മൂളിപ്പാട്ടു പോലൊരു വീട്; ബജറ്റ് ഒമ്പതു ലക്ഷം
text_fields- ലൊക്കേഷൻ- തിരൂർ
- ഏരിയ- 930 ചതുരശ്രയടി
- ഓണർ ആൻറ് ഡിഡൈൻ- നൗഷാദ്
- ചെലവ്-ഒമ്പത് ലക്ഷം
മലപ്പുറം തിരൂർ പച്ചാട്ടിരി സ്വദേശിയും ഗായകനുമായ നൗഷാദിെൻറ പുതിയ വീടാണ് നാട്ടിലിപ്പോൾ സംസാരവിഷയം. പണം ധൂർത്തടിക്കാതെ എങ്ങനെ മനോഹരവും സൗകര്യങ്ങളുമുള്ള വീട് നിർമിക്കാം എന്നതിന് ഉദാഹരണമാണ് ഈ വീട്. സ്റ്റേജ് പരിപാടികൾക്കായി പലപ്പോഴും വിദേശരാജ്യങ്ങളൊക്കെ പോകാൻ കഴിഞ്ഞിട്ടുണ്ട്. അവിടെയൊക്കെ ചെലവു കുറഞ്ഞതും മനോഹരവുമായ വീടുകളുണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. അതുതന്നെയാണ് ഇത്തരത്തിലുള്ള വീട് നിർമിക്കാനുള്ള പ്രേരണയെന്ന് നൗഷാദ് പറയുന്നു.
വീടിൻെറ പ്ലാനും 98 ശതമാനം ജോലികളും ഇൻറീരിയർ ഡിസൈനിങ്ങുമെല്ലാം നിർവഹിച്ചത് നൗഷാദ് തന്നെയാണ്. വേനൽക്കാലവും മഴക്കാലവും കാത്തിരുന്ന് മൂന്നു വർഷത്തോളമെടുത്താണ് വീട് പൂർത്തിയാക്കിയത്. വെറും ഒമ്പതു ലക്ഷത്തോളമാണ് ആകെ ചെലവ്.
എട്ടുസെൻറിൽ 930 ചതുരശ്രയടിയിൽ രണ്ടു കിടപ്പുമുറി, സ്വീകരണമുറി, ഡൈനിങ് ഹാൾ, ബാത്റൂം, അടുക്കള, വർക്ക് ഏരിയ എന്നിവ ഉൾക്കൊള്ളിച്ചാണ് വീട്. ഇതിനു പുറമെ ടഫൻഡ് ഗ്ലാസ് കൊണ്ട് ചെറിയ സിറ്റൗട്ടും മേൽക്കൂരയിൽ വീഴുന്ന മഴവെള്ളം ശേഖരിക്കാനുള്ള സ്ഥലവും വീടിൻെറ മുൻഭാഗത്തുണ്ട്. വീടിനകത്തേക്ക് കയറാനായി ഇതിനു മുകളിലൂടെ നടപ്പാലം നൽകിയിട്ടുണ്ട്.
കോൺക്രീറ്റിൻെറ ഉപയോഗം കാര്യമായിതന്നെ കുറക്കാൻ സാധിച്ചിട്ടുണ്ട്. മേൽക്കൂരയിൽ അലുമിനിയം ട്രഫോൾഡ് ഷീറ്റും വിരിച്ചു. അഞ്ചു മില്ലിമീറ്റർ കനമുള്ളതിനാൽ മഴപെയ്യുമ്പോൾ അകത്തേക്ക് ശബ്ദമൊന്നും കേൾക്കില്ല. ചൂടിനെ പ്രതിരോധിക്കാൻ ട്രസ് റൂഫിന് താഴെ ആറടി അകലമിട്ടാണ് വിബോർഡ് കൊണ്ട് ഫോൾസ് സീലിങ് ചെയ്തത്.എയർ ഗ്യാപ് ഉള്ളതുകൊണ്ട് അകത്തളത്തിൽ ചൂട് അനുഭവപ്പെടുന്നില്ല.
വുഡൻ ഫിനിഷുള്ള ടൈലുകളാണ് നിലത്തു വിരിച്ചത്. അകത്തളത്ത് വുഡൻ -ഐവറി നിറങ്ങളുടെ സമന്വയമാണ് കാണാൻ കഴിയുക.
തടിയുടെ അമിതോപയോഗവും ഒഴിവാക്കി. ഫൈബർ വാതിലാണ് അകത്തളങ്ങളിൽ ഉപയോഗിച്ചത്. പ്ലൈവുഡ് ഫിനിഷിലുള്ള ഫർണിച്ചറും തെരഞ്ഞെടുത്തു.
ഫെറോസിമൻറ് സ്ലാബിൽ മറൈൻ പ്ലൈ ഒട്ടിച്ചാണ് കിച്ചൻ കബോർഡുകൾ. കിടപ്പുമുറിയിലെ വാഡ്രോബുകളും ഇങ്ങനെ ഒരുക്കി. ഇതെല്ലാം ബജറ്റ് കുറച്ച ഘടകങ്ങളായി.
വീട് നിർമിക്കുമ്പോൾ കൂട്ടുകാരുടെയും നാട്ടുകാരുടെയും അടുത്തുനിന്ന് നിരുത്സാഹപ്പെടുത്തൽ ഏറെ കേൾക്കേണ്ടിവന്നിരുന്നു നൗഷാദിന്. എന്നാൽ, വീടുതാമസം കഴിഞ്ഞതിനുശേഷം വീട്ടിൽ വിരുന്നുകാരുടെ ബഹളമാണ്. ദിവസവും അഞ്ചു കുടുംബമെങ്കിലും വീട് കാണാനെത്തും. ഈ വീടിനെ മാതൃകയാക്കി പലരും വീടുണ്ടാക്കാൻ തയാറെടുക്കുന്ന സന്തോഷത്തിലാണ് നൗഷാദിപ്പോൾ.
പ്ലാൻ
(മാധ്യമം ‘കുടുംബം’ മാഗസിനിൽ പ്രസിദ്ധീകരിച്ചത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.