിലെ ആദ്യ മഴവെള്ളം പുറത്തുകളയണം. പിന്നീട് വരുന്ന വെള്ളമാണ് സംഭരിക്കുക. ഇതിനായി ടാങ്കിലേക്കുള്ള പൈപ്പ് തുടങ്ങിന്നിടത്ത് ഒരു പൈപ്പും വാല്‍വും വെച്ചാല്‍ ആദ്യത്തെ മഴവെള്ളം പുറത്തേക്ക് കളയാം.
ഫെറോസിമന്‍റ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന സംഭരണികളാണ് ഇതിന് ചെലവുകുറഞ്ഞതും മികച്ചതുമായ മാര്‍ഗം.
കനം കുറഞ്ഞ കമ്പിവലക്ക് രണ്ടുവശത്തുമായി കട്ടികൂടിയ സിമന്‍റ് + മണല്‍ മിശ്രിതം ഉപയോഗിച്ചാണ് ഫെറോസിമന്‍റ് ടാങ്കുകള്‍ നിര്‍മിക്കുക. ‘ഫെറോസിമന്‍റ്’ എന്നത് പ്രത്യേക പദാര്‍ഥമാണെന്ന് പരക്കെ തെറ്റിദ്ധാരണയുണ്ട്. പരിശീലനം ലഭിച്ചാല്‍ ഇത്തരം ടാങ്കുകള്‍ നിര്‍മിക്കല്‍ ഏളുപ്പമാണ്. പൂര്‍ണമായോ ഭാഗികമായോ മണ്ണിനടിയിലോ പൂര്‍ണമായി തറനിരപ്പിന് മുകളിലോ ടാങ്ക് നിര്‍മിക്കാം.
10,000 ലിറ്റര്‍ ശേഷിയുള്ള ഫെറോസിമന്‍റ് സംഭരണി നിര്‍മിക്കാന്‍ 20 ചാക്ക് സിമന്‍റ്, 1.60 ഘനമീറ്റര്‍ മണല്‍, കരിങ്കല്‍ കഷണം (20 എം.എം) ഒന്നര ഘനമീറ്റര്‍,എട്ടു എം.എം കമ്പി 40 കിലോ, 27 ചതുരശ്ര മീറ്റര്‍ വെല്‍ഡഡ് മെഷ്, 70 ചതുരശ്ര മീറ്റര്‍ ചിക്കന്‍മെഷ് (12 എം.എം കോഴിവല), 250 ഇഷ്ടിക എന്നിവ വേണ്ടിവരും. പ്ളാസ്റ്റിക്, കോണ്‍ക്രീറ്റ്, ഫൈബര്‍ ടാങ്കുകളും ഉപയോഗിക്കാം. താരതമ്യേന ചെലവു കൂടുമെന്ന് മാത്രം.
സംഭരണികളില്‍ ശേഖരിക്കുന്ന മഴവെള്ളം ആറേഴുമാസത്തോളം ഗുണമേന്മ കുറയാതെ കാക്കാം. സൂര്യപ്രകാശവും വായു സഞ്ചാരവും ടാങ്കിനുള്ളില്‍ പരിമിതമായതിനാല്‍ സൂക്ഷ്മ ജീവികളുടെ വളര്‍ച്ച കാര്യമായി ഉണ്ടാകില്ല. കിണര്‍വെള്ളത്തോളവും ചിലയിടങ്ങളില്‍ അതിനേക്കാളും ശുദ്ധമാണ് സംഭരണികളിലെ വെള്ളമെന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ചെലവ്
10,000 ലിറ്റര്‍വരെ ശേഷിയുള്ള ടാങ്ക് നിര്‍മിക്കുന്നതാണ് ഉചിതം. സിമന്‍റിനും കമ്പിക്കും മണലിനും നിലവിലുള്ള മാര്‍ക്കറ്റ് വിലയനുസരിച്ച് നിര്‍മാണച്ചെലവ് വ്യത്യാസപ്പെടും. ഒരു ലിറ്ററിന് 3.50 രൂപ മുതല്‍ 4.00രൂപവരെയാണ് ഏകദേശ നിര്‍മാണചെലവ്. ടാങ്ക് മണ്ണിനടിയിലാണെങ്കില്‍ കുറച്ചുകൂടി ചെലവുകുറയും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഫെറോസിമന്‍റ് ടാങ്കുകളാണ് നല്ലത്. ഇഷ്ടിക ഉപയോഗിച്ചും നിര്‍മിക്കാം. ചെലവ് കൂടും. കോഴിവല (ഇരുമ്പ് വയര്‍മെഷ്) ആണ് ഉത്തമം. ടാങ്കിലെ പാര്‍ശ്വങ്ങളില്‍ വെള്ളം ഉണ്ടാക്കുന്ന മര്‍ദത്തെ എല്ലാ ഭാഗത്തേക്കും വിതരണം ചെയ്യാന്‍ ഈ വലക്കു കഴിയും. വൃത്താകൃതിയില്‍ പണിതാല്‍ ടാങ്കിനുള്ളിലെ ജല മര്‍ദം തുല്യമായി നിറുത്താന്‍ കഴിയും
കമ്പിവല, കമ്പി എന്നിവ തുരുമ്പെടുക്കാത്തതാണെന്ന് ഉറപ്പുവരുത്തുക.
വലിയ മരങ്ങളുടെ വേരുകള്‍ ടാങ്കിന് വിള്ളലുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇവയുടെ സമീപത്ത് നിര്‍മിക്കാതിരിക്കുക.
ടാങ്കില്‍ ശേഖരിച്ചവെള്ളം ടാപ്പുകളിലൂടെ പുറത്തെടുക്കാം.
ടാങ്ക് എപ്പോഴും മൂടിയിരിക്കാന്‍ ശ്രദ്ധിക്കണം.
മഴക്കാലം തുടങ്ങുംമുമ്പ് ടാങ്ക് നന്നായി കഴുകി വൃത്തിയാക്കണം.
അരിപ്പയിലെ മണല്‍, ചരല്‍, കരി എന്നിവ ഓരോ വര്‍ഷവും മാറ്റിനിറക്കണം.
ആദ്യത്തെ മഴക്കുശേഷം മേല്‍ക്കൂര നല്ലവണ്ണം അടിച്ചു വൃത്തിയാക്കണം.
കാര്‍ഷിക ആവശ്യങ്ങള്‍ക്കും മറ്റും കുളങ്ങള്‍ നിര്‍മിച്ച് സില്‍പ്പോളിന്‍ പ്ളാസ്റ്റിക് വിരിച്ച് മഴവെള്ളം സംഭരിക്കുന്നത് ഏറെ ചെലവുകുറഞ്ഞ മാര്‍ഗമാണ്.
............................................
മഴവെള്ള സംഭരണം സംബന്ധിച്ച് ഉപദേശവും
പിന്തുണയും നല്‍കുന്ന സ്ഥാപനങ്ങള്‍
ജലനിധി
മൂന്നാംനില, പി.ടി.സി ടവേഴ്സ്,
തമ്പാനൂര്‍ തിരുവനന്തപരും.
ഫോണ്‍: 0471 2327550, 2337006. http://www.jalanidhi.kerala.gov.in/
സി.ഡബ്ള്യു.ആര്‍.ഡി.എം
കുന്ദമംഗലം, കോഴിക്കോട്.
ഫോണ്‍: 0495 2355864
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
