സയൻസ് ഫിക്ഷനല്ല, ഇത് യാഥാർഥ്യം; എ.ഐയും ഐ.ഒ.ടിയും മാറ്റിയെഴുതുന്ന ഭാവിയിലെ 'സ്മാർട്ട് വീടുകൾ'
text_fieldsസയൻസ് ഫിക്ഷൻ സിനിമകളിൽ കണ്ടിരുന്ന സ്വയം പ്രവർത്തിക്കുന്ന വീടുകൾ ഇന്ന് യാഥാർഥ്യമാവുകയാണ്. മനുഷ്യ സാന്നിധ്യമില്ലാതെ കാര്യങ്ങൾ മനസ്സിലാക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന സ്മാർട്ട് വീടുകളുടെ ലോകത്താണ് ഇന്ന് നാം.
എന്താണ് ഐ.ഒ.ടി (IoT), എ.ഐ
ഇന്റർനെറ്റ് ഓഫ് തിങ്‌സ് (IoT) എന്നത് ഇന്റർനെറ്റ് വഴി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഉപകരണങ്ങളുടെ ഒരു ശൃംഖലയാണ്. ബൾബുകൾ, ഫാൻ, എ.സി, ഫ്രിഡ്ജ്, ടി.വി, ഡോർ ലോക്കുകൾ മുതൽ സുരക്ഷാ ക്യാമറകൾ വരെ ശൃംഖലയുടെ ഭാഗമാകാം. ഉപകരണങ്ങൾ പരസ്പരം ആശയവിനിമയം നടത്തുകയും വിവരങ്ങൾ കൈമാറുകയും ചെയ്യുന്നു.
സുരക്ഷയുടെ പുതിയ മുഖം
സ്മാർട്ട് ഹോമുകളുടെ വലിയ ആകർഷണം സുരക്ഷയാണ്. എ.ഐ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്മാർട്ട് ക്യാമറകൾക്ക് വീട്ടിലെ അംഗങ്ങളെയും അപരിചിതരെയും മൃഗങ്ങളെയും വേർതിരിച്ച് തിരിച്ചറിയാൻ കഴിയും. ആരെങ്കിലും അതിക്രമിച്ചു കടക്കാൻ ശ്രമിച്ചാൽ ഉടൻ വീട്ടുടമസ്ഥന്റെ മൊബൈൽ ഫോണിലേക്ക് വിഡിയോ സഹിതം മുന്നറിയിപ്പ് സന്ദേശം എത്തും. സ്മാർട്ട് ലോക്കുകൾ ഉപയോഗിച്ച് ലോകത്തിന്റെ ഏത് കോണിലിരുന്നും മൊബൈൽ ആപ്പ് വഴി വീടിന്റെ വാതിലുകൾ തുറക്കാനും അടക്കാനും സാധിക്കും.
ഊർജ്ജ സംരക്ഷണം-സാമ്പത്തിക ലാഭവും
സ്മാർട്ട് ഹോമുകളിൽ മോഷൻ സെൻസറുകളുടെ സഹായത്തോടെ മുറിയിൽ ആളുണ്ടോയെന്ന് തിരിച്ചറിയുകയും ആളില്ലെങ്കിൽ തനിയെ ഓഫ് ആകുകയും ചെയ്യുന്നു. സോളാർ പാനലുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്മാർട്ട് സിസ്റ്റങ്ങൾക്ക് വീടിന്റെ ഊർജ്ജ ഉപയോഗം കാര്യക്ഷമമാക്കാൻ സാധിക്കും. ഇത് സാമ്പത്തിക ലാഭവും ഊർജ്ജ സംരക്ഷണവും ഉറപ്പാക്കും.
ദൈനംദിന ജീവിതവും
എ.ഐ വോയ്‌സ് അസിസ്റ്റന്റുകളായ ഗൂഗിൾ ഹോം, ആമസോൺ അലക്സ, ആപ്പിൾ ഹോംപോഡ് എന്നിവ വീടുകളിലെ പ്രധാന നിയന്ത്രണ കേന്ദ്രങ്ങൾ. ശബ്ദം ഉപയോഗിച്ച് നിർദേശങ്ങൾ നൽകുന്നതിലൂടെ വീടിനുള്ളിലെ പല ജോലികളും ലഘൂകരിക്കാം.
സ്മാർട്ട് കിച്ചണും വിനോദവും
സ്മാർട്ട് കിച്ചണുകൾ ഇന്നത്തെ ജീവിതത്തിൽ വലിയൊരു ആശ്വാസമാണ്. സ്മാർട്ട് ഫ്രിഡ്ജുകൾ ഉള്ളിലെ സാധനങ്ങളുടെ അളവ് പരിശോധിച്ച്, തീരാറായ പച്ചക്കറികളുടെയും മറ്റും ലിസ്റ്റ് നമ്മുടെ മൊബൈലിലേക്ക് അയക്കും. സ്മാർട്ട് എന്റർടൈൻമെന്റ് സിസ്റ്റങ്ങൾ നമ്മുടെ അഭിരുചികൾക്കനുസരിച്ച് സിനിമകളും പാട്ടുകളും നിർദേശിക്കുകയും മുറിയിലെ വെളിച്ചവും ശബ്ദക്രമീകരണവും മാറ്റുകയും ചെയ്യും.
രോഗികളുടെ പരിചരണം
പ്രായമായവർക്കും രോഗികൾക്കും സുരക്ഷിതമായി താമസിക്കാൻ അനുയോജ്യമായ അന്തരീക്ഷം സ്മാർട്ട് ഹോമുകൾ ഒരുക്കുന്നു. അവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാനും ഹൃദയമിടിപ്പിലോ ശ്വാസോച്ഛ്വാസത്തിലോ മാറ്റങ്ങൾ വന്നാൽ ആശുപത്രികളിലേക്കും ബന്ധുക്കൾക്കും സന്ദേശം നൽകാനും സ്മാർട്ട് വെയറബിൾ ഡിവൈസുകൾക്ക് സാധിക്കും.
സാങ്കേതികവിദ്യ വികസിക്കുന്നതിനനുസരിച്ച് നിലവിലെ പോരായ്മകൾ പരിഹരിക്കപ്പെടുകയും ഉപകരണങ്ങളുടെ വില സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന രീതിയിൽ കുറയുകയും ചെയ്യും. കേവലം മനുഷ്യന്റെ കമാൻഡുകൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിന് പകരം, മനുഷ്യന്റെ ജീവിതരീതികൾ മുൻകൂട്ടി മനസിലാക്കി സ്വയം പ്രവർത്തിക്കുന്ന ഒരു സമ്പൂർണ ആവാസവ്യവസ്ഥയായി നമ്മുടെ വീടുകൾ മാറുന്ന കാലം അതിവിദൂരമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

